- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിമാലയത്തിലൂടെ...
(രണ്ടാം ഭാഗം)
-യാസിര്‍ അമീന്‍
ഏഴുദിവസം മുമ്പ് തുടങ്ങിയ യാത്രയാണ്. ഡല്‍ഹി, ഋഷികേശ്, ഹരിദ്വാര്‍ വഴി സഞ്ചരിച്ച് ഇപ്പോള്‍ നില്‍ക്കുന്നത് തുംഗനാദിന്റെ താഴ്‌വാരത്തില്‍. ഞങ്ങള്‍ മൂന്നുപേര്‍, റാഷീക്ക, അന്‍സര്‍, ഞാന്‍. നല്ല തണുപ്പുണ്ട്. കഴിഞ്ഞ ദിവസം മഴ നനഞ്ഞ് ചന്ദ്രശിലയില്‍ നിന്ന് ഇറങ്ങിയപ്പോഴുള്ള തണുപ്പിന് നേരം പുലര്‍ന്നിട്ടും ശമനമായിട്ടില്ല. റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി. തൊട്ടടുത്തുള്ള ചെറിയകടയില്‍ നിന്ന് പ്രാതല്‍ കഴിച്ചു. വിശപ്പ് മാറിയപ്പോള്‍ ബദരീനാഥിലേക്കുള്ള വഴി അന്വേഷിച്ചു. ഒമ്പതുമണിക്ക് ഒരു ബസ്സുണ്ട്. പക്ഷേ, രാത്രിയിലെ മഴയില്‍ റോഡ് തകര്‍ന്നതിനാല്‍ അത് എത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഒരോ ചൂടുകാപ്പി ഊതിക്കുടിച്ച് ഞങ്ങള്‍ കാത്തിരുന്നു. ദൈവാനുഗ്രഹത്താല്‍ സമയമായപ്പോഴേക്കും ബസ് വന്നു. ഇനി യാത്ര നേരെ ഭുവനേശ്വറിലേക്ക് അവിടെ നിന്ന് ചമോലി വഴി ജോഷിമഠിലേക്കും അവിടെ നിന്ന് ബദരീനാഥിലേക്കും. മലഞ്ചെരുവും കാനനപ്പാതയും പിന്നിട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഞങ്ങള്‍ ജോഷിമഠിലെത്തി. ബദരീനാഥിലേക്ക് പോവാന്‍ തയ്യാറായി ഒരു സുമോ വാന്‍ കിടപ്പുണ്ട്. വാന്‍ നിറഞ്ഞാല്‍ മാത്രമേ യാത്ര തുടങ്ങുകയുള്ളു. ഏകദേശം അരമണിക്കൂറിനുള്ളില്‍ ആളുകളായി. സന്യാസിസന്യാസിനിമാരും സിഖുകാരുമായിരുന്നു സഹയാത്രികര്‍. വാന്‍ ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും വലിയൊരു ശബ്ദത്തോടെ ടയര്‍ പഞ്ചറായി. എല്ലാവരും ഇറങ്ങി. ഡ്രൈവര്‍ ഞങ്ങളോട് ക്ഷമചോദിച്ചു. താഴെ ഗംഗ ഒഴുകുന്നുണ്ട്. മുകളില്‍ ഒരേ രീതിയിലുള്ള പേരറിയാ മരങ്ങളുള്ള നിബിഡവനം. യാത്രക്കാരുടെ ഒന്നിച്ചുള്ള ശ്രമദാനത്തിന്റെ ഫലമായി 20 മിനിറ്റിനുള്ളില്‍ പുതിയ ടയറിട്ടു. വീണ്ടും യാത്ര തുടര്‍ന്നു.
