Travel

മഴ നനഞ്ഞ് ഹിമാലയന്‍ ഗിരിനിരകളില്‍

ദര്‍വീശിന്റെ പാദങ്ങളില്‍ നിന്നുണരുന്ന ലോകം അവനെ മൂടുന്നപോലെ, യാത്രികന്‍ യാത്രയ്ക്കവസാനം അവനിലേക്കു സഞ്ചരിക്കും. ഹിമാലയന്‍ ഗിരിനിരകളില്‍കൂടെയുള്ള യാത്ര സ്വപ്‌നമായിരുന്നു. ഹിമാലയം, യാത്രികന് താഴ്‌വര ഇറങ്ങുമ്പോള്‍ അകമെ സൂക്ഷിക്കാന്‍ ഒരു സാഗരം കരുതുന്ന ആത്മീയ ഹിമനിരകള്‍.

മഴ നനഞ്ഞ് ഹിമാലയന്‍ ഗിരിനിരകളില്‍
X

യാസിര്‍ അമീന്‍

പ്രത്യക്ഷ്യത്തില്‍ പുറമേക്കുള്ള പ്രവാഹമാണെങ്കിലും യാത്രയ്ക്കവസാനം അകം കിനിഞ്ഞു കിനിഞ്ഞു ഒരു കടല്‍ രൂപപ്പെടുന്നുണ്ട്. ദര്‍വീശിന്റെ പാദങ്ങളില്‍ നിന്നുണരുന്ന ലോകം അവനെ മൂടുന്നപോലെ, യാത്രികന്‍ യാത്രയ്ക്കവസാനം അവനിലേക്കു സഞ്ചരിക്കും. ഹിമാലയന്‍ ഗിരിനിരകളില്‍കൂടെയുള്ള യാത്ര സ്വപ്‌നമായിരുന്നു. ഹിമാലയം, യാത്രികന് താഴ്‌വര ഇറങ്ങുമ്പോള്‍ അകമെ സൂക്ഷിക്കാന്‍ ഒരു സാഗരം കരുതുന്ന ആത്മീയ ഹിമനിരകള്‍..


മൂന്നുപേര്‍, റാഷീക്ക, അന്‍സര്‍, ഞാന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സബര്‍കാന്തി എക്‌സ്പ്രസ്സില്‍ യാത്ര തിരിച്ചു. മൂന്നാം ദിവസം 12ഓടെ നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ ഇറങ്ങി. മുമ്പ് പല തവണ ഡല്‍ഹില്‍ വന്നിട്ടുണ്ടെങ്കിലും യാത്ര എന്ന വികാരത്തില്‍ ആദ്യമായാണ് ഡല്‍ഹിയില്‍ ഇറങ്ങുന്നത്. നിസാമുദ്ധീന്‍ ദര്‍ഗയും ജുമാമസ്ജിദും സന്ദര്‍ശിച്ച ശേഷം ഏഴിന് കാശ്മീരി ഗെയിറ്റില്‍ നിന്നും ഹരിദ്വാറിലേക്ക് ബസ് കയറി.


ഇപ്പോള്‍ നില്‍ക്കുന്നത് ഹരിദ്വാറിലെ ഹര്‍ കി പൗറിലാണ് (ഹരിപാദം) സ്വപ്‌നസമാനമാണ് ഈ നിമിഷം. ഗംഗാനദിക്ക് വലതുവശം ചേര്‍ന്നു നില്‍ക്കുന്ന ഹരിപാദം പ്രധാന സ്‌നാനഘട്ടമാണ്. യോഗികളും കാവിവസ്ത്രധാരികളുമായ നിരവധിയാളുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. നിരവധി തീര്‍ഥാടകരുണ്ട്. പാലത്തിന് കീഴെ ഗംഗാ നദി ക്ഷുഭിതയായി ഒഴുകുന്നു. ഗംഗയിലേക്കിറങ്ങാന്‍ കല്‍പടവുകള്‍ കെട്ടിയിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ മന്ത്രമുരിവിട്ടുകൊണ്ട് നദിയില്‍ മുങ്ങിനിവരന്നുണ്ട്. ഒഴുക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ വലിയ ചങ്ങലകള്‍ ഇരുകരകളിലേക്ക് വലിച്ചുകെട്ടി, വളയങ്ങളുള്ള ചങ്ങലകള്‍ തൂക്കിയിട്ടുണ്ട്. കല്‍പ്പടവുകള്‍ക്ക് അരികിലായി ഞങ്ങള്‍ അല്‍പ്പനേരം നിന്നു, ചുറ്റും മന്ത്രോച്ചാരണങ്ങള്‍ മാത്രം.


