Sub Lead

കര്‍ഷക പ്രക്ഷോഭത്തിനു പോവുന്നതിനിടെ അപകട മരണം: മൃതദേഹത്തില്‍ ദേശീയപതാക പുതച്ചതിനു സഹോദരനും ഭാര്യയ്ക്കുമെതിരേ കേസ്

കര്‍ഷക പ്രക്ഷോഭത്തിനു പോവുന്നതിനിടെ അപകട മരണം:  മൃതദേഹത്തില്‍ ദേശീയപതാക പുതച്ചതിനു സഹോദരനും ഭാര്യയ്ക്കുമെതിരേ കേസ്
X

പിലിഭിത്: കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഗാസിപൂരിലേക്ക് പോവുന്നതിനിടെ കാണാതാവുകയും പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കര്‍ഷകന്റെ ഭാര്യയ്ക്കും സഹോദരനുമെതിരേ പോലിസ് കേസെടുത്തു. ബാരി ബുജിയ പഞ്ചായത്തിന് കീഴിലുള്ള ഭോപത്പൂര്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ സിങിന്റെ ഭാര്യയ്ക്കും സഹോദരനുമെതിരേയാണ് ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ച് കേസെടുത്തത്. ഭാര്യ ജസ്വീര്‍ കൗര്‍, സഹോദരന്‍ ഗുര്‍വീന്ദര്‍ സിങ്, കണ്ടാലറിയാവുന്നവര്‍ എന്നിവര്‍ക്കെതിരേയാണ് ദേശീയ ബഹുമതിയെ നിന്ദിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരം കേസെടുത്തതെന്ന് സെറാമാവു നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അശുതോഷ് രഘുവന്‍ഷി പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 23ന് ഗാസിപൂര്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ട 32 കാരനായ ബല്‍വീന്ദര്‍ സിങിനെ കാണാതാവുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി ഒന്നിന് വാഹനാപകടത്തില്‍ മരിച്ചെന്നു പറഞ്ഞ് ഡല്‍ഹി പോലിസില്‍ നിന്ന് കുടുംബത്തിന് ഫോണില്‍ വിവരം ലഭിച്ചു. പിറ്റേന്ന് ഡല്‍ഹിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൈമാറി. ബുധനാഴ്ച ഗ്രാമത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുകയും മൃതദേഹത്തില്‍ ദേശീയപതാക പുതച്ച് സംസ്‌കരിക്കുകയും ചെയ്തു.


ഇന്ത്യന്‍ ദേശീയ പതാകയെയോ ഇന്ത്യന്‍ ഭരണഘടനയെയോ അതിന്റെ ഏതെങ്കിലും ഭാഗമോ പൊതുസ്ഥലത്തോ മറ്റേതെങ്കിലും സ്ഥലത്തോ വികൃതമാക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. സെക്ഷനിലെ 4 (ഡി) വിശദീകരണപ്രകാരം 'അനാദരവ്' എന്നത് സായുധ സേന, പാരാ മിലിട്ടറി, സംസ്ഥാന പോലിസ് സേനാംഗങ്ങളുടെ സംസ്‌കാരങ്ങളിലോ ചടങ്ങുകളിലോ ഒഴികെ മറ്റേതെങ്കിലും രൂപത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കുന്നത് കുറ്റമാണ് പ്രതിപാദിക്കുന്നുണ്ടെന്നാണ് പോലിസ് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, ബല്‍വീന്ദറിന്റെ മൃതദേഹത്തില്‍ ത്രിവര്‍ണ പതാക പുതപ്പിക്കാന്‍ കാരണമുണ്ടെന്നും അതിര്‍ത്തിയിലെ സൈനികരെപ്പോലെ കര്‍ഷകര്‍ രാജ്യത്തിനുവേണ്ടി പോരാടുകയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും ഗുര്‍വിന്ദര്‍ പറഞ്ഞു. കര്‍ഷകരുടെ ആവശ്യത്തിനായാണ് ബല്‍വീന്ദര്‍ രക്തസാക്ഷിയായത്. സംസ്‌കാരം ഒരു പുണ്യകര്‍മ്മമാണ്. അത് ദേശസ്‌നേഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മത-കര്‍ഷക സംഘടനാ പ്രതിനിധികളും ഇദ്ദേഹത്തെ പിന്തുണച്ചു. പോലീസ് നടപടിയെ അപലപിക്കുന്നതായും എഫ്‌ഐആര്‍ പിന്‍വലിക്കാന്‍ യുപി മുഖ്യമന്ത്രി പിലിഭിത് പോലിസിനോട് ഉത്തരവിടണമെന്നും സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്റെ ശരീരത്തില്‍ ത്രിവര്‍ണ പതാക സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അത് കര്‍ഷകരുടെ ദേശസ്‌നേഹത്തിന്റെ പ്രതീകമാണെന്നും അപമാനിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.

'ദേശീയപതാകയെ അപമാനിക്കുന്ന യാതൊന്നും കുടുംബം ചെയ്തില്ലെന്നും കര്‍ഷകരെ അടിച്ചമര്‍ത്താനാണ് കേസെടുത്തതെന്നും എഫ്‌ഐആര്‍ പിന്‍വലിച്ചില്ലെങ്കില്‍ തെരുവുകളില്‍ പ്രക്ഷോഭമുയരുമെന്നും ആര്‍എല്‍ഡിയുടെ യുപി യൂനിറ്റ് വൈസ് പ്രസിഡന്റ് മഞ്ജിത് സിങ് സന്ധു പറഞ്ഞു. മൃതദേഹം ലഭിച്ച ശേഷം, ബല്‍വിന്ദറിന്റെ കുടുംബം അദ്ദേഹം മരിച്ച രീതിയെ ചോദ്യം ചെയ്തിരുന്നു. 'അദ്ദേഹത്തിന്റെ മുഖത്ത് ഒന്നിലേറെ പരിക്കുകള്‍ ഉണ്ടായിരുന്നെന്നും അമിതവേഗത്തില്‍ വാഹനം കയറിയതാണെങ്കില്‍ മറ്റ് ഭാഗങ്ങളില്‍ പരിക്കുകളും ഒടിവുകളും ഉണ്ടാവേണ്ടതല്ലേയെന്നുമാണ് ഇളയ സഹോദരന്‍ വീരേന്ദ്ര സിങിന്റെ ചോദ്യം.

Wife, brother of UP farmer who died in Delhi booked for 'insult to national flag'

Next Story

RELATED STORIES

Share it