Travel Expo

പ്രണയാതുരയായി കക്കയം അണക്കെട്ട്

കക്കയം അണക്കെട്ടിന്റെ വശ്യമനോഹാരിത ഒപ്പിയെടുക്കാന്‍ പുറപ്പെട്ട തേജസ് സംഘത്തെ കൗതുകങ്ങളോടൊപ്പം ചോര ചാറിയ വിപ്ലവത്തിന്റെ ചരിത്രം കൂടി ഇവിടുത്തെ കാട്ടു ചോലകള്‍ ഓര്‍മ്മപ്പെടുത്തി.

പ്രണയാതുരയായി കക്കയം അണക്കെട്ട്
X

റസാഖ് മഞ്ചേരി

കോടമഞ്ഞ് വിരിപ്പിട്ട കാനന വഴിയിലൂടെ മലമുകളിലേക്ക് കയറുന്ന വാഹനത്തിലിരുന്ന് ദൂരെ പശ്ചിമ ഗിരിനിരകള്‍ മിന്നിമറയുന്നത് നോക്കിയിരിക്കാന്‍ എന്തു രസമാണെന്നോ. മോഹിപ്പിക്കുന്ന കാഴ്ച്ചകളുടെ കാട്ടുകുപ്പായമിട്ട് കക്കയം മലയോരം സഞ്ചാരികളെ മാടിവിളിക്കും. കക്കയം അണക്കെട്ടിന്റെ വശ്യമനോഹാരിത ഒപ്പിയെടുക്കാന്‍ പുറപ്പെട്ട തേജസ് സംഘത്തെ കൗതുകങ്ങളോടൊപ്പം ചോര ചാറിയ വിപ്ലവത്തിന്റെ ചരിത്രം കൂടി ഇവിടുത്തെ കാട്ടു ചോലകള്‍ ഓര്‍മ്മപ്പെടുത്തി.


സമുദ്ര നിരപ്പില്‍ നിന്ന് 2500 അടി ഉയരത്തില്‍ ചരിത്രവും കാട്ടുസൗകുമാര്യവും ഒരുമിച്ച് ചേക്കേറിയ ഈ വിനോദ സഞ്ചാര കേന്ദ്രം കാണികളെ വല്ലാതെ രസിപ്പിക്കുമെന്ന് തീര്‍ച്ച. മലബാറിന്റെ ഊട്ടിയായാണ് കക്കയം അണക്കെട്ട് പ്രദേശം അറിയപ്പെടുന്നത്. മലയോര ഗ്രാമത്തിലെ ചെറിയ കവലയായ കക്കയം താഴ്‌വരയില്‍ നിന്ന് 14 കിലോമീറ്റര്‍ മലകയറിയാലാണ് കക്കയം അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എത്തിചേരുക. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ പ്രദേശം മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. ആനത്താരകളും കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രവുമായ വനപാതയിലൂടെയുള്ള യാത്ര സാഹസികവും ഇമ്പമേറിയതുമായി.

അണക്കെട്ട് പ്രദേശത്തേക്ക് മാത്രമുള്ള പാതയായതിനാല്‍ വിനോദ സഞ്ചാരികളും സര്‍ക്കാര്‍ ജീവനക്കാരും മാത്രമാണ് ഇതുവഴി യാത്രക്കാരായി ഉണ്ടാവുക. അതിനാല്‍ തന്നെ പ്രണയ ജോഡികളുടെ പറുദീസയാണിവിടെ. ബൈക്കിലും കാറിലുമായി എത്തുന്ന കമിതാക്കളെയും നവദമ്പതികളെയുമാണ് മലമുകളിലേക്കുള്ള കാനന വഴിയില്‍ കൂടുതലായി കണ്ടത്. പാറവെട്ടിയെടുത്ത് നിര്‍മ്മിച്ച ചുരത്തിന്റെ മുകള്‍ ഭാഗത്തു നിന്ന് താഴെ വിശാലമായ ഭൂപ്രദേശം നോക്കികാണാന്‍ നല്ല ചേലാണ്. ഹരിതാഭക്കിടയില്‍ വെള്ളിയരഞ്ഞാണം പോലെ കുറ്റിയാടിപുഴ പെരവണ്ണാമൂഴിയിലേക്ക് ചുറ്റിയൊഴുകുന്ന കാഴ്ച. കുറ്റിയാടി ജല വൈദ്യത പദ്ധതിയിലേക്കുള്ള വെള്ളം വഹിച്ചുകൊണ്ടാണ് പെരുവണ്ണാമൂഴി ഡാമിലേക്ക് പുഴയൊഴുകുന്നത്.

