Sub Lead

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കുനേരേ കല്ലേറ്; കാസര്‍കോഡ് സിപിഎം- ബിജെപി സംഘര്‍ഷം

അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ആദ്യം ലാത്തിവീശുകയും തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കുനേരേ കല്ലേറ്; കാസര്‍കോഡ് സിപിഎം- ബിജെപി സംഘര്‍ഷം
X

-പോലിസ് ഗ്രനേഡ് പ്രയോഗിച്ചു

-മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണം

കാസര്‍ഗോഡ്: നവോത്ഥാനം സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച വനിതാ മതിലിനിടെ കാസര്‍കോഡ് കാഞ്ഞങ്ങാടിന് സമീപം ചേറ്റുകുണ്ടില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ആദ്യം ലാത്തിവീശുകയും തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. കൂടുതല്‍ സംഘര്‍ഷമുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലിസ് സംഘം ക്യാംപ് ചെയ്യുകയാണ്. വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കെതിരേ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം. മതില്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. തുടര്‍ന്ന് കല്ലേറും റോഡ് സൈഡിലുള്ള പുല്ലിന് തീയിടുകയുമായിരുന്നു.

റെയില്‍വേ ലൈനിനോട് ചേര്‍ന്നുള്ള ഭാഗത്താണ് തീയിട്ടത്. ഇതേത്തുടര്‍ന്ന് കനത്ത പുക ഇവിടെ വ്യാപിക്കുകയും വനിതാമതിലിനെത്തിയവര്‍ക്ക് ഇവിടെ നില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. പോലിസും ഫയര്‍ഫോഴ്‌സുമെത്തിയാണ് തീയണച്ചത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കൈയേറി മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. വാഹനങ്ങള്‍ തടയുകയും ചെയ്തു. സംഭവം റിപോര്‍ട്ടുചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി. ചാനലുകളുടെ കാമറയും വാഹനവും തകര്‍ത്തു. പ്രദേശം ബിജെപി, ആര്‍എസ്എസ് സ്വാധീനമേഖലയാണ്. സംഘര്‍ഷത്തെത്തുടര്‍ന്ന് കാസര്‍കോട്ട് 300 മീറ്റര്‍ ഭാഗത്ത് വനിതാ മതില്‍ തീര്‍ക്കാനായില്ല. വനിതകള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞെന്നും സിപിഎം ആരോപിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ മതിലിന്റെ ഭാഗമായുള്ള കാസര്‍കോട്ടെ പൊതുസമ്മേളനം വെട്ടിച്ചുരുക്കി മന്ത്രി ഇ ചന്ദ്രശേഖരന്‍ അടക്കമുള്ളവ ഇടത് മുന്നണി നേതാക്കള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.


Next Story

RELATED STORIES

Share it