Sub Lead

വയനാട് മണ്ഡലം: കോണ്‍ഗ്രസ് വക്താവിന്റെ പരാമര്‍ശത്തിനെതിരേ വന്‍ പ്രതിഷേധം

വയനാട് മണ്ഡലം: കോണ്‍ഗ്രസ് വക്താവിന്റെ പരാമര്‍ശത്തിനെതിരേ വന്‍ പ്രതിഷേധം
X

കല്‍പറ്റ: വയനാട് മണ്ഡലത്തില്‍ വല്ലപ്പോഴും വന്നു പോവുന്ന സ്ഥാനാര്‍ഥി മതിയെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരേ യുഡിഎഫിനുള്ളിലും പുറത്തും വന്‍ പ്രതിഷേധം.കെസി വേണുഗോപാലിനെ വയനാട്ടില്‍ മല്‍സരിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച് കെപിസിസി നിര്‍വാഹക സമിതിയംഗവും പാര്‍ട്ടി ഔദ്യോഗിക വക്താവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സംഘടനാ തിരക്കുകളുള്ള വേണുഗോപാലിന് മല്‍സരിക്കാന്‍ പറ്റിയ മണ്ഡലമാണ് വയനാടെന്നും അവിടെ സ്ഥാനാര്‍ഥി വല്ലപ്പോഴും വന്നു പോയാല്‍ മതിയെന്നുമാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. ഉണ്ണിത്താന്റെ പ്രസ്താവന വയനാട്ടുകാരോടുള്ള അവഹേളനമായാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് വൃത്തച്ങളിലും പരാമര്‍ശം കടുത്ത പ്രതിഷേധം ഉയര്‍ത്തി. തെക്കു നിന്നുള്ള സ്ഥാനാര്‍ഥികളെ ഇത്തവണ വയനാട്ടില്‍ കെട്ടിയിറക്കരുതെന്ന പൊതുവികാരം യുഡിഎഫില്‍ സജീവ ചര്‍ച്ചയായി നില നില്‍കുന്നതിനിടെയാണ് വേണുഗോപാലിനു വേണ്ടി ഉണ്ണിത്താന്‍ പരസ്യമായി രംഗത്തുവന്നത്. 2009ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടെ വയനാട്ടില്‍ നിന്നു വിജയിച്ച കോണ്‍. നേതാവിന് 2014ല്‍ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് ഉണ്ണിത്താനുള്ള മറുപടിയായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ഇത്തവണ തെക്കുനിന്ന് വല്ലപ്പോഴും വന്നുപോവുന്ന സ്ഥാനാര്‍ഥികളെ കെട്ടിയിറക്കിയാല്‍ സ്ഥാനാര്‍ഥിക്ക് പിന്നീട് വയനാട്ടിലേക്ക് വരേണ്ടി വരില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെയും യുഡിഎഫ് അനുഭാവികളുടെ തന്നെയും മുന്നറിയിപ്പ്. സംസ്ഥാനത്തെ ഏറ്റവും സുരക്ഷിത മണ്ഡലമായാണ് കോണ്‍ഗ്രസ് വയനാടിനെ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ മുതിര്‍ന്ന നേതാക്കളുടേയെല്ലാം നോട്ടം വയനാട്ടിലേക്കാണ്. അതേസമയം, ടി സിദ്ധീഖിനെയോ കെ മുരളീധരനേയോ വയനാട്ടില്‍ മല്‍സരിപ്പിക്കണമെന്നാണ് മണ്ഡലത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെ ആഗ്രഹം.


Next Story

RELATED STORIES

Share it