വയനാടന്‍ കുളിരേറ്റുവാങ്ങി



വയനാടന്‍ കുളിരുമായി ബാണാസുര സാഗര്‍ ജലസംഭരണിയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് കക്കയം ഡാമിനെ ജല സമ്പന്നമാക്കുന്നത്. കാടും കാട്ടരുവിയും വെള്ളച്ചാട്ടവും കോടമഞ്ഞും പിന്നെ ബോട്ട് യാത്രയും എല്ലാമെല്ലാമായി ഒരു ദിവസം ഇവിടെ ചെലവഴിക്കാനാവും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരേയുള്ള മാസങ്ങളില്‍ ഇവിടെ എത്തുന്നവര്‍ക്ക് കുളിരു കാഞ്ഞ് അണക്കെട്ട് പ്രദേശത്തിലൂടെ ചുറ്റി നടക്കാം. ചൂടുള്ള കാപ്പിയും പലഹാരങ്ങളുമായി ചെറിയ കഫ്റ്റീരിയയും മലമുകളില്‍ ഡാമിന്റെ പ്രവേശന കവാടത്തിനടുത്ത് റെഡിയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. അണക്കെട്ട് പ്രദേശത്തേക്ക് 20 രൂപ പ്രവേശന ഫീസ് ഉണ്ട്. ഇതു കൂടാതെ കാട്ടുവഴിയില്‍ വനം വകുപ്പിന്റെ ഒരു ചെക്‌പോയിന്റുമുണ്ട്. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഇവിടെയും ചെറിയ ഫീസുണ്ട്. കുടിയേറ്റ പ്രദേശമായ മലയുടെ താഴ്‌വാരത്ത് മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകരെ കാണാം. റബര്‍, കമുക്, തെങ്ങ്,കൊക്കോ, കപ്പ തുടങ്ങിയ വിളകളാണ് കാര്യമായ കൃഷി. സീസണ്‍ കൃഷി വേറെയും. കക്കയം വാലി, ഡാം സൈറ്റ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍.

അത്ഭുതങ്ങളുടെ ഉരക്കുഴി വെള്ളച്ചാട്ടം


സമുദ്ര നിരപ്പില്‍ നിന്ന് 2500 അടിയിലേറെ ഉയരത്തിലുള്ള കക്കയം അണക്കെട്ടിന് സമീപത്താണ് ഉരക്കുഴി വെള്ളച്ചാട്ടം. അണക്കെട്ടില്‍ നിന്ന ഒരു കിലോമീറ്റര്‍ കാട്ടിനകത്തേക്ക് സഞ്ചരിച്ചാലാണ് വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തെത്തുക. ഇവിടുത്തെ ഉരലിന്റേതു പോലുള്ള നിരവധി കുഴികളിലേക്കാണ് കാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പതിക്കുന്നത്. മുകളില്‍ നിന്ന് നോക്കിയാല്‍ മാത്രം കാണാവുന്ന കേരളത്തിലെ ഏക വെള്ളചാട്ടമാണിത്. പാറകള്‍ക്കിടയിലെ കുഴികളിലേക്ക് പതിക്കുന്ന ഈ വെള്ളം വെള്ളചാട്ടത്തിന്റെ താഴെ നിന്ന് നോക്കിയാല്‍ കാണാനാകില്ല എന്നതാണ് പ്രത്യേകത. ഗുഹകള്‍ പോലെയുള്ള കുഴികളിലേക്ക് പതിക്കുന്ന വെള്ളം അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്. പിന്നെ താഴെ കരിയാത്തംപാറയിലെ നീരൊഴുക്കിലേക്ക് ചേരും. ഇത് കാണാനും സാധിക്കില്ല. 600 അടി താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നതെന്നു മാത്രമറിയാം. പക്ഷെ ഈ വെള്ളം എവിടെയാണ് പൊങ്ങുന്നതെന്ന് മനസ്സിലാകില്ല. അതുകൊണ്ടു തന്നെ ഈ വെള്ളചാട്ടത്തില്‍ ആരെങ്കിലും വീണു പോയാല്‍ പിന്നെ തെരഞ്ഞിട്ട് കാര്യമില്ല. പാറമടക്കകത്തേക്ക് പതിക്കുന്ന ഒന്നും പിന്നെ പുറത്തെത്താറില്ല. അതിനാല്‍ തന്നെ അതീവ സുരക്ഷയാണ് ഇവിടെയുള്ളത്.

