Science

ചന്ദ്രയാന്‍- 3 അടുത്തവര്‍ഷം; പുതിയ ദൗത്യത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

2022ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍- 3 വിക്ഷേപിക്കാനാമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ചന്ദ്രയാന്‍ 3 ഈ വര്‍ഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്.

ചന്ദ്രയാന്‍- 3 അടുത്തവര്‍ഷം; പുതിയ ദൗത്യത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ
X

ന്യൂഡല്‍ഹി: ചന്ദ്രയാന്‍- 3 ദൗത്യത്തിന്റെ പണിപ്പുരയിലാണ് ഐഎസ്ആര്‍ഒ. 2021ല്‍ ചന്ദ്രയാന്റെ മൂന്നാം പതിപ്പ് വിക്ഷേപിക്കാന്‍ പദ്ധതിയിട്ടെങ്കിലും കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു. 2022ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍- 3 വിക്ഷേപിക്കാനാമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ചന്ദ്രയാന്‍ 3 ഈ വര്‍ഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്.

അപ്രതീക്ഷിതമായി ലോകം നേരിട്ട കൊവിഡ് വ്യാപനവും ലോക്ക് ഡൗണുമാണ് ചന്ദ്രയാന്‍ 3 വൈകിയതിന് കാരണം. ലോക്ക് ഡൗണ്‍ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോമിലിരുന്ന് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദൗത്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ചന്ദ്രയാന്‍ 2നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന്‍ 3നും. എന്നാല്‍, ഇതിന് പുതിയ ഓര്‍ബിറ്ററുണ്ടായിരിക്കില്ല. ചന്ദ്രയാന്‍ 2ന്റെ സമയത്ത് വിക്ഷേപണം നടത്തിയ ഓര്‍ബിറ്റര്‍തന്നെ ചന്ദ്രയാന്‍ 3 ന് ഉപയോഗിക്കും.

2022ഓടെ ചന്ദ്രയാന്‍ 3 ലോഞ്ച് ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ ഫെബ്രുവരി ആദ്യം പറഞ്ഞിരുന്നു. ചാന്ദ്രദൗത്യം ഉള്‍പ്പടെ ഐഎസ്ആര്‍ഒയുടെ നിരവധി പദ്ധതികളെ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ ബാധിച്ചതായാണ് റിപോര്‍ട്ട്. 2019 ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്. ഐഎസ്ആര്‍ഒയെ സംബന്ധിച്ചിടത്തോളം ചന്ദ്രയാന്‍ 3 നിര്‍ണായകമാണ്. കാരണം കൂടുതല്‍ ഇന്റര്‍പ്ലാനറ്ററി ദൗത്യങ്ങള്‍ക്കായി ലാന്‍ഡിങ് നടത്താനുള്ള ഇന്ത്യയുടെ കഴിവുകള്‍ പുതിയ ദൗത്യം പ്രകടമാക്കും.

എന്താണ് ചന്ദ്രയാന്‍ 3

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പിന്‍ഗാമിയാണ് ചന്ദ്രയാന്‍ 3. ഇത് ചന്ദ്ര ഉപരിതലത്തില്‍ മറ്റൊരു സോഫ്റ്റ് ലാന്‍ഡിങിന് ശ്രമിക്കും. ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് ശ്രമത്തിനിടെ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവ ഉള്‍പ്പെടുന്നതാവും മൂന്നാം ദൗത്യമെന്ന് ഐഎസ്ആര്‍ഒ പറയുന്നത്.

പദ്ധതിച്ചെലവ്

ഐഎസ്ആര്‍ഒയുടെ കണക്കനുസരിച്ച് ചന്ദ്രയാന്‍-3 പദ്ധതിയുടെ മൊത്തം ചെലവ് 615 കോടി രൂപ വരും. ചന്ദ്രയാന്‍ 2 പദ്ധതിയുടെ ആകെ ചെലവ് 960 കോടി രൂപയായിരുന്നു. ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവക്കായി 250 കോടി രൂപ ചെലവാകുമെന്നും പദ്ധതി ആരംഭിക്കുന്നതിന് 365 കോടി രൂപ ചെലവാകുമെന്നുമാണ് നേരത്തെ പുറത്തുവിട്ട കണക്ക്.

ചന്ദ്രയാന്‍ 2ന് സംഭവിച്ചത്

ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുകയായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ഇന്ത്യ ലക്ഷ്യമിട്ടത്. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. 2019 ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് 29 ദിവസത്തിനുശേഷമാണ് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രയാന്‍ 2 ന്റെ ദൗത്യത്തിന്റെ അവസാന ഘട്ടമായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്.

എന്നാല്‍, ചന്ദ്രോപരിതലത്തില്‍നിന്നു 2.1 കിലോമീറ്റര്‍ അകലെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഇതെത്തുടര്‍ന്ന് നിര്‍ദിഷ്ട ലക്ഷ്യത്തില്‍നിന്ന് 500 മീറ്റര്‍ അകലെ വീണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങി തകര്‍ന്നു. വിക്രത്തിന്റെ ലാന്‍ഡിങ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള സമതലത്തിലായിരിരുന്നു. ഇത് വിജയകരമായി തീര്‍ന്നിരുന്നെങ്കില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമായിരുന്നു.

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഡിസംബറില്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ചെന്നൈ ആസ്ഥാനമായുള്ള ടെക്കി ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ഇത് കണ്ടെത്തിയത്. ഐഎസ്ആറോയുടെ കണക്കനുസരിച്ച് 95 ശതമാനത്തോളം ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. ചന്ദ്രോപരിതലത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെങ്കിലും ചന്ദ്രയാന്‍ 2 ഭ്രമണപഥത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശാസ്ത്രവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇനിയും ഏഴുവര്‍ഷം പ്രവര്‍ത്തിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it