നദിയില്‍ മുങ്ങി നിവരുന്നവരുടെ മുഖത്ത് പൂര്‍ണ സംതൃപ്തി. ഗംഗയില്‍ സ്‌നാനം ചെയ്താല്‍ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ചിലര്‍ മുറം പോലുള്ള ഒരു ഉപകരണം കൊണ്ട് നദിയില്‍ നിന്ന് എന്തോ അരിച്ചെടുക്കുന്നുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോള്‍ നാണയത്തുട്ടുകളും മറ്റും അവര്‍ അരിച്ചെടുത്ത് പോക്കറ്റിലേക്കിടുന്നത് കണ്ടു.


ഒരു പാലവുംകുടെ കടന്ന് പിന്നെയും മുന്നോട്ട് പോയി. ചെറിയ സംഘങ്ങള്‍ ഞങ്ങളെ കടന്നു പോകുന്നുണ്ട്. അവര്‍ ഉറക്കെ മന്ത്രങ്ങള്‍ ചൊല്ലുന്നു. യൂപിയില്‍ നിന്നോ മറ്റോ ഉള്ള ഗ്രാമീണരാണെന്ന് അവരുടെ വസ്ത്രധാരണം വ്യക്തമാക്കി. ക്ഷേത്രമണിനാദങ്ങളാല്‍ മുഖരിതമാണിപ്പോള്‍, ഹരി കി പൗറിലെ രാത്രിയാണ് ലാവണ്യാത്മകം. കര്‍പ്പൂര ദീപങ്ങളും പൂജാപുഷ്പങ്ങളുമായി ഗംഗയിലുടെ ഒഴുകുന്ന കുഞ്ഞുതോണികള്‍, കടലാസു തോണിയിലൊഴുകുന്ന കുഞ്ഞു മണ്‍ചെരാതുകള്‍, ആശ്രമങ്ങളിലേയും മറ്റു കെട്ടിടങ്ങളിലേയും ലൈറ്റുകളുടെ പ്രതിബിംബങ്ങളാല്‍ ആത്മീയ നിര്‍വൃതിയില്‍ ചിരിച്ചൊഴുകുന്ന ഗംഗ, ഹരിപാദത്തിലെ രാത്രി തന്നെയാണ് കാവ്യാത്മകം. ഞങ്ങള്‍ തിരിച്ചു. ഇനി യാത്ര ഋഷികേശ് വഴി രുദ്രപയാഗിലേക്ക്. ഋഷികേശില്‍ നിന്ന് ചെറിയൊരു ബസ്സില്‍ കയറി. കെട്ടിട സമുച്ചയങ്ങളില്‍ നിന്നും റോഡ് മെല്ലെ ഗ്രാമീണതയിലേക്ക് സഞ്ചരിച്ചു. ചുറ്റും ഭീമാകാരമായ മരങ്ങളുള്ള കാട്. ഗംഗ ഓരം ചേര്‍ന്ന് ഒഴുകുന്നുണ്ട്. ഗംഗാ തീരത്തുകുടെയാണ് മുകളിലേക്കുള്ള റോഡ് വെട്ടിയതെന്ന് തോന്നുന്നു.


ഇവിടെയും ക്ഷുഭിതയായിതന്നെയാണ് ഗംഗ ഒഴുകുന്നത്. കാട് പിറകിലായി. ബസ് ഇപ്പോള്‍ സഞ്ചരിക്കുന്നത് തുറസ്സായ ഗ്രാമവഴികളിലൂടെയാണ്. റോഡിനോരത്തുകൂടെ കോവര്‍കഴുതകളും ചെമ്മരിയാട്ടിന്‍ കൂട്ടങ്ങളും അലയുന്നുണ്ട്. പതിയെ ബസ് മല കയറാന്‍ തുടങ്ങി. മലയെ ചുറ്റി ബസ് സഞ്ചരിച്ചു. റോഡിന് മുകളിലായി വലിയ പാറകള്‍ പന്തലുവിരിച്ചിട്ടുണ്ട്. ആദ്യമായി ഈ റൂട്ട് പോകുമ്പോള്‍, ബസ്സിലാണെങ്കിലും മുന്നിലെ പാറകള്‍ കാണുമ്പോള്‍ അറിയാതെ തല താഴ്ത്തും. അത്രയും അടുത്തായാണ് അവയുടെ നില്‍പ്പ്. ഋഷികേശില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ക്ഷുഭിതയായി ഒഴികിയിരുന്ന ഗംഗ യാത്രയുടെ പകുതി പിന്നിട്ടപ്പോള്‍, സ്വസൗന്ദര്യം തിരിച്ചറിഞ്ഞതുപോലെ ഹിമാലയന്‍ ഗിരിനിരകളെ ചുറ്റി, ഒരു വെള്ളി പാദസരം പോലെ ശാന്തമായൊഴുകുകയാണിപ്പോള്‍. ആറ് മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ രുദ്രപ്രയാഗിലെത്തി. ഇനി ഇവിടെ നിന്ന് ഹുകിമഡ് വഴി ചോപ്ത്തയിലെത്തണം അവിടെ നിന്ന് തുംഗനാദ് ഗിരിനിരകളിലേക്ക്.


