Sub Lead

വയനാട് ദുരന്തം: സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാവും-എസ് ഡിപിഐ

വയനാട് ദുരന്തം: സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാവും-എസ് ഡിപിഐ
X

തിരുവനന്തപുരം: ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായ വയനാടിന്റെ അതിജീവനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാവാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അഞ്ഞൂറോളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കപ്പെടുകയും ചെയ്ത ദാരുണസംഭവത്തിനാണ് നാം സാക്ഷിയായത്. പ്രളയമുള്‍പ്പെടെയുള്ള മുന്‍കാല ദുരന്തങ്ങളില്‍ നടപ്പാക്കിയ പുനരധിവാസ പ്രവര്‍ത്തനത്തിനപ്പുറം വയനാട്ടിലെ ദുരന്തത്തിനിരയായവരുടെ ജീവനോപാധികളും ആവാസവ്യവസ്ഥയും തിരിച്ചുകൊടുക്കാനുതകുന്ന സമഗ്രമായ പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുസമൂഹവും കൈകോര്‍ത്താല്‍ മാത്രമേ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം സുഗമമായി നടപ്പാക്കാനാവൂ. ഉരുള്‍പൊട്ടലുണ്ടായ ജൂലൈ 30ന് രാത്രി മുതല്‍ എസ്ഡിപിഐ വോളന്റിയര്‍മാര്‍ ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും തിരച്ചിലിലും സജീവമാണ്. കണ്ണീരിന്റെയും വേദനയുടെയും കഥകള്‍ മാത്രം ബാക്കിയാക്കിയ ദുരന്തത്തില്‍ അതിജീവിച്ചവരുടെ പുനരധിവാസമാണ് ഇനി ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്. അതിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ഇനിയും ദുരന്തങ്ങളില്‍ നിന്നു പാഠമുള്‍ക്കൊള്ളാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിയേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടായി കേരളത്തെക്കുറിച്ചു ശാസ്ത്രലോകം നടത്തുന്ന അതീവ ഗൗരവതരമായ പഠനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളാന്‍ അധികാരികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, ഖജാഞ്ചി അഡ്വ. എ കെ സലാഹുദ്ദീന്‍, സെക്രട്ടേറിയറ്റംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത്, വി ടി ഇഖ്‌റാമുല്‍ ഹഖ് സംസാരിച്ചു.

Next Story

RELATED STORIES

Share it