ഓരോ രണ്ടു കിലോമീറ്റര്‍ അകലത്തിലും എക്‌സ്‌കവേറ്റര്‍ കാണുന്നുണ്ട്. റോഡിലേക്ക് ഏത് നിമിഷവും പാറയിടിഞ്ഞു വീഴാനോ, റോഡ് ഒലിച്ചു പോവാനോ സാധ്യതയുള്ളതിനാല്‍ ഒരു മുന്‍കരുതലായാണ് ഈ എക്‌സ്‌കവേറ്റെറെന്ന് ഡ്രൈവര്‍ ഒരു ഗൈഡിന്റെ ചടുലതയോടെ വിവരിച്ചു.പല സ്ഥലങ്ങളിലും റോഡ് പകുതിയിലധികം ഒലിച്ചുപോയിട്ടുണ്ട്. അവിടെയെല്ലാം വളരെ കരുതലോടെയാണ് ഡ്രൈവര്‍ വണ്ടിയോടിച്ചത്. പലയിടത്തും ഗംഗയിലേക്കുള്ള കൈവരി ഒഴുകിയിരുന്നത് റോഡിലൂടെയാണ്. സാഹസികമായ യാത്രയ്ക്കവസാനം അഞ്ചുമണിയോടെ ഞങ്ങള്‍ ബദരീനാഥിലെത്തി. വിശാലമായ ബദരി താഴ്‌വര, ദേവദര്‍ശിനി എന്നാണ് കവാടപ്രദേശം അറിയപ്പെടുന്നത്. എങ്ങും കാവിവസ്ത്രധാരികളായ സന്യാസിമാര്‍, ചുറ്റും ആശ്രമമന്ദിരങ്ങള്‍. ഞങ്ങള്‍ മുന്നോട്ട് നടന്നു. നിസാമുദ്ദീന്‍ ദര്‍ഗയുടേത് പോലെ റോഡിന്റെ ഇരു വശവും ചെറു കച്ചവട സ്ഥാപനങ്ങളാണ്. ജടധാരികളായ സന്യാസിമാര്‍ ഹോമകുണ്ഡങ്ങള്‍ക്ക് നടുവില്‍ ധ്യാനനിരതരായിരിക്കുന്നു. പലര്‍ക്കും നായകള്‍ കൂട്ടിരിക്കുന്നുണ്ട്.
ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്നത് ഹിമമുരുകി ഉല്‍ഭവിക്കുന്ന അളകനന്ദയുടെ മുന്നിലാണ്. തൂവെള്ള മഞ്ഞുപോലെ അളകനന്ദ താഴെ ഒഴുകുന്നു. വിഷ്ണുഗംഗയെന്നു കൂടെ വിളിപ്പേരുള്ള അളകനന്ദയുടെ ഇടതു വശത്താണ് തങ്കത്താഴികക്കുടത്തോടെ ബദരീനാഥ് ക്ഷേത്രം പരിലസിക്കുന്നത്. അളകനന്ദയ്ക്കു മുകളിലൂടെ കെട്ടിയ ചെറിയ പാലം കടന്നുവേണം ക്ഷേത്രത്തിലെത്താന്‍.ഞങ്ങള്‍ ക്ഷേത്രത്തിന് മുമ്പിലെത്തി. മുകളില്‍ ഹിമാവൃതമായ ഗിരിനിരകളില്‍ മറയാന്‍ സൂര്യന്‍ വെമ്പല്‍കൊണ്ടു. ക്ഷേത്രനടയില്‍ അല്‍പ്പം നിന്നു. സമുദ്ര നിരപ്പില്‍ നിന്ന് 3500ലേറെ അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എസ് കെ പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിലാണ് ആദ്യമായി ബദരീനാഥം കണ്ടത്. പിന്നീട് ശ്രീ എം, ഷൗക്കത്ത് നിരവധി പേര്‍ അക്ഷരങ്ങളിലൂടെ മാടിവിളിച്ചിരുന്നു ഈ ക്ഷേത്രനടയിലേക്ക്, അവിടെയാണ് ഞങ്ങള്‍ നില്‍ക്കുന്നത്. വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവാത്തൊരു അനുഭൂതിയാല്‍ മനസ്സും ശരീരവും തരളിതമാവുന്നു. അല്‍പ്പനേരം കണ്ണടച്ച് ക്ഷേത്രനടയില്‍ അങ്ങനെ നിന്നു.