തുംഗനാദിലേക്ക് അതി രാവിലെ മാത്രമെ ബസ് ഉള്ളു. രുദ്രപ്രയാഗില്‍ റൂം എടുത്തു. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോള്‍ ശക്തമായ മഴ. എങ്ങോട്ടും പോകാന്‍ കഴിഞ്ഞില്ല. അല്‍പ്പം മഴ നനഞ്ഞതിന് ശേഷം ആ ദിവസം അവസാനിപ്പിച്ചു. അടുത്ത ദിവസം അതിരാവിലെ എണീറ്റു ഹോട്ടലിന്റെ തൊട്ടുമുമ്പിലുള്ള സ്ന്റാന്റില്‍ ചെന്നു. മഴകാരണം റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും തുംഗനാദിലേക്ക്് ബസ്സില്ലെന്നും അറിയാന്‍ കഴിഞ്ഞു. പേപ്പറും പച്ചക്കറിയും കൊണ്ടുപോകുന്ന വാഹനത്തിലായി പിന്നീട് യാത്ര. വാഹനത്തില്‍ ഹുകിമഡ് വരെ എത്താന്‍ കഴിഞ്ഞു. അവിടെ നിന്ന് ടാക്‌സി പിടിച്ചു. റോഡിന്റെ പലഭാഗത്തും മധ്യഭാഗം മുതല്‍ ഇടിഞ്ഞിട്ടുണ്ട്. വെറുതെയൊന്നു തലപുറത്തേക്കിട്ട് താഴേക്ക് നോക്കിയപ്പോള്‍ ടാക്‌സിയുടെ പിന്‍ടയര്‍ അന്തരിക്ഷത്തില്‍ നില്‍ക്കുന്നതാണ് കണ്ടത്. താഴേക്ക് അഗാധമായ കൊക്ക. ഉടനെ തല അകത്തേക്കിട്ട് ശ്വാസമടക്കിപിടിച്ചിരുന്നു. വെറുതെ െ്രെഡവറെയൊന്ന് നോക്കി, ഇതൊക്കെ എന്ത് എന്ന മുഖഭാവത്തോടെ അയാള്‍ അനായാസം െ്രെഡവ് ചെയ്യുകയാണ്.

ഏകദേശം ഒന്നര മണിക്കുര്‍ സമയം കൊണ്ട് ചോപ്ത എത്തി. ഇവിടെ നിന്നാണ് തുംഗനാദിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. ഒരു ചെറിയ കടയില്‍ നിന്ന് ചായകുടിച്ചു. വെള്ളവും രണ്ടുമൂന്നു ബിസ്‌ക്കറ്റു പായ്ക്കറ്റും കരുതി ഞങ്ങള്‍ ട്രക്കിങ് ആരംഭിച്ചു. ഇവിടെ നിന്ന് നാല് കിലോമീറ്റര്‍ കയറിയാല്‍ തുംഗനാദ് ക്ഷേത്രം, അവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ചന്ദ്രശില. വംശനാശ ഭീഷണി നേരിടുന്ന കസ്തൂരിമാനിനെ സംരക്ഷിക്കുന്നതിന് വേണ്ടി 1972 മുതല്‍ ഈ സ്ഥലം പ്രത്യേക പരിഗണനയിലാണ്. തോലില്‍ പച്ചപ്പ് പടര്‍ന്ന പടുകറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു.

