Sub Lead

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചെലവായത് 60,000 കോടി; ഒരു വോട്ടിന് വില 700 രൂപ

തങ്ങളുടെ ചെലവ് തുക സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്കുകളെല്ലാം കള്ളമാണെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപവരെയാണ് ഒരു സ്ഥാനാര്‍ഥിക്ക് പരവമാധി ചെലവാക്കാവുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചെലവായത് 60,000 കോടി; ഒരു വോട്ടിന് വില 700 രൂപ
X

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ആകെ ചെലവായത് 55,000 കോടി രൂപയ്ക്കും 60,000 കോടി രൂപയ്ക്കും ഇടയിലെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ റിപോര്‍ട്ട്. ഇതിന്റെ ശരാശരി നോക്കുമ്പോള്‍ ഓരോ മണ്ഡലത്തിലും ഏകദേശം 100 കോടിയോളം രൂപ ചെലവഴിച്ചതായും ഒരു വോട്ടിന് 700 രൂപയോളം ചെലവ് വന്നതായും കണക്കാക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനും വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനും ചെലവഴിച്ച തുകയ്ക്ക് പുറമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പിനും വോട്ടെണ്ണലിനും ചെലവാക്കിയ തുകയും ഇതില്‍പ്പെടുന്നു. സര്‍ക്കാര്‍ ചെലവ് ഒഴിവാക്കിയാല്‍ പാര്‍ട്ടികള്‍ ഓരോ വോട്ടര്‍ക്കുമായി 583 രൂപ ചെലവഴിച്ചതായി കണക്കാക്കാം.



തങ്ങളുടെ ചെലവ് തുക സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്കുകളെല്ലാം കള്ളമാണെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപവരെയാണ് ഒരു സ്ഥാനാര്‍ഥിക്ക് പരവമാധി ചെലവാക്കാവുന്നത്. 8,049 സ്ഥാനാര്‍ഥികളാണ് ഇക്കുറി ലോക്‌സഭയിലേക്ക് മല്‍സരിച്ചത്. ഓരോ സ്ഥാനാര്‍ഥിയും അവര്‍ക്ക് അനുവദിച്ച മുഴുവന്‍ തുകയും ചെലവാക്കിയാലും 6,639.22 കോടി രൂപയാണ് വരുക. എന്നാല്‍, എല്ലാ സ്ഥാനാര്‍ഥികളും കൂടി 24,000 രൂപ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചതായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് റിപോര്‍ട്ട് പറയുന്നു.

വോട്ടര്‍മാരെ ചാക്കിടാന്‍ മയക്കു മരുന്നും പണവും സ്വര്‍ണവും ഉള്‍പ്പെടെ വന്‍തോതില്‍ ഒഴുകിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. 2014 നേതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇത്തരത്തിലുള്ള വസ്തുക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. വിതരണം ചെയ്യുന്ന പണത്തിന്റെ വളരെ ചെറിയൊരു ഭാഗമേ തിരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുക്കാന്‍ സാധിക്കുന്നുള്ളു എന്നോര്‍ക്കുക. 1,280 കോടി രൂപയുടെ മയക്കുമരുന്നില്‍ ഭൂരിഭാഗവും പിടിച്ചെടുത്തത് ഗുജറാത്ത്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു.



ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മൊത്തം തുകയുടെ 45 മുതല്‍ 55 ശതമാനം വരെ ചെലവഴിച്ചത് ബിജെപിയാണ്. ഇത് 24,750 കോടിക്കും 30,250 കോടിക്കും ഇടയില്‍ വരും. 15 മുതല്‍ 20 ശതമാനം വരെയാണ് കോണ്‍ഗ്രസ് ചെലവഴിച്ചത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഇത് 45 ശതമാനംവരെയായിരുന്നു. കുത്തകകളില്‍ ഭൂരിഭാഗവും ബിജെപിക്ക് വേണ്ടിയായിരുന്നു പണമെറിഞ്ഞത് എന്നതാണ് ഇതിന് കാരണം.

ഏതൊക്കെ കമ്പനികള്‍ എത്രയൊക്കെ തുക നല്‍കി എന്ന കണക്ക് ലഭ്യമല്ലെങ്കിലും റിയല്‍ എസ്റ്റേറ്റ്, ഖനന, ടെലികോം, ട്രാന്‍സ്‌പോര്‍ട്ട് മേഖലയാണ് പ്രധാനമായും പണമൊഴുക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍, സര്‍ക്കാരേതര സംഘടനകള്‍ എന്നിവയും പട്ടികയിലുണ്ട്.

Next Story

RELATED STORIES

Share it