Sub Lead

തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി

തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി
X

കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരേ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയില്‍ വച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോവുംവഴിയാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്. കെഎസ്‌യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെഎസ്‌യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട്, റിജിന്‍ രാജ്, അശ്വിന്‍ മതുക്കോത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

മൂന്ന് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരേ കാസര്‍കോട് ആറിടത്തും കണ്ണൂരില്‍ രണ്ടിടത്തുമാണ് കരിങ്കൊടി വീശിയത്. പരിയാരത്ത് ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരേ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടികാട്ടി. രണ്ടിടത്തും പോലിസിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ ചാടിവീണത്.

സംഭവത്തില്‍ 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.തിങ്കളാഴ്ച 9.20ന് പരിയാരം പോലിസ് സ്‌റ്റേഷനു മുന്നിലും ചുടല എബിസിക്ക് സമീപത്തുമാണ് കരിങ്കൊടി കാട്ടിയത്. സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, വൈസ് പ്രസിഡന്റ് വി രാഹുല്‍, ജില്ലാ സെക്രട്ടറി മഹിത മോഹന്‍, രാഹുല്‍ പൂങ്കാവ്, സുധീഷ് വെള്ളച്ചാല്‍, മനോജ് കൈതപ്രം, വിജേഷ് മാട്ടൂല്‍, ജയ്‌സണ്‍ മാത്യു, സി വി വരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് സ്ഥലത്തും മുദ്രാവാക്യം വിളിയോടെയാണ് കരിങ്കൊടി കാട്ടിയത്. ചുടല കപ്പണത്തട്ടില്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വൈസ് പ്രസിഡന്റ് വി രാഹുലുമാണ് മുഖ്യമന്ത്രിയുടെ കാറിനുനേരേ കരിങ്കൊടി വീശിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായെത്തിയ മുഖ്യമന്ത്രിക്ക് നേരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

Next Story

RELATED STORIES

Share it