മഹാഭാരത കാലത്തുതന്നെ ക്ഷേത്രമുണ്ടെന്നാണ് പറയപ്പെടുന്നത്. ഭാരതീയ ശില്‍പമാതൃകയേക്കാള്‍ നോപ്പേളിയതയാണ് മുന്നിട്ടുനില്‍ക്കുന്നത്. അല്‍പം ക്ഷേത്രക്കാഴ്ച്ച ആവാഹിച്ചശേഷം ഞങ്ങള്‍ ഇടതു ഭാഗത്തൂടെയുള്ള പടികള്‍ വഴി താഴേക്കിറങ്ങി. ഇവിടെയാണ് തപ്തകുണ്ഡ് സ്ഥിതിചെയ്യുന്നത്. ശരീരം ഐസായിപ്പോവുന്ന മഞ്ഞുവീഴ്ച്ചയുള്ള കാലം വന്നാലും ഈ കുണ്ഡില്‍ ചൂടുനീരുറവ നിര്‍ഗളിച്ചുകൊണ്ടേയിരിക്കും. ആവിയുയരുന്ന വെള്ളത്തില്‍ പതിയെ വിരല്‍കൊണ്ട് ഒന്നുതൊട്ടുനോക്കി. നല്ല ചൂടുണ്ട്.അപ്പുറത്തായി ചെറിയൊരു കുളമുണ്ട്. അതിലും ചൂടുവെള്ളം തന്നെയാണ്. കുട്ടികള്‍ ചാടിമറിയുന്നു. തപ്തകുണ്ഡിന് സമീപമിരുന്ന് ഒരു സംഘം വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് പാട്ടുപാടുന്നുണ്ട്. ഈശ്വര്‍ അല്ലാഹ്... എന്നു തുടങ്ങുന്ന ഗാനമാണ് അവരിപ്പോള്‍ പാടിക്കൊണ്ടിരിക്കുന്നത്. നല്ല ഇമ്പമുള്ള ശബ്ദത്തില്‍.. ചൂടുകുളത്തിലേക്ക് കാലിട്ടിരുന്നു. ശരീരം മുഴുവന്‍ ഹിമമടങ്ങിയ കാറ്റടിച്ചു തണുക്കുന്നു. കാലില്‍ നിന്ന് പതിയെ ചൂടുകയറുന്നു.. ആസ്വദിക്കാന്‍ ആത്മീയതയുടെ പരകോടിയിലെത്തിക്കുന്ന ഗാനവും. ത്രികാലബോധത്തിന്റെ ശേഷിച്ച നൂലും അപ്പോള്‍ പൊട്ടിപ്പോയി. പതിയെ അലൗകികതയുടെ വിഹാസ്സിലേക്കുയര്‍ന്നു.
നേരം ഇരുട്ടിയപ്പോള്‍ ഞങ്ങള്‍ ദേവദര്‍ശിനിയോട് വിടപറഞ്ഞു. ഇനി ഞങ്ങള്‍ക്ക് പോവാനുള്ളത് പൂക്കളുടെ താഴ്‌വരയിലേക്കാണ്. ഈ രാത്രി തങ്ങാനൊരു ഇടം കണ്ടെത്തി നാളെ രാവിലെ വേണം യാത്ര തുടരാന്‍. തിരിച്ച് ഗോവിന്ദ്ഘട്ടിലെത്തി. ഇവിടെ നിന്നാണ് സിഖുകാരുടെ പുണ്യസ്ഥലമായ ഹേംകുണ്ഡ് സാഹിബിലേക്കും പൂക്കളുടെ താഴ്‌വരയിലേക്കും പോവുക. അന്ന് രാത്രി ഗോവിന്ദ്ഘട്ടില്‍ തങ്ങി. അതിരാവിലെ എഴുന്നേറ്റ് യാത്രതുടങ്ങി. മൂന്ന് കിലോമീറ്റര്‍ മാത്രമേ വാഹനത്തില്‍ പോവാന്‍ കഴിയൂ. ബാക്കിയുള്ള 18 കിലോമീറ്റര്‍ ട്രക്കിങ്ങാണ്. 