Science

ഒരു കണ്‍പീലിയുടെ നീളം, ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി ഗവേഷകര്‍

ഒരു കണ്‍പീലിയുടെ നീളം, ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി ഗവേഷകര്‍
X

രു കണ്‍പീലിയുടെ നീളം മാത്രം, നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാം... ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഫ്രാന്‍സിന്റ കിഴക്കുള്ള ദ്വീപസമൂഹമായ ഗ്വാദെലൂപിസെ ചതുപ്പില്‍ നിന്നാണ് ശാസ്ത്രലോകത്തിന് പൊന്‍തൂവലായി മാറുന്ന കണ്ടെത്തല്‍ നടത്തിയത്. മനുഷ്യന്റെ കണ്‍പീലികളുടെ വലിപ്പമുള്ള വെളുത്ത നാരിന്റെ രൂപമാണിതിന്. തിയോ മാര്‍ഗരിറ്റ മാഗ്‌നിഫിക എന്ന് പേരിട്ടിരിക്കുന്ന ഈ ബാക്ടീരിയത്തിന് ഒരു സെന്റീമീറ്റര്‍ നീളമാണുള്ളത്. അറിയപ്പെടുന്ന മറ്റ് ബാക്ടീരിയത്തേക്കാള്‍ 50 ഇരട്ടി വലിപ്പമാണിത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയമെന്ന പ്രത്യേകതയും ഇതിനുണ്ട്.


ആഴം കുറഞ്ഞ ഉഷ്ണമേഖലാ സമുദ്ര ചതുപ്പുനിലങ്ങളിലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന കണ്ടല്‍ചെടികളുടെ പ്രതലത്തിലാണ് നേര്‍ത്ത വെളുത്ത നാരുകളുടെ രൂപത്തില്‍ പുതിയ ബാക്ടീരിയത്തെ ഗവേഷകര്‍ കണ്ടെത്തിയത്. കണ്ടെത്തല്‍ ഗവേഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കാരണം പരിചിതമായ കോശപരിണാമ രീതികള്‍ വച്ച് ഒരു ബാക്ടീരിയത്തിന് ഇത്രത്തോളം വളരാന്‍ സാധിക്കില്ലെന്നാണ് പഠനം. പുതിയ സ്പീഷിസുകളേക്കാള്‍ 100 മടങ്ങ് ചെറുതായി, സാധ്യമായ പരമാവധി വലുപ്പ പരിധി മുമ്പ് ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചിരുന്നു.

ഒരു മനുഷ്യന്‍ എവറസ്റ്റിന്റെ വലിപ്പമുള്ള മറ്റൊരു മനുഷ്യനെ കണ്ടെത്തുന്നതിന് തുല്യമാണ് ഈ കണ്ടെത്തലെന്ന് ലോറന്‍സ് ബെര്‍ക് ലി നാഷനല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീന്‍ മേരി വോളണ്ട് പറഞ്ഞു. തിയോമാര്‍ഗരിറ്റ മാഗ്‌നിഫിക്കയില്‍ മറ്റ് ബാക്ടീരിയകളേക്കാള്‍ മൂന്നിരട്ടി ജീനുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്വാദെലൂപിലെ ഫ്രഞ്ച് വെസ്റ്റ് ഇന്‍ഡീസ് ആന്റ് ഗിയാന സര്‍വകലാശാലയിലെ മറൈന്‍ ബയോളജി പ്രഫസര്‍ ഒലിവര്‍ ഗ്രോസ് ആണ് കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയില്‍ സഹജീവികളായ ബാക്ടീരിയകള്‍ക്കായി തിരയുന്നതിനിടയില്‍ ഈ ബാക്ടീരിയത്തെ കണ്ടെത്തിയത്.

എങ്ങനെയാണ് ഇതിന് ഇത്രയും വലിപ്പമുണ്ടായതെന്നത് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. ഇരപിടിയന്‍മാരില്‍ നിന്നുള്ള രക്ഷയ്ക്കാവാം ഈ പരിണാമമെന്നാണ് അനുമാനം. അതേസമയം, ഈ ബാക്ടീരിയത്തെ മറ്റിടങ്ങളിലൊന്നും കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല, ഇതിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അവ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് അവിടം സന്ദര്‍ശിച്ച ഗവേഷകര്‍ക്ക് അവയെ കണ്ടെത്താനാവില്ല.

അവ മറ്റുള്ളവരുടെ കണ്ണില്‍പ്പെടുന്നതില്‍ നിന്ന് മറഞ്ഞിരിക്കുകയാവുമെന്നാണ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നത്. മിക്ക ബാക്ടീരിയകളേക്കാളും മൂന്നിരട്ടി ജീനുകളും ഓരോ കോശത്തിലും വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് ജീനോം പകര്‍പ്പുകളും ബാക്ടീരിയയില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഇത് അസാധാരണമാണ്. സൂക്ഷ്മപരിശോധനയില്‍ വിചിത്രമായ ആന്തരിക ഘടനയാണ് കണ്ടെത്തിയതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it