തുംഗനാഥ് എന്നാല്‍ കൊടുമുടിയുടെ ദൈവം എന്നാണ്. 1000 വര്‍ഷം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. ഞങ്ങള്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഹിമാലയന്‍ നിരകളില്‍ നിന്ന് വെള്ളി നൂല്‍ പോലുള്ള മഴ നനഞ്ഞപ്പോള്‍ എന്തന്നില്ലാത്ത അനുഭൂതി. ഒരിക്കല്‍ നമ്മള്‍ വായിച്ചറിഞ്ഞ സ്ഥലങ്ങളിലൂടെ യാത്രചെയ്യുക എന്നതും അതുപോലെ പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു അനുഭൂതിയാണ്. ഏകദേശം മൂന്ന് കിലോമീറ്റര്‍ കയറിയപ്പോള്‍ ഒരു ചെറിയ കട കണ്ടു. അല്‍പ്പം നേരം അവിടെ വിശ്രമിച്ചു. ഒരോ ചൂടു ചായയും കുടിച്ചു. താഴെ കയറിവന്ന വളഞ്ഞുപുളഞ്ഞ ട്രക്കിങ് വഴികളിലേക്ക് നോക്കി ആവിയുയരുന്ന ചായ ഊതി കുടിച്ചു. പിന്നെയും യാത്ര തുടര്‍ന്നു. അവിടെ മുതല്‍ ഞങ്ങള്‍ക്ക് കൂട്ടായി രണ്ടു നായകള്‍ കൂടി. വളരെ ഫ്രണ്ട്‌ലിയാണവര്‍. കയ്യിലുണ്ടായിരുന്ന ബിസ്‌ക്കറ്റ് കൊടുത്തപ്പോള്‍ ഫോട്ടോയ്ക്ക് പോസ് തന്നു. ക്ഷേത്രം വരെ അവര്‍ ഞങ്ങളെ വഴിക്കാണിച്ചു.

ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് തുംഗനാദ് ക്ഷേത്ര കവാടത്തിലാണ്. സമുദ്ര നിരപ്പില്‍ നിന്നും 3680 മീറ്റര്‍( 12,073 അടി) ഉയരത്തില്‍. മഞ്ഞു വീഴുന്ന കാലം അല്ലാഞ്ഞിട്ടുപോലും എല്ലു തുളയ്ക്കുന്ന തണുപ്പുണ്ട്. സംസാരിക്കുമ്പോള്‍ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, കൈയെല്ലാം മരവിച്ചിരിക്കുന്നു. ക്ഷേത്രത്തിന് മുന്നിലെ കമാനത്തില്‍ ഒരു വലിയ മണിതൂക്കിയിട്ടുണ്ട്. ഭക്തര്‍ അതില്‍ ശബ്ദമുണ്ടാക്കിയതിന് ശേഷമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. മിനുസമുള്ള പാറകള്‍കൊണ്ട് കെട്ടിയ ഒതുങ്ങിയൊരു കെട്ടിടമാണ് ക്ഷേത്രം. കോവിലിന് മുമ്പിലായി ഒരു കാളയുടെ ശില്‍പ്പം കൊത്തിവച്ചിരിക്കുന്നുഋ. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമാണിത്. അല്‍പ്പസമയം അവിടെ വിശ്രമിച്ചതിന് ശേഷം ഞങ്ങള്‍ ചന്ദ്രശിലയിലേക്കുള്ള ട്രക്കിങ് ആരംഭിച്ചു. ഒന്നര കിലോമീറ്ററാണ് ഇവിടെ നിന്നുള്ള ദൂരം. രാവണനെ പരാജയപ്പെടുത്തിയ ശേഷം രാമന്‍ തപസ് ചെയ്തത് ചന്ദ്രശിലയിലാണെന്നാണ് വിശ്വാസം. ചന്ദ്ര ദേവന്‍ ധ്യാനിക്കാറുള്ള സ്ഥലമാണെന്നാണ് മറ്റൊരു വിശ്വാസം.

