Sub Lead

നീറ്റ്: ചരിത്രം തിരുത്തി അല്‍ അമീന്‍ മിഷന്‍; റാങ്ക് പട്ടികയിലേക്ക് കൈപിടിച്ച് നടത്തിയത് 504 പേരെ

തങ്ങളുടെ വിവിധ കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടിയ 504 വിദ്യാര്‍ഥികളാണ് 2020ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്് (നീറ്റ്) റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.

നീറ്റ്: ചരിത്രം തിരുത്തി അല്‍ അമീന്‍ മിഷന്‍; റാങ്ക് പട്ടികയിലേക്ക് കൈപിടിച്ച് നടത്തിയത് 504 പേരെ
X

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സര്‍ക്കാരിത സംഘടനയായ അല്‍ അമീന്‍ മിഷന് ഇത് അഭിമാന നിമിഷമാണ്. തങ്ങളുടെ വിവിധ കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടിയ 504 വിദ്യാര്‍ഥികളാണ് 2020ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്് (നീറ്റ്) റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്.

33 വര്‍ഷം നീണ്ട അല്‍ അമീന്‍ മിഷന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയ നിരക്കാണിത്. താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളില്‍നിന്നുള്ളവരാണ് ഇവിടെനിന്ന് നീറ്റ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതെന്ന് എന്‍ജിഒ പറഞ്ഞു. ഇവരില്‍ 150 പേര്‍ ദരിദ്ര, ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ളവരും 207 പേര്‍ താഴ്ന്ന ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളില്‍നിന്നുള്ളവരും 157 കുട്ടികള്‍ ഇടത്തരം വരുമാനമുള്ള കുടുംബങ്ങളില്‍നിന്നുള്ളവരുമാണ്.

504 വിദ്യാര്‍ത്ഥികളില്‍ 720ല്‍ 675 മാര്‍ക്കോടെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ജിസാന്‍ ഹുസൈനെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ എന്‍ജിഒയുടെ ജനറല്‍ സെക്രട്ടറി എം നൂറുല്‍ ഇസ്‌ലാം അനുമോദിച്ചു.

എന്‍ജിഒ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിജയികളായ 144 വിദ്യാര്‍ത്ഥികള്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നുള്ളവരാണ്. 66 പേര്‍ മാല്‍ഡയില്‍ നിന്നും 54 പേര്‍ എസ് 24 പര്‍ഗാനയില്‍ നിന്നും 41 ബിര്‍ഭമില്‍നിന്നും 36 പേര്‍ എന്‍ 24 പര്‍ഗാനയില്‍ നിന്നുമാണ്. നാദിയ 31, ഈസ്റ്റ് വെസ്റ്റ് ബര്‍ദ്വാന്‍ 20, ഹൗറ 20, ദക്ഷിണ ദിനാജ്പൂര്‍ 15, ഹൂഗ്ലി 14, ഉത്തര്‍ ദിനാജ്പൂര്‍ 13, വെസ്റ്റ് മിഡ്‌നാപൂര്‍ 12, ബാങ്കുറ 12, ഈസ്റ്റ് മിഡ്‌നാപൂര്‍ 5, കൂച്ച്‌ബെഹര്‍ 4, കൊല്‍ക്കത്ത 3, മറ്റു ജില്ലകളില്‍നിന്ന് 6 എന്നിങ്ങനെയാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വിവിധ ജില്ലകളില്‍നിന്നുള്ളവര്‍.

അല്‍അമീന്‍ മിഷനില്‍ സംസ്ഥാനത്തെ 15 ജില്ലകളിലെ 56 ബ്രാഞ്ചുകളിലായി 17,000 റെസിഡന്‍ഷ്യല്‍ വിദ്യാര്‍ത്ഥികളും 3000 ത്തിലധികം അധ്യാപകരും അനധ്യാപക ജീവനക്കാരുമുണ്ട്. 1987ല്‍ ഒരു മദ്‌റസ കെട്ടിടത്തിലെ ഒരു ചെറിയ മുറിയില്‍ എം നൂറുല്‍ ഇസ്‌ലാം എന്ന ക്രാന്തദര്‍ശിയാണ് എന്‍ജിഒയ്ക്കു തുടക്കംകുറിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഒരു മദ്‌റസയിലെ ഒരു ചെറിയ മുറിയില്‍ ഏഴ് വിദ്യാര്‍ത്ഥികളടങ്ങിയ ഒരു സംഘത്തെ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് നൂറുല്‍ ഇസ് ലാമിന്റെ ദൗത്യത്തിന് തുടക്കമായത്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ അല്‍അമീന്‍ മിഷന്‍ 2400 ല്‍ അധികം ഡോക്ടര്‍മാരെയും (എംബിബിഎസ്, ബിഡിഎസ്) 2500 എഞ്ചിനീയര്‍മാരെയും കൂടാതെ നിരവധി ഗവേഷകര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍, അധ്യാപകര്‍, പ്രഫസര്‍മാര്‍ എന്നിവരെ സൃഷ്ടിച്ചുകഴിഞ്ഞു. സാമ്പത്തിക നില പരിഗണിക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ജീവിക്കുകയും പഠിക്കുകയും ഒരുമിച്ച് വളരുകയും ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ റെസിഡന്‍ഷ്യല്‍ സമ്പ്രദായത്തില്‍ ധാര്‍മ്മിക മൂല്യങ്ങളോടെയുള്ള ആധുനിക വിദ്യാഭ്യാസം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നൂറുല്‍ ഇസ്‌ലാം വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it