Sub Lead

ഭര്‍ത്താവിന്റെ ശമ്പളവിശദാംശങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

ഭര്‍ത്താവിന്റെ ശമ്പളവിശദാംശങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: ഭര്‍ത്താക്കന്മാരുടെ ശമ്പളത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ ആവശ്യപ്പെടുന്ന ഒരു ജീവനക്കാരന്റെ ശമ്പളവിവരം നല്‍കാന്‍ തൊഴിലുടമയോട് നിര്‍ദേശിച്ച സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി അടുത്തിടെ ശരിവച്ചിരുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വിവാഹ നടപടികള്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍, ജീവനാംശത്തിന്റെ അളവ് ഭര്‍ത്താവിന്റെ ശമ്പളത്തെ ആശ്രയിച്ചിരിക്കും. ശമ്പളത്തിന്റെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ മാത്രമേ ഭാര്യയ്ക്ക് ശരിയായ അവകാശവാദം ഉന്നയിക്കാന്‍ കഴിയൂ എന്നും ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍ നിരീക്ഷിച്ചു. അവര്‍ക്കിടയില്‍ വിവാഹ നടപടികള്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ചില അടിസ്ഥാന വിശദാംശങ്ങള്‍ ആവശ്യമാണ്. നല്‍കേണ്ട മെയിന്റനന്‍സ് തുക ഹര്‍ജിക്കാരന് ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചിരിക്കും. ഹരജിക്കാരന് ലഭിച്ച ശമ്പളത്തിന്റെ അളവ് പരാതിക്കാരിക്ക് അറിയില്ലെങ്കില്‍ അവള്‍ക്ക് ശരിയായ അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭര്‍ത്താവിന്റെ ശമ്പള വിവരങ്ങള്‍ ആവശ്യപ്പെട്ട് ഹരജിക്കാരി തൊഴിലുടമയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവരം നല്‍കാന്‍ തൊഴിലുടമ വിസമ്മതിച്ചു. അപ്പീല്‍ അതോറിറ്റിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഭാര്യ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവരം നല്‍കാന്‍ തൊഴിലുടമയോട് നിര്‍ദ്ദേശിച്ചു. ഭാര്യ മൂന്നാമതൊരാള്‍ അല്ലെന്നും വിവാഹ നടപടികള്‍ തുടരുന്ന സമയത്ത് അത്തരം വിവരങ്ങള്‍ അറിയാന്‍ അവള്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന് തൊഴിലുടമയില്‍ നിന്ന് എന്ത് പ്രതിഫലമാണ് ലഭിക്കുന്നതെന്ന് അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് വിധിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെയും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് കോടതി നിലനിര്‍ത്തുകയും ഭര്‍ത്താവിന്റെ ഹര്‍ജി തള്ളുകയും ചെയ്തു. ഹരജിക്കാരിക്കു വേണ്ടി അഡ്വ. എസ് അബൂബക്കര്‍ സിദ്ദിഖും വിവരാവകാശ കമ്മീഷനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കെ കെ സെന്തില്‍, അഭിഭാഷകരായ ടി സി ബി ചക്രവര്‍ത്തി, പി ടി എസ് നരേന്ദ്രവാസന്‍ എന്നിവരാണ് ഹാജരായത്.

Next Story

RELATED STORIES

Share it