9 മണിയോടെ ഞങ്ങള്‍ ട്രക്കിങ് പോയിന്റിലെത്തി. ബാഗെല്ലാം റൂമില്‍വച്ചതിനാല്‍ തുംഗനാഥിലേക്ക് നടത്തിയ ട്രക്കിങിന്റെ ഭാരപ്പെടല്‍ തോന്നിയില്ല. വെള്ളവും ട്രക്കിങിന് ഉപയോഗിക്കുന്ന ഇരുമ്പ് പിടിപ്പിച്ച വടിയും വാങ്ങി. ഞങ്ങള്‍ ട്രക്കിങ് ആരംഭിച്ചു. ലക്ഷമണഗംഗയുടെ തീരത്തുകൂടെയാണ് നടക്കുന്നത്. പ്രകൃതി ഏകാന്തമാണ്. ലക്ഷമണഗംഗയുടെ ഒഴുക്കും പൈന്‍ മരങ്ങള്‍ക്കിടയില്‍നിന്നു വരുന്ന പേരറിയാ കിളികളുടെ ശബ്ദവും മാത്രം. ഇടയ്ക്കുമാത്രം, തിരിച്ചിറങ്ങുന്ന സഞ്ചാരികള്‍ ഞങ്ങളെ കടന്നുപോവുന്നുണ്ട്. പൈന്‍മരക്കാടുകളില്‍ നിന്ന് പതിയെ പ്രകൃതി സൈഡാര്‍ മരങ്ങളിലേക്ക് ചുവടുവച്ചു. ഇപ്പോള്‍ ചുറ്റും സൈഡാര്‍ മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. കുറച്ചകലെ താഴ്‌വര വാസികളുടെ വേനല്‍ക്കാല ഗ്രാമം കാണാം. മഞ്ഞുകാലമായാല്‍ ഇവര്‍ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് മാറും. നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും ക്ഷീണമറിയാന്‍ തുടങ്ങി. കുത്തനെയുള്ള കയറ്റമായതിനാല്‍ കാല്‍മുട്ടിന് നല്ലവേദനയുണ്ട്. ഇടയ്ക്കിടെ വിശ്രമിച്ച് ഞങ്ങള്‍ ട്രക്കിങ് തുടര്‍ന്നു. 9 മണിക്ക് തുടങ്ങിയ ട്രക്കിങ് രണ്ടരയ്ക്ക് ഗോവിന്ദ്ധാമിലാണ് അവസാനിച്ചത്.
അത്യാവശ്യം ലോഡ്ജുകളും ഹോട്ടലുകളുമുള്ളൊരു കൊച്ചുഗ്രാമമാണ് ഗോവിന്ദ്ധാം. ഞങ്ങള്‍ ഭക്ഷണം കഴിച്ചു. സമയം മൂന്നുമണിയാണെങ്കിലും നല്ല തണുപ്പുണ്ട്. പൂക്കളുടെ താഴ്‌വര മാത്രമായിരുന്നു മനസ്സില്‍. ഒത്തിരി വായിച്ചറിഞ്ഞൊരു സ്ഥലം. അലൗകികമായൊരു അനുഭൂതി ഹൃദയത്തെ പൊതിഞ്ഞു. ഒരു കിലോമീറ്റര്‍ അകലെയുള്ള ടിക്കറ്റ് കൗണ്ടറിലെത്തിയപ്പോഴാണ് അറിഞ്ഞത് പ്രവേശനം രണ്ട് മണിവരെയേ ഉള്ളുവെന്ന്. തിരിച്ചിറങ്ങി വീണ്ടും കയറുകയെന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഞങ്ങള്‍ റൂം എടുത്തു. ആകാശംതൊട്ട് നില്‍ക്കുന്ന മലയ്ക്കുതൊട്ടുതാഴെയൊരു ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് റൂം തരപ്പെട്ടത്. മിനിറ്റുകള്‍വച്ച് തണുപ്പ് ഇരട്ടിച്ചുകൊണ്ടിരുന്നു. തണുപ്പ് സഹിക്കവയ്യാതെ ഒരുപാട് നേരം റൂമില്‍ മൂടിപ്പുതച്ചിരുന്നു. ശരീരവും മനസ്സും തണുപ്പിനോട് താദാത്മ്യം പ്രാപിച്ചപ്പോള്‍ പതിയെ പുറത്തിറങ്ങി. വെറുതെ തെരുവിലൂടെ നടന്നു. ആര്‍ക്കും ധൃതിയില്ലാത്തൊരു ഗ്രാമം. നേപ്പാളീസ് മുഖച്ഛായയുള്ള തദ്ദേശീയര്‍, ഹേംകുണ്ഡ് സാഹിബിലേക്ക് പോവുന്നതിന് വേണ്ടി തമ്പടിച്ച പഞ്ചാബികള്‍, ട്രക്കിങിനെത്തിയ വിദേശികള്‍, ഗുരുദ്വാരയില്‍ നിന്നുയരുന്ന പ്രാര്‍ഥനാ ഗീതങ്ങള്‍... എല്ലാം ആസ്വാദിച്ച് സമുദ്രനിരപ്പില്‍ നിന്നു പാതികടല്‍ദൂരം ഉയര്‍ന്നു നില്‍ക്കുന്ന ഗ്രാമത്തിലൂടെ ഞങ്ങള്‍ നടന്നു. വഴിതീര്‍ന്നപ്പോള്‍ വീണ്ടും റൂമിലേക്ക് തിരിച്ചു.
അതിരാവിലെ എഴുന്നേറ്റ് റൂം വെക്കേറ്റ് ചെയ്ത ശേഷം ഞങ്ങള്‍ ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു. കൈകള്‍ മരവിച്ചിരുന്നു. കാറ്റടിക്കുമ്പോള്‍ ചുണ്ട് നീറുന്നുണ്ട്. ശ്വാസമെടുക്കാന്‍ നന്നേ പാടുപ്പെട്ടു. കൗണ്ടര്‍ തുറന്നിരുന്നില്ല. കോട്ട് ആവുംവിധം ശരീരത്തോട് ചേര്‍ത്ത്, സംസാരിക്കാന്‍ പോലും മുതിരാതെ ഒരുപാട് നേരം വരാന്തയില്‍ കൂനിപ്പിടിച്ചിരുന്നു. കൗണ്ടര്‍ തുറന്നപ്പോള്‍ സമയം പത്തുമണി. ഉടന്‍ ടിക്കറ്റെടുത്തു ഞങ്ങള്‍ ട്രക്കിങ് പാതയിലൂടെ നടന്നു. മൂന്നുകിലോമീറ്റര്‍ അകലെയാണ് താഴ്‌വര. പുഷ്പതിവതി നദിയുടെ മുകളിലൂടെയുള്ള ഇരുമ്പു പാലവും കടന്ന് ഞങ്ങള്‍ നടന്നു. കുറച്ചകലെ പുഷ്പവതി നദി ലക്ഷ്മണ്‍ ഗംഗയില്‍ ചേരുന്നത് കാണാം. കുത്തനെയുള്ള കയറ്റമാണ്. അപകടകരമായ സ്ഥലങ്ങളില്‍ കൈവരി കെട്ടിയിട്ടുണ്ട്. ഹിമമുറഞ്ഞ് നില്‍ക്കുന്ന ഗിരിനിരകളിലേക്ക് നോക്കി ഞങ്ങള്‍ മുന്നോട്ട് നടന്നു. ഇണപ്പിടയുന്ന സര്‍പ്പങ്ങളെ പോലെ പരസ്പരം പുണരുന്ന വേരുകളില്‍ കൂടെ കയറിയിറങ്ങി. മഞ്ഞുരികിയൊലിക്കുന്ന പുഷ്പവതി നദിയുടെ ഇരുകരകളില്‍ നിന്നും മുകളിലോട്ട് പടരുന്ന പൂക്കളുടെ താഴ്‌വര ഞങ്ങള്‍ കണ്ടുതുടങ്ങി. ഇറങ്ങിയും കയറിയും പിന്നെയും ഒരുപാട് നടന്നു. നദിയിലേക്കൊഴുകുന്ന ഒരു നീര്‍ച്ചാലിന് മുകളിലുള്ള മരപ്പാലം കടന്ന് ഞങ്ങള്‍ പൂക്കളുടെ താഴ്‌വരയിലെത്തി. ലയറുകളായി കിടക്കുന്ന വിവിധയിനം ചെടികള്‍, പലവര്‍ണങ്ങളില്‍ പൂത്തുനില്‍ക്കുന്ന പൂക്കള്‍. സിരകളില്‍ പടര്‍ന്ന ചൂട് കണ്ണിലേക്ക് ഇരുട്ടായി