Sub Lead

ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചു; ഒമ്പത് മാസത്തിനിടെ 300 സംഭവങ്ങള്‍ (റിപ്പോര്‍ട്ട്)

'മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികളെ ഒരു പാഠം പഠിപ്പിക്കാന്‍ കോടാലി ആയുധമാക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തീവ്ര ഹിന്ദുത്വ നേതാവായ പരമത്മാനന്ദ മഹാരാജ് ആഹ്വാനം ചെയ്തു.

ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചു;  ഒമ്പത് മാസത്തിനിടെ 300 സംഭവങ്ങള്‍ (റിപ്പോര്‍ട്ട്)
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കിതേരായ സംഘപരിവാര ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മതപരിവര്‍ത്തനം സംബന്ധിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവനക്ക് ശേഷമാണ് രാജ്യവ്യാപകമായി ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചത്.

ഒക്‌ടോബര്‍ അവസാനത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുകയും ഏഷ്യയിലെ രണ്ടാമത്തെ കൂടുതല്‍ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ രാജ്യങ്ങളുമായി സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്ന മോദിയുടെ സന്ദര്‍ശനം. എന്നാല്‍, ഇതിന് ശേഷവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.


രണ്ടാഴ്ച്ച മുമ്പ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് നടത്തിയ പ്രസംഗത്തിലും നിര്‍ബന്ധിത മതപരിവര്‍ത്തന ഭീഷണിയെ കുറിച്ചാണ് സംസാരിച്ചത്. ക്രൈസ്തവ മിഷ്ണറി പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആര്‍എസ്എസ് തലവന്റെ പ്രസംഗം. ക്രൈസ്ത ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ മോഹന്‍ ഭഗവത് ജനസംഖ്യാപരമായ മാറ്റങ്ങളെ സംബന്ധിച്ചും ആശങ്ക പ്രകടിപ്പിച്ചു.

ഹിന്ദു ഉത്സവമായ ദസറ (ദുര്‍ഗ്ഗാ പൂജ) പ്രമാണിച്ച് ഒക്ടോബര്‍ 14ന് നടത്തിയ വാര്‍ഷിക പ്രസംഗത്തില്‍ ഭഗവത് പറഞ്ഞു: 'വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയും പരിഹരിക്കേണ്ടതും ജനസംഖ്യാ നയം പുനര്‍രൂപകല്‍പ്പന ചെയ്യേണ്ടതുമാണ്. ആ നയം ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ബാധകമായിരിക്കണം. അതിര്‍ത്തി ജില്ലകളിലെ അനധികൃത കുടിയേറ്റവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പരിവര്‍ത്തനങ്ങളും ജനസംഖ്യാശാസ്ത്രത്തെ കൂടുതല്‍ മാറ്റിമറിച്ചു'.

ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാറിന്റെ തലവന്‍ എന്ന നിലയില്‍ ഭഗവതിന്റെ ദസറ പ്രസംഗം ഈ വര്‍ഷത്തെ ആര്‍എസ്എസ് അജണ്ട സെറ്റര്‍ ആയി കണക്കാക്കപ്പെടുന്നു.

ഭഗവതിന്റെ പ്രസംഗത്തിന് ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും പള്ളികള്‍ക്കും നേരെ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈസ്തവ പുരോഹിതരെ 'ശിരഛേദം' ചെയ്യാനും ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തടയാനും ഹിന്ദുത്വ നേതാക്കള്‍ തുറന്ന ആഹ്വാനങ്ങള്‍ നടത്തി.



പ്രസംഗം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം, മധ്യപ്രദേശിലെ ബിജെപി നിയമസഭാംഗമായ രാമേശ്വര്‍ ശര്‍മ്മ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് 'ചാദര്‍ മുക്ത്, ഫാദര്‍ മുക്ത് ഭാരത്' (മുസ്‌ലിംകളും ക്രിസ്ത്യന്‍ പുരോഹിതന്മാരും ഇല്ലാത്ത ഒരു ഇന്ത്യ) എന്നതിന് ആഹ്വാനം ചെയ്തു.

ഞായറാഴ്ച, തെക്കന്‍ കര്‍ണാടകയിലെ ബേലൂര്‍ പട്ടണത്തില്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നില്‍ തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു. മതപരിവര്‍ത്തനം ആരോപിച്ച് ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗവും ഹിന്ദുത്വര്‍ തടസ്സപ്പെടുത്തി.

