Science

മൂന്നുപേരുമായി ഏഴ് മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂര്‍; 'സമുദ്രയാന്‍' ദൗത്യപേടകത്തിന്റെ ആദ്യപരീക്ഷണം വിജയകരം

മൂന്നുപേരുമായി ഏഴ് മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂര്‍; സമുദ്രയാന്‍ ദൗത്യപേടകത്തിന്റെ ആദ്യപരീക്ഷണം വിജയകരം
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര ഗവേഷണ പദ്ധതി 'സമുദ്രയാന്‍' ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ വഹിച്ചുകൊണ്ടുള്ള അണ്ടര്‍വാട്ടര്‍ കാപ്‌സ്യൂള്‍ വിജയകരമായി പരീക്ഷിച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും രണ്ട് മുതിര്‍ന്ന ശാസ്ത്രജ്ഞരും ആഴങ്ങളില്‍ ഏഴുമീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂറോളം ചെലവിട്ടു. സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവുമാണ് സമുദ്രയാന്‍ അധവാ ഡീപ്പ് ഓഷ്യന്‍ മിഷന്‍ ലക്ഷ്യമിടുന്നത്. 2018ലാണ് പദ്ധതിയുടെ ജോലികള്‍ തുടങ്ങുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനമാണ് പ്രധാന ലക്ഷ്യം.

ആഴക്കടല്‍ പര്യവേഷണത്തിനു മനുഷ്യനെ അയയ്ക്കാനാണു കേന്ദ്രസര്‍ക്കാര്‍ 'സമുദ്രയാന്‍' പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായുള്ള ജീവന്‍ രക്ഷാ സംവിധാനങ്ങളുള്‍പ്പെടെ പരീക്ഷിച്ചു. ഐഎസ്ആര്‍ഒയാണ് ദൗത്യത്തിനുള്ള മല്‍സ്യ 6000 എന്ന പ്രത്യേക പേടകം നിര്‍മിച്ചുനല്‍കുന്നത്. തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ മെറ്റീരിയല്‍സ് ആന്റ് മെക്കാനിക്കല്‍ എന്റിറ്റിയാണ് ഗോളാകൃതിയിലുള്ള പേടകം നിര്‍മിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ പര്യവേഷണം നടത്താനുള്ള സമുദ്രയാന്‍ പദ്ധതി 2024ലാണ് ഉദ്ദേശിക്കുന്നത്. ചവറ കെഎംഎംഎലില്‍ നിന്നുള്ള ടൈറ്റാനിയം ലോഹസങ്കരം കൊണ്ട് ഇസ്‌റോയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ക്രൂ മൊഡ്യൂള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു പേടകം നിര്‍മിച്ചത്.

രണ്ടുമീറ്റര്‍ വ്യാസമുള്ള പേടകത്തില്‍ മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം. വലിയ മര്‍ദ്ദം അതിജീവിക്കേണ്ടതിനാലാണ് ഗോളാകൃതിയിലുള്ള നിര്‍മിതി. എന്നാല്‍, പര്യവേഷണ പദ്ധതി നിര്‍വഹണം നാഷനല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി തന്നെയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ ധാതുക്കളെക്കുറിച്ച് വിശദമായി പഠനം നടത്തി, അത് ഖനനം ചെയ്യാനുള്ള സാധ്യത തെളിഞ്ഞാല്‍ അത് വാണിജ്യപരമായി രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിശ്വസിക്കുമെന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 75,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ പൊളിമെറ്റാലിക് നൊഡ്യൂള്‍ പര്യവേഷണം നടത്താന്‍ ഇന്ത്യ അന്താരാഷ്ട്ര സീബെഡ് അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. 380 മില്യന്‍ ടണ്‍ പൊളിമെറ്റാലിക് നൊഡ്യൂള്‍ ഈ പ്രദേശത്തുണ്ടെന്നാണ് അനുമാനം. ഇതില്‍ 4.7 മില്യന്‍ ടണ്‍ നിക്കലും, 4.29 മില്യന്‍ ടണ്‍ ചെമ്പും 0.55 മില്യന്‍ ടണ്‍ കൊബാള്‍ട്ടും 92.59 മില്യന്‍ ടണ്‍ മാഗ്‌നീസും ഉള്‍പ്പെടുന്നു. 4,077 കോടി രൂപയോളമാണ് സമുദ്ര പര്യവേഷണ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

Next Story

RELATED STORIES

Share it