പരിണമിച്ചു. ശ്വാസംപോലും വിടാതെ അല്‍പ്പംനേരം കണ്ണടച്ചിരുന്നു. സ്വര്‍ഗീയമായനുഭൂതി എന്ന് ഈ നിമിഷംവരെ വായിച്ചറിഞ്ഞിട്ടേയുള്ളു. ഇപ്പോള്‍ അത് ഒരു കടലായി മെയ്യിലും കണ്ണിലും ഇരമ്പുകയാണ്. വളരെ പതിയെയാണ് ഞങ്ങള്‍ മുന്നോട്ടുനടന്നത്. അങ്ങനെ മാത്രമേ അതിലൂടെ നടക്കാന്‍ കഴിയുകയുള്ളു. അപ്‌സരസുകളും ഗന്ധര്‍വന്‍മാരും ഇവിടെ ജീവിക്കുന്നുണ്ടെന്നാണ് തദ്ദേശീയരുടെ വിശ്വാസം, അതു വെറുതെയല്ലെന്ന് തോന്നുന്നു. ഹിമാലയന്‍ ബോള്‍സം, ഹിമാലന്‍ ഹോഗ്‌വീഡ്, എഡല്‍വൈസ് പൂക്കള്‍ തുടങ്ങി നിരവധി പൂക്കളെ തഴുകിയാണ് ഞങ്ങളിപ്പോള്‍ നടക്കുന്നത്. ഫ്രാങ്ക് സ്്മിത്ത് എന്ന പര്‍വതാരോഹകനാണ് 1931ല്‍ ഈ സ്ഥലത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. ഇരുകൈകളും സ്വതന്ത്രമാക്കി ഒരു പൂവിനെപോലും സ്പര്‍ശിക്കാന്‍ മുതിരാതെ ഞങ്ങള്‍ താഴ്‌വരയിലൂടെ നടന്നു. പച്ചയും മഞ്ഞയും ചുവപ്പും വയലറ്റും നിറങ്ങളില്‍ ലയറുകളായി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ദൂരെ ഹിമമുറഞ്ഞ് നില്‍ക്കുന്ന ഗിരിനിരകള്‍, കാഴ്ചകള്‍ക്ക് ഇരുകണ്ണുകള്‍ അപര്യാപ്തമെന്ന് തോന്നിപ്പോയ നിമിഷം. തിരിച്ചിറങ്ങുമ്പോള്‍ ആത്മീയാനൂഭൂതിയുടെ മറ്റൊരു ഹിമാലയം അകമെ ഇരമ്പുന്നുണ്ടായിരുന്നു.
RELATED STORIES
നഷ്ടമില്ലാതെ അധിനിവേശം നടത്താന്‍ കഴിയുമെന്ന മിഥ്യാധാരണ ഇസ്രായേല്‍...
14 Jan 2025 6:14 PM GMTജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്ത് പോയി; പികെ ഫിറോസിന്റെ വാറന്റിനെതിരായ...
14 Jan 2025 5:07 PM GMTതാഹിര്‍ ഹുസൈന് നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാം, എസ്കോര്‍ട്ട്...
14 Jan 2025 4:37 PM GMTവനനിയമ ഭേദഗതി ബില്ല് വരും നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല
14 Jan 2025 4:21 PM GMTബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിനെ കൂട്ടബലാല്‍സംഗക്കേസില്‍...
14 Jan 2025 4:10 PM GMTപീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു
14 Jan 2025 3:28 PM GMT