അതേ ദിവസം തന്നെ ന്യൂഡല്‍ഹിയില്‍, ഒരു വെയര്‍ഹൗസ് പള്ളി നശിപ്പിക്കുകയും ഞായറാഴ്ച കുര്‍ബാന തടസ്സപ്പെടുത്തുകയും ചെയ്തു. 'രാജ്യദ്രോഹികളെ വെടിവയ്ക്കുക' എന്ന് ആക്രോശിച്ചുകൊണ്ടാണ് ഹിന്ദുത്വര്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്.

ഒക്‌ടോബര്‍ 3 ന്, ബിജെപി ഭരിക്കുന്ന വടക്കന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ ഒരു പള്ളിയില്‍ ഇരുമ്പുവടികളുമായെത്തിയ 250 ഓളം ഹിന്ദുത്വ ആള്‍ക്കൂട്ടം ആക്രമണം നടത്തി. ആക്രമണം നടക്കുമ്പോള്‍ ഒരു ഡസനോളം പേര്‍ മാത്രമാണ് പള്ളിയില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ അല്‍ ജസീറയോട് പറഞ്ഞു.

പള്ളിയിലെ പാസ്റ്ററുടെ മകളായ പേള്‍ ലാന്‍സിനെ പുരുഷന്മാര്‍ പീഡിപ്പിക്കുകയും സ്ത്രീകള്‍ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു. പാസ്റ്ററുടെ മകളുടെ ഫോണ്‍ തട്ടിയെടുത്തു. പള്ളിയിലെ ജീവനക്കാരനായ രജത് കുമാറിന്റെ തലയില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പലതവണ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.

'എന്റെ മുഖത്തും പുറകിലും ഇടതടവില്ലാതെ അടിക്കുന്നതിനിടയില്‍ അവര്‍ എന്നെ കഴുത്തില്‍ പിടിച്ച് താഴത്തെ നിലയിലേക്ക് വലിച്ചിഴച്ചു. എന്റെ തലയില്‍ ഒരു വടികൊണ്ട് അടിച്ചതോടെ ഞാന്‍ അബോധാവസ്ഥയിലായി,' കുമാര്‍ അല്‍ ജസീറയോട് പറഞ്ഞു. ഹിന്ദുത്വ ആക്രമണത്തില്‍ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റു.

റൂര്‍ക്കിയിലെ ഒരു പള്ളി നശിപ്പിച്ച വലതുപക്ഷ ഹിന്ദു ജനക്കൂട്ടം ഒരു സൈന്‍ബോര്‍ഡ് നീക്കം ചെയ്തു. ആക്രമണത്തിന് മുമ്പ് കുടുംബം നാല് തവണയെങ്കിലും സംശയാസ്പദമായ ആള്‍ക്കൂട്ടത്തെ സംബന്ധിച്ച് പോലിസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പാസ്റ്ററുടെ മൂത്ത മകള്‍ ഇവാ ലാന്‍സ് പറഞ്ഞു. 'ആക്രമണത്തിന് മുമ്പ് ഞങ്ങളെ അനുഗമിച്ച അജ്ഞാതരായ ആളുകള്‍ ഞങ്ങളെ വെറുപ്പുളവാക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ ഭീഷണികള്‍ മുഴക്കി. അവര്‍ ഞങ്ങളെ മതപരിവര്‍ത്തനം ആരോപിച്ചു അക്രമ ഭീഷണി മുഴക്കി. ഞാന്‍ ഒരു ഇ-മെയില്‍ അയച്ചു, പോലിസ് സ്‌റ്റേഷനില്‍ എത്തി ഒക്ടോബര്‍ 2 ന് ഒരു ഔപചാരിക പരാതി രജിസ്റ്റര്‍ ചെയ്തു,' ഇവാലാന്‍സ് അല്‍ ജസീറയോട് പറഞ്ഞു.

ആക്രമണം നടന്നപ്പോള്‍ പോലീസ് പ്രതികരിക്കാന്‍ വൈകിയെന്നും അവര്‍ ആരോപിച്ചു. 'ഞങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്ന് പോലിസ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഒരു സഹായവും ലഭിച്ചില്ല. ആക്രമണം നടന്ന ദിവസം പോലും ഞങ്ങള്‍ പോലിസിനെ വിളിച്ചിരുന്നുവെങ്കിലും ജനക്കൂട്ടം നാശനഷ്ടം വരുത്തി ഒരു മണിക്കൂറിന് ശേഷമാണ് അവര്‍ വന്നത്,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന് ഇരയായിട്ടും പാസ്റ്ററുടെ കുടുംബത്തിന് എതിരേയാണ് പോലിസ് റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, മതസ്പര്‍ദ്ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, കവര്‍ച്ച എന്നിവപോലും ആരോപിച്ച് പാസ്റ്ററുടെ കുടുംബത്തിനെതിരെ പോലിസ് ഒരു റിപ്പോര്‍ട്ട് പോലും ഫയല്‍ ചെയ്തു.

ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷത്തിന് ഛത്തീസ്ഗഢ് 'പുതിയ പരീക്ഷണശാല'

ഒക്ടോബറിലെ മനുഷ്യാവകാശ ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ 300 ലധികം ആക്രമണങ്ങള്‍ നടന്നു, അതില്‍ കുറഞ്ഞത് 32 എണ്ണം ബിജെപി അധികാരത്തിലുള്ള കര്‍ണാടകയിലാണ് അരങ്ങേറിയത്.

മൊത്തം 305 ക്രിസ്ത്യന്‍ വിരുദ്ധ അക്രമ സംഭവങ്ങളില്‍ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 66, കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ 47, ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള ജാര്‍ഖണ്ഡില്‍ 30, കൂടാതെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 30.

ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളുടെ 'പുതിയ പരീക്ഷണശാല' ആയി ഉയര്‍ന്നുവന്നിരിക്കുന്ന ഛത്തീസ്ഗഡ് ഉള്‍പ്പെടെ, കുറഞ്ഞത് ഒമ്പത് ഇന്ത്യന്‍ സംസ്ഥാനങ്ങളെങ്കിലും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഒക്ടോബര്‍ 1 ന്, ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ 1,000ത്തിലധികം ആളുകള്‍ 'ബാന്‍ഡ് കരോ ധര്‍മ്മന്ത്രന്‍' (മതപരിവര്‍ത്തനം നിര്‍ത്തുക) റാലിക്കായി ഒത്തുകൂടി. മധ്യ ഇന്ത്യന്‍ സംസ്ഥാനത്ത് മതപരിവര്‍ത്തന വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളില്‍ ഒന്നായിരുന്നു അത്.

'മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികളെ ഒരു പാഠം പഠിപ്പിക്കാന്‍ കോടാലി ആയുധമാക്കണമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തീവ്ര ഹിന്ദുത്വ നേതാവായ പരമത്മാനന്ദ മഹാരാജ് ആഹ്വാനം ചെയ്തു.

'നിങ്ങള്‍ എന്തിനാണ് കോടാലി സൂക്ഷിക്കുന്നത്? അവരുടെ ശിരച്ഛേദം ചെയ്യുക,' അദ്ദേഹം പറഞ്ഞു, ക്രിസ്ത്യാനികള്‍ക്കെതിരായ ഒരു 'റോക്കോ, ടോക്കോ, തോക്കോ' (നിര്‍ത്തുക, മുന്നറിയിപ്പ് നല്‍കുക, കൊല്ലുക) ആജ്ഞ പിന്തുടരാന്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. വേദിയില്‍ ബിജെപി എംപി രാംവിചാര് നേതം, ബിജെപി മുന്‍ എംപി നന്ദകുമാര്‍ സായ്, ഛത്തീസ്ഗഡ് സംസ്ഥാന ബിജെപി വക്താവ് അനുരാഗ് സിംഗ് ദിയോ എന്നിവരും ഉണ്ടായിരുന്നു.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ സുശീല്‍ ശുക്ല ബിജെപി 'പ്രശ്‌നങ്ങള്‍ തീര്‍ന്നു'വെന്നും 'മത വിദ്വേഷം ആളിക്കത്തിക്കുകയാണെന്നും' ആരോപിച്ചു. സര്‍ഗുജ റാലിയുടെ സംഘാടകര്‍ക്കെതിരെ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ വലതുപക്ഷ സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് ഒരു ക്രിസ്ത്യന്‍ പാസ്റ്ററെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. പോലിസ് സ്‌റ്റേഷനിലെത്തിയ പാസ്റ്ററെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദനത്തിന് ഇരയാക്കി.

