Web & Social

ഈ 21 സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കുക.... മുന്നറിയിപ്പുമായി കേരളാ പോലിസ്

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ് എന്നിവയും ഇന്ത്യയില്‍ നിലവില്‍ നിരോധിച്ച ടിക് ടോക്കും പട്ടികയിലുണ്ട്. കേരളാ പോലിസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ആപ്പുകളുടെ പട്ടിക പുറത്തുവിട്ടത്.

ഈ 21 സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കുക.... മുന്നറിയിപ്പുമായി കേരളാ പോലിസ്
X

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകള്‍ അടച്ചിരിക്കുന്നതിനാല്‍ ഏറെക്കാലമായി ഓണ്‍ലൈന്‍ വഴിയാണ് കുട്ടികളുടെ പഠനം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനായി രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ സ്വതന്ത്രമായി നല്‍കുന്നുമുണ്ട്. പഠനസൗകര്യത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ അനിവാര്യമാണെങ്കിലും ഇത് ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പോലിസ്. കുട്ടികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള 21 ആപ്ലിക്കേഷനുകളുടെ പട്ടികയാണ് പോലിസ് പുറത്തുവിട്ടത്.

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ് എന്നിവയും ഇന്ത്യയില്‍ നിലവില്‍ നിരോധിച്ച ടിക് ടോക്കും പട്ടികയിലുണ്ട്. കേരളാ പോലിസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ആപ്പുകളുടെ പട്ടിക പുറത്തുവിട്ടത്. ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ, പ്രായപൂര്‍ത്തിയായവര്‍ക്കോ വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ, കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍, രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് കേരള പോലിസ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അപരിചിതരുമായി സംവദിക്കാനും കൂടിക്കാഴ്ച ഒരുക്കാനും സാധിക്കുന്ന whisper, Omegle, Ask.FM, Hot On Not പോലുള്ള ആപ്പുകളും, Yellow, Wishbone, Kik Messaging Kik, Meet Me, Grindr, Instagram, Burn Book, Snapchat, Tiktok, YikYak, Zoomerang, Telloymn, Facebook Messenger, Badoo, Bumble, Calculator%, skout തുടങ്ങിയ ആപ്പുകളാണ് പോലിസ് പുറത്തുവിട്ട പട്ടികയിലുള്ളത്. ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പോലിസിന്റെ മുന്നറിയിപ്പ്. മുതിര്‍ന്നവരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആപ്പുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് പറയുന്നു.

അതിനാല്‍, കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന ഫോണുകളില്‍ അപരിചിതമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നും അക്കൂട്ടത്തില്‍ പോലിസ് നല്‍കിയിരിക്കുന്ന പട്ടികയിലുള്ള ആപ്പുകള്‍ ഉണ്ടോ എന്നും ഇടയ്ക്കിടെ പരിശോധിക്കുക. ഓരോ ആപ്പിന്റെ ദുരുപയോഗത്തെക്കുറിച്ചും പോലിസ് വിശദീകരിക്കുന്നുണ്ട്. ഫോണില്‍ സുപരിചിതമായി തോന്നുന്ന കാല്‍ക്കുലേറ്റര്‍, പക്ഷെ calculator% എന്ന ആപ്പും പട്ടികയിലുണ്ട് എന്നതാണ് ശ്രദ്ധേയം. ഇതിന് പോലിസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ- കാല്‍ക്കുലേറ്റര്‍ ശതമാന ചിഹ്നം: ഈ ആപ്പ് ഫോട്ടോകളും വീഡിയോകളും ഫയലുകളും ബ്രൗസിങ് ഹിസ്റ്ററികളും രഹസ്യമായി സൂക്ഷിക്കാനുള്ള ആപ്പാണ് എന്നാണ് പോലിസ് പറയുന്നത്.

സുരക്ഷിതത്വം വാഗ്ദാനം ചെയ്യുമ്പോഴും പല ആപ്പുകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് പോലിസ് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് ഓരോ ആപ്പിന്റെയും ഉപയോഗവും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും രക്ഷകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണമെന്നാണ് പോലിസ് മുന്നറിയിപ്പ് നല്‍കുന്നത്.

Next Story

RELATED STORIES

Share it