അക്ഷരങ്ങളും വാക്കുകളും ഈ ഗിരിനിരകളുടെ സൗന്ദര്യത്തിന് മുമ്പില്‍ അപര്യാപ്തമാണ്. കണ്ണുനിറയ്ക്കുന്ന കാഴ്ച്ചയ്ക്കുമാത്രമെ ഇവിടെ ഉള്ളു നിറയ്ക്കാന്‍ കഴിയൂ. എകദേശം ഒന്നര മണിക്കൂര്‍കൊണ്ട് ഞങ്ങള്‍ മുകളിലെത്തി. നിര്‍ഭാഗ്യവശാല്‍ ചുറ്റും കോട മൂടിയിരിക്കുകയായിരുന്നു. അല്‍പ്പം കാത്തിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 4000 മീറ്റര്‍ (13000 അടി) ഉയരത്തിലാണ് ഞങ്ങളിപ്പോള്‍. ഇവിടെ ഞങ്ങള്‍ മാത്രമെയുള്ളു. ആരും പരസ്പരം സംസാരിച്ചില്ല. ആനന്ദകരമായ മൗനം... കല്ലുകൊണ്ട് ചെറിയ കൂടിന് മുകളില്‍ നാട്ടിയ പലവര്‍ണകൊടി കാറ്റിലുലയുന്ന ശബ്ദം മാത്രം. എപ്പേഴോ അറിയാതെ കണ്ണു നിറഞ്ഞു. അല്‍പ്പനേരത്തെ കാത്തിരിപ്പിന് ശേഷം കോട ഒഴിഞ്ഞു. ദൂരെ സ്വര്‍ഗസമാനമായി മഞ്ഞുമൂടിയ ഗിരിനിരകള്‍ കാണാം. മടക്കുമടയ്ക്കായി അവയങ്ങനെ... പെട്ടെന്ന് മഴപെയ്യാന്‍ തുടങ്ങി. കയ്യിലുണ്ടായിരുന്ന പ്ലാസിറ്റ് കവറുകള്‍കൊണ്ട് ഞങ്ങള്‍ ബാഗ് കെട്ടിവച്ചു. ചന്ദ്രശിലയിലെ മഴനനഞ്ഞ് അല്‍പ്പനേരം അങ്ങനെ നിന്നു. മഴ കൂടി കൂടി വന്നു. സൂര്യാസ്തമയം നേരത്തെ ആയതിനാല്‍ ഇനിയും നിന്നാല്‍ തിരച്ചിറങ്ങല്‍ ബുദ്ധിമുട്ടാവും. കെട്ടികൂട്ടിയ ബാഗും തൂക്കി ഞങ്ങള്‍ മഴ നനഞ്ഞിറങ്ങി.

ചെരിഞ്ഞുപെയ്ത മഴ കണ്ണിലടിക്കുന്നുണ്ട്. മുകളില്‍ നിന്ന് കുത്തിയൊഴുകുന്ന വെള്ളവും ഞങ്ങളുടെ കൂടെ താഴേക്ക് ഇറങ്ങുന്നുണ്ട്. ഇടുങ്ങിയ ചെറിയ ട്രക്കിങ് വഴിയിലൂടെയാണ് വെള്ളമൊഴുകുന്നത്. ഒഴുക്കുകൂടിയാല്‍ ഇറങ്ങാന്‍ കഴിയില്ല എന്നുള്ളത്‌കൊണ്ട് അത്യാവശ്യം വേഗത്തിലാണ് നടത്തം. മഴ ആര്‍ത്തുപെയ്തുകൊണ്ടിരുന്നു. നടത്തം പതിയെ ഓട്ടമായി മാറി. ഏകദേശം പകുതി പിന്നിട്ട് അല്‍പ്പം നേരം നിന്നു ചുറ്റും നോക്കി. ആദ്യം കോടയാണ് കാഴ്ച മറച്ചതെങ്കില്‍ ഇപ്പോള്‍ മഴയാണ് കാഴ്ച്ച മറക്കുന്നത്. എങ്കിലും ഹിമാലയത്തില്‍ പെയ്യുന്ന മഴ നനയുക എന്നത് സ്വപ്‌നമായിരുന്നതിനാല്‍ ആവോളം ആസ്വദിച്ചു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ താഴെ എത്തി. അതിനിടയ്ക്ക് അന്‍സാര്‍ വീണു, അവന്റെ കണ്ണട നഷ്ടപ്പെട്ടു, ഫോണും പേഴ്‌സുമെല്ലാം നനഞ്ഞു കുതിര്‍ന്നു. എങ്കിലും കാര്യമായ പ്രശ്‌നമില്ലാതെ ഞങ്ങള്‍ താഴെയെത്തി. തുംഗനാദ് ക്ഷേത്രത്തിനടുത്തുള്ള ചായക്കടയില്‍ നിന്ന് വീണ്ടും ഓരോ ചായ ഊതിയൂതി കുടിച്ചു. ചോപ്ത വരെ ഇനി നാലുകിലോമീറ്റര്‍ ഇറങ്ങണം. ചായക്കടയില്‍ നിന്ന് തന്നെ ഞങ്ങള്‍ വസ്ത്രം മാറി, അല്ലെങ്കില്‍ തണുത്തുമരിക്കുമായിരുന്നു. മഴ അല്‍പ്പം മാറിയതിന് ശേഷം ഞങ്ങള്‍ തിരിച്ചിറങ്ങി. ഏകദേശം എട്ടു മണിയോടെ ചോപ്തയിലെത്തി. ഇവിടെന്നിന്ന് ഇനി രാവിലെ മാത്രമെ ബസ്സുള്ളു. തല്‍ക്കാലം ഈ രാത്രി ചോപ്തയില്‍ തന്നെ. അടുത്ത യാത്ര ബദരീനാഥിലേക്കാണ്.

Next Story

RELATED STORIES

Share it