Science

ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പറന്നു; സംഘത്തില്‍ ഇന്ത്യന്‍ വംശജയും

ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പറന്നു; സംഘത്തില്‍ ഇന്ത്യന്‍ വംശജയും
X

ലണ്ടന്‍: ബ്രിട്ടീഷ് ശതകോടീശ്വരനും വ്യവസായിയുമായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് കന്നി യാത്ര പുറപ്പെട്ടു. പ്രാദേശിക സമയം ഇന്ന് രാവിലെ 8:40ന് ആണ് അദ്ദേഹം അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍നിന്ന് പറന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 6:30ന് ആരംഭിക്കേണ്ടിയിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് രാത്രി എട്ടുമണിയിലേക്ക് മാറ്റിയത്. ബ്രാന്‍സണ്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ ആറ് യാത്രക്കാരാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. 17 വര്‍ഷം മുമ്പ് സ്വന്തമായി സ്ഥാപിച്ച വിര്‍ജിന്‍ ഗാലക്റ്റികിന്റെ ലേബലുള്ള പേടകത്തിലേറിയായിരുന്നു സംഘത്തിന്റെ യാത്ര.


പൈലറ്റുമാരായി ഡേവ് മക്കായ്, മൈക്കല്‍ മസൂഷി എന്നിവരും വിഎംഎസ് ഈവിനെ നയിച്ച് സി ജെ സ്റ്റര്‍കോവ്, കെല്ലി ലാറ്റിമര്‍ എന്നിവരുമുണ്ടാവും. ബെത് മോസസ്, കോളിന്‍ ബെനറ്റ്, ഇന്ത്യന്‍ വംശജയായ സിരിഷ ബണ്ട്‌ല എന്നിവരും ബ്രാന്‍സനെ അനുഗമിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജയായ ശിരിഷ ബാന്‍ഡ്‌ലയാണ് സംഘത്തിലുള്ളത്. ആന്ധ്രയിലെ ഗുണ്ടൂരിലാണ് 34കാരിയായ ശിരിഷ ജനിച്ചത്. കല്‍പ്പന ചൗള, സുനിത വില്യംസ് എന്നിവര്‍ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാണ് ശിരിഷ.

ആമസോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും കോടീശ്വരനുമായ എതിരാളി ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് പറക്കുമെന്ന് പ്രഖ്യാപിച്ചതിന് ഒമ്പത് ദിവസം മുമ്പ് ബഹിരാകാശത്തെത്താനാണ് ബ്രാന്‍സന്റെ പദ്ധതി. 'ശതകോടീശ്വരന്മാരുടെ ആകാശപ്പോര്' എന്ന് പേരുവീണ കടുത്ത മല്‍സരത്തിനാണ് ബഹിരാകാശം സാക്ഷിയാവാന്‍ ഒരുങ്ങുന്നത്. 2004ല്‍ വിര്‍ജിന്‍ ഗാലക്റ്റിക് സ്ഥാപിച്ച് ഈ രംഗത്ത് ബഹുമുഖ പരീക്ഷണങ്ങളിലായിരുന്ന ബ്രാന്‍സണ്‍ അടുത്തിടെയാണ് തന്റെ യാത്രയ്ക്ക് തിയ്യതി കുറിച്ചത്. വിര്‍ജിന്‍ ഗാലക്റ്റികിന്റെ വിഎസ്എസ് യൂനിറ്റിയിലേറിയായിരുന്നു യാത്ര. വിഎംഎസ് ഈവ് എന്ന ജെറ്റാണ് 50,000 അടി ഉയരം വരെ പേടകത്തെ നയിക്കുക. യാത്ര എട്ട് മൈല്‍ പിന്നിടുമ്പോള്‍ സ്‌പേസ് പ്ലെയിന്‍ വേര്‍പ്പെടും.


റോക്കറ്റ് എന്‍ജിന്‍ ഉപയോഗിച്ചാണ് പിന്നീടുള്ള യാത്ര. ഭൂമിയില്‍നിന്ന് യാത്ര പുറപ്പെട്ട് ഒരുമണിക്കൂറിനുള്ളില്‍ മടക്കം. ഭൂമിയുടെ ഭ്രമണപഥത്തിലെത്താതെയുള്ള യാത്രയാണിത്. റോക്കറ്റ് എന്‍ജിന്‍ വിച്ഛേദിക്കപ്പെടുന്നതിന് പിന്നാലെ യാത്രക്കാര്‍ക്ക് വാഹനത്തിന്റെ 17 ജനാകളിലൂടെ ഭൂമിയുടെ ഗോളാകൃതി കാണാനും ഒപ്പം ബഹിരാകാശത്തെ ഭാരമില്ലായ്മ നേരിട്ട് അനുഭവിക്കാനും സാധിക്കും. 80 കിലോമീറ്ററോളം (50 മൈല്‍) ഉയരത്തിലായിരിക്കും ഈ സമയം യാത്രക്കാര്‍. 55 മൈല്‍ ഉയരത്തിലെത്തിയ ശേഷമാണ് മടക്കം. ബഹിരാകാശത്ത് മനുഷ്യന്റെ കാഴ്ചകള്‍ക്ക് ദൂരവും വ്യാപ്തിയും നല്‍കുന്ന രാജ്യാന്തര ബഹിരാകാശ നിലയ (ഐഎസ്എസ്)ത്തിലേക്ക് പലതവണ മനുഷ്യര്‍ യാത്രചെയ്തിട്ടുണ്ടെങ്കിലും വിനോദസഞ്ചാരത്തിന്റെ ഭാഗമായിട്ടായിരുന്നില്ല അവയൊന്നും.

പകരം ശാസ്ത്ര ലക്ഷ്യങ്ങളോടെയായിരുന്നു. മുമ്പ് ചില ടൂറിസ്റ്റുകള്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്തതാവട്ടെ അത് റഷ്യന്‍ റോക്കറ്റുകളിലായിരുന്നു. വിനോദ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്ന വെര്‍ജിന്‍ ഗാലക്റ്റിക്കിന്റെ പദ്ധതിയുടെ ഭാഗമാവാന്‍ 600ലധികം പേര്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 1.86 കോടി രൂപയാണ് (2.5 ലക്ഷം ഡോളര്‍) സീറ്റ് ഒന്നിന് വില. വിനോദയാത്രാ പദ്ധതിക്കുമുമ്പേ കൂടുതല്‍ പരീക്ഷണപ്പറക്കലുകള്‍ കമ്പനി നടത്തും. താന്‍തന്നെ യാത്ര നടത്തി സുരക്ഷ തെളിയിക്കേണ്ടതുണ്ടെന്നാണ് ബ്രാന്‍സണ്‍ നേരത്തേ പ്രതികരിച്ചത്.

കുട്ടിക്കാലം മുതല്‍ തന്നെ ബഹിരാകാശ യാത്ര തന്റെ സ്വപ്‌നമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.ഇന്നത്തേതിന് സമാനമായ രണ്ട് യാത്രകള്‍ കൂടി വെര്‍ജിന്‍ ഗാലക്റ്റിക്കിന്റെ പദ്ധതിയിലുണ്ട്. 2022 മുതല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. അറുപതോളം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായി 600ല്‍പ്പരം ടിക്കറ്റുകള്‍ ഇതുവരെ വില്‍പ്പന നടത്തിയിട്ടുണ്ട്. യാത്ര പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷം ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന പ്രഖ്യാപനം താന്‍ നടത്തുമെന്നാണ് ബ്രാന്‍സന്റെ വാഗ്ദാനം.

Next Story

RELATED STORIES

Share it