അതേ മാസം, ഭിലായ് ജില്ലയില്‍ പോലിസ് കോണ്‍സ്റ്റബിള്‍മാരുടെ സാന്നിധ്യത്തില്‍ ഹിന്ദുത്വ സംഘടനയുടെ വനിതാ നേതാവ് ഒരു പാസ്റ്ററെ മര്‍ദിക്കുന്ന വീഡിയോ ക്ലിപ്പ് വൈറലായി.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പാസ്റ്ററെ ആക്രമിച്ചുവെന്നാരോപിച്ച സ്ത്രീ ജ്യോതി ശര്‍മ്മ അല്‍ ജസീറയോട് പറഞ്ഞു. തനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ അംഗീകരിച്ചെങ്കിലും, അത് 'ഭയപ്പെടുത്താനുള്ള തന്ത്രമാണെന്നും അവര്‍ പറഞ്ഞു.

2021 ജൂലൈയില്‍, ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പോലിസ് സൂപ്രണ്ട് സുനില്‍ ശര്‍മ്മ തന്റെ കീഴുദ്യോഗസ്ഥരോട് ക്രിസ്ത്യന്‍ മിഷനറിമാരുടെ 'പ്രവര്‍ത്തനങ്ങളില്‍' നിരീക്ഷണം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലും സമീപ വര്‍ഷങ്ങളില്‍ െ്രെകസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് പ്രസിഡന്റ് വില്യം മൈക്കിള്‍സ് പറഞ്ഞു.

'നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍' പരിശോധിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ സംസ്ഥാനത്തെ പള്ളികളില്‍ ഒരു 'സര്‍വേ' ഉത്തരവിടുകയും അവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.

ഒക്ടോബറില്‍, ഒരു വലതുപക്ഷ ജനക്കൂട്ടം ഹുബ്ബള്ളിയിലെ ഒരു താല്‍ക്കാലിക പള്ളിയില്‍ അതിക്രമിച്ച് കയറി, പരിവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണെന്ന് പറഞ്ഞ് പള്ളിക്കുള്ളില്‍ 'ഭജന്‍' (ഹിന്ദു പ്രാര്‍ത്ഥനാ ഗാനങ്ങള്‍) ആലപിച്ചു.

ഡിസംബര്‍ പകുതിയോടെ സംസ്ഥാന അസംബ്ലി സമ്മേളനം ആരംഭിക്കുന്നത് വരെ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോകുന്നതിനെതിരെ പോലിസ് 'മുന്നറിയിപ്പ്' നല്‍കിയിട്ടുണ്ടെന്ന് ബെലഗാവിയിലെ നിരവധി പാസ്റ്റര്‍മാരും ക്രിസ്ത്യാനികളും പറഞ്ഞു. സമ്മേളനത്തില്‍ ബിജെപി മതപരിവര്‍ത്തന വിരുദ്ധ ബില്‍ അവതരിപ്പിക്കാനാണ് സാധ്യത.

'അടുത്ത കാലത്ത് വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്,' സമൂഹത്തിനെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു ക്രിസ്ത്യന്‍ അവകാശ പ്രവര്‍ത്തകന്‍ പേര് വെളിപ്പെടുത്താതെ അല്‍ ജസീറയോട് പറഞ്ഞു.

'ഛത്തീസ്ഗഡിലെ വലിയ ജനസഞ്ചയങ്ങള്‍, റൂര്‍ക്കിയിലെ പള്ളിക്ക് നേരെയുള്ള ആക്രമണം, സുക്മയിലെ പോലിസ് ഉത്തരവ്, കര്‍ണാടകയിലെ പള്ളികളിലെ 'സര്‍വേ', മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള മോഹന്‍ ഭാഗവതിന്റെ പ്രസംഗം എന്നിവ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാവില്ല. ലളിതമായി പറഞ്ഞാല്‍, മുസ് ലിംകള്‍ക്ക് ശേഷം ക്രിസ്ത്യാനികളേയാണ് ഹിന്ദുത്വര്‍ ലക്ഷ്യമിടുന്നത്.

'ക്രിസ്ത്യന്‍ വിരുദ്ധ അക്രമത്തിന്റെ സാമാന്യവല്‍ക്കരണം ഏറെ ഭയപ്പെടുത്തുന്നതാണെന്ന് ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഹിന്ദി സാഹിത്യം പഠിപ്പിക്കുകയും ഇന്ത്യയില്‍ നടക്കുന്ന മതപരമായ അക്രമങ്ങള്‍ക്കെതിരെ പതിവായി എഴുതുകയും ചെയ്യുന്ന അപൂര്‍വാനന്ദ് പറഞ്ഞു. 'ഇത് വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല,' അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it