രാജന്റെ ആത്മാവുറങ്ങുന്ന കക്കയം


അടിയന്തരാവസ്ഥ കാലത്തെ കഥപറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് ഓടിയെത്തുക കക്കയം പോലിസ് ക്യാംപിനെ കുറിച്ചും അപ്രത്യക്ഷനായ രാജനെ കുറിച്ചുമായിരിക്കും. കേരളത്തെ പിടിച്ച് കുലുക്കിയ അടിയന്തരാവസ്ഥയില്‍ നക്‌സല്‍ മുദ്രകുത്തി പോലിസ് പിടികൂടിയ കോഴിക്കോട് ആര്‍.സി.സി വിദ്യാര്‍ഥി പി രാജനെ പോലിസ് കക്കയം ക്യാംപിലേക്കാണ് കൊണ്ടു പോയത്. പിന്നീട് ഉരക്കുഴി വെള്ളചാട്ടത്തിനടുത്ത് പാറയില്‍ കൊണ്ടുപോയി വെടിവച്ച് കൊന്നുവെന്നും. പഞ്ചസാരയോ പെട്രോളോ ഒഴിച്ച് കത്തിച്ചുവെന്നുമാണ് പറയപ്പെടുന്നത്. എന്നിട്ട് ഉരക്കുഴിയുടെ അഗാധതയിലേക്ക് തള്ളിയത്രേ.സംഭവം ശരിവയ്ക്കുന്ന രേഖകള്‍ ഒന്നും തന്നെ ലഭ്യമല്ല. ഔദ്യോഗിക സ്ഥിരീകരണവുമില്ല. മിസാ തടവുകാരിലൊരാളായിരുന്നു രാജനെന്നു മാത്രമറിയാം. 1976 മാര്‍ച്ച് രണ്ടിനാണ് രാജനെ വെടിവച്ച് കൊന്നതെന്നാണ് പറയപ്പെടുന്നത്. പുലിക്കോടന്‍ നാരായണനും, ജയറാം പടിക്കലും. ലക്ഷമണയും, മുരളി കൃഷ്ണദാസുമെല്ലാം ചേര്‍ന്ന് നടത്തിയ ഉരുട്ടി കൊലയുടെയും, കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെ ഗരുഡന്‍ തൂക്കങ്ങളുടെയും ഓര്‍മ്മകള്‍. കാനന ഭംഗിയൊടൊപ്പം ഉരക്കുഴി രാജനെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. ഉരക്കുഴി വെള്ളചാട്ടം തുടങ്ങുന്ന ആ പാറയില്‍ 'രാജന്‍' എന്ന് ആരോ കൊത്തിവച്ചതു കാണാം. ആയിരം മലവെള്ള പാച്ചിലുകള്‍ കടന്നു പോയിട്ടും മാഞ്ഞുപോകാതെ രാജനെന്ന പേര് അവിടെ തന്നെ നിലനില്‍ക്കുന്നു. ഓര്‍മ്മകളിലെ കറുത്ത അടയാളം പോലെ. കാട്ടിലകളെ തഴുകിയെത്തിയ കാറ്റിന്റെ ഹൂങ്കാരത്തിന് രാജന്‍ മുഴക്കിയ ഇങ്കുലാബിന്റെ താളമുണ്ടോ? ചിത്രങ്ങള്‍ പകര്‍ത്തി കരിങ്കല്ലുകള്‍ മെഴുകിയ കാട്ടു പാതയിലൂടെ ഫോട്ടോഗ്രാഫര്‍ റിയാസ് കോര്‍മത്തുമൊത്ത് തിരിച്ച് നടക്കുമ്പോള്‍ ഓര്‍മ്മയില്‍ ഒരിടിമുഴക്കം.

യാത്രാ മാര്‍ഗം


കോഴിക്കോട് നിന്നും 67 കിലോമീറ്ററാണ് കക്കയം അണക്കെട്ടിലേക്കുള്ള ദൂരം. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലാണ് കക്കയം വനമേഖല സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് നിന്നും ബാലുശ്ശേരി, എസ്‌റ്റേറ്റ് മുക്ക്, തലയാട് വഴി കക്കയത്തേക്ക് ബസ് സര്‍വീസുണ്ട്. മലപ്പുറം ഭാഗത്തുനിന്ന് അരീക്കോട്, മുക്കം, താമരശ്ശേരി, എസ്‌റ്റേറ്റ് മുക്ക് വഴിയും കക്കയത്തെത്താം. ചെറിയ നമസ്‌ക്കാര പള്ളിയും, ചര്‍ച്ചും അമ്പലവുമെല്ലാം ഇവിടെയുണ്ട്. ചെറിയ ഹോട്ടലും കൂള്‍ബാറുമെല്ലാം ഇവിടെയെത്തുന്നവര്‍ക്ക് ആശ്വാസമാകും. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാമില്‍ നിന്നുള്ള വെള്ളം പെന്‍സ്‌റ്റോക്ക്‌വഴി ആദ്യമെത്തിക്കുന്നത്. ഇവിടെനിന്ന് 14 കിലോ മീറ്റര്‍ മലകയറിയാലേ അണക്കെട്ടിലെത്തൂ. ഉത്തര കേരളത്തിലെ പ്രധാന വൈദ്യുതോല്‍പാദന സ്രോതസ്സായ കുറ്റിയാടി ഹൈഡ്രോ ഇലക്ട്രിക് പവര്‍ ഹൗസിലേക്കാണ് ഈ വെള്ളമെത്തിക്കുന്നത്.

ജൈവ വൈവിധ്യം

പശ്ചിമ ഘട്ടത്തിലെ ഇതര പ്രദേശങ്ങളെപോലെതന്നെ ജൈവവവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് പ്രദേശം. നിത്യഹരിതവനം, അര്‍ധ നിത്യഹരിതവനം, ഇലപൊഴിയും ആര്‍ദ്രവനം, ചോലവനം എന്നീ നാലുതരം വനങ്ങളാണ് ഇവിടെയുള്ളത്. 680 പുഷ്പിത സസ്യങ്ങളും 148 ഇനം ചിത്ര ശലഭങ്ങളും 52 ഇനം മല്‍സ്യങ്ങളും ഇവിടെയുണ്ട്. 38 ഇനം ഉഭയ ജീവികള്‍, 32 ഇനം ഇഴജന്തുക്കള്‍, 180 ഇനം പക്ഷികള്‍, 41 ഇനം സസ്തനികള്‍ എന്നിവ കക്കയം,പെരുവണ്ണാമൂഴി ഉള്‍പ്പെടുന്ന മലബാര്‍ വന്യജീവി സങ്കേതത്തിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വയനാടന്‍ പ്രദേശങ്ങളോട് ചേര്‍ന്ന നിത്യ ഹരിതവനങ്ങളാണ് ഇവിടുത്തെ ജൈവ വൈവിധ്യത്തെ നിലനിര്‍ത്തുന്നത്.



മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി

മലബാറിന്റെ ചരിത്രത്തില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട ജലവൈദ്യുത പദ്ധതിയായ കുറ്റിയാടി ജലവൈദ്യുത പദ്ധതിക്കുവേണ്ടിയാണ് കക്കയം അണക്കെട്ട് നിര്‍മ്മിച്ചത്. 1972 ലാണ് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 1972 സെപ്റ്റംബര്‍ 11 ന് ജലവൈദ്യത പദ്ധതി കമ്മീഷന്‍ ചെയ്തു. വൈദ്യുതോല്‍പാദനത്തിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടില്‍ നിന്ന് പശ്ചിമഘട്ടത്തിലൂടെ വരുന്ന വെള്ളമാണ് ഇതിന്റെ പ്രധാന സ്രോതസ്.

വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടും ഇതുപോലെ കുറ്റിയാടി ജലവൈദ്യുത പദ്ധതിയിലേക്കു വെള്ളം എത്തിക്കാന്‍ നിര്‍മിച്ചതാണ്. കക്കയം അണക്കെട്ടില്‍ നിന്നും കക്കയം പവര്‍ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടില്‍ സംഭരിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ട്്.



പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശം മലബാര്‍ വന്യജീവി സംരക്ഷണകേന്ദ്രമായതിനാല്‍ ഇവിടെ ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടുന്നു. 25 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടര്‍ബൈനുകള്‍ ഉപയോഗിച്ച് 75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതിയാണിത്. വാര്‍ഷിക ഉല്‍പ്പാദനം 268 മെഗായൂനിറ്റാണ്.

2001 ജനുവരി 27 നു കുറ്റിയാടി എക്സ്റ്റന്‍ഷന്‍ സ്‌കീം പദ്ധതി കൂടി നിലവില്‍ വന്നു. 50 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. വാര്‍ഷിക ഉല്‍പ്പാദനം 75 മെഗായൂനിറ്റാ ണ്. 2010 നവംബര്‍ 10 നു കുറ്റിയാടി അഡിഷണല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം പദ്ധതിയും വന്നു. 50 മെഗാവാട്ട് ശേഷിയുള്ള രണ്ട് ടര്‍ബൈനുകള്‍ ഉപയോഗിച്ച് 100 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു. 2008 ജൂണ്‍ 19 നു കുറ്റിയാടി ടൈല്‍ റേസ് സ്മാള്‍ ഹൈഡ്രോ പ്രൊജക്റ്റ് പദ്ധതി കൂടി നിലവില്‍ വന്നു 1.25 മെഗാവാട്ട് ശേഷി ഉള്ള മൂന്ന് ടര്‍ബൈനുകള്‍ ഉപയോഗിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു. നാലു പദ്ധതികളിലും കൂടി 228.75 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു. വാര്‍ഷിക ഉല്‍പ്പാദനം 581 മെഗാ യൂനിറ്റാണ്.

കക്കയം വാലിയും തോണിക്കടവും

കുന്നിറങ്ങുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന കാട്ടു പാതയിലൂടെ താഴേക്കിറങ്ങുമ്പോള്‍ വെണ്‍മേഘങ്ങള്‍ കാലിനുചോട്ടില്‍ പാറിനടക്കുന്ന പോലെ. മൂടല്‍ മഞ്ഞിലൂടെ ഊര്‍ന്നിറങ്ങുന്ന കാറില്‍ നിന്ന് ഉംബായിയുടെ ഗസല്‍ ഒഴുകുന്നുണ്ട്. വന്യതയും വശ്യതയും ഒരുമിച്ച് സംഗമിച്ച കക്കയം കവല താഴെയാണ്. കക്കയം താഴ് വരയിലേക്ക് മലയിറങ്ങി കരിയാത്തംപാറയിലും പിന്നെ തോണിക്കടവിലും എത്തിയപ്പോള്‍ സഞ്ചാരികളുടെ ബഹളം. പുഴയോരത്ത് കുടുംബമായിട്ടാണ് സഞ്ചാരികളെത്തുന്നത്. ആഴമില്ലാത്ത ഭാഗമായതിനാല്‍ ഇവിടെ കുളിക്കാനിറങ്ങുന്നവര്‍ ധാരാളം.ഉരുളന്‍ കല്ലുകളും പാറക്കൂട്ടങ്ങളും നിറഞ്ഞ പുഴ. തോണിക്കടവിലെ കാഴ്ച്ചകള്‍ ആനന്ദമാണ്. പുഴയിലെ വെള്ളമില്ലാത്ത ഭാഗത്ത് വളര്‍ന്ന പുല്‍മേട്ടില്‍ കളിച്ചും രസിച്ചും കുട്ടികള്‍. ഫോട്ടോഷൂട്ടിനും വീഡിയോ പിടിക്കാനും എത്തിയ നവദമ്പതികളെ അങ്ങിങ്ങായി കാണാം. പുഴയുടെ അക്കരെ മേഞ്ഞ് നടക്കുന്ന കാലികളുടെ ദൃശ്യം സ്വിറ്റ്‌സര്‍ലന്റിലെ പുല്‍ മൈതാനങ്ങളുടെ ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു. ഇളംപച്ച ചേല ചുറ്റിയ പ്രകൃതി മോഹിനിയായി കണ്‍മുന്നില്‍.

കുളിരോര്‍മ്മകള്‍ തന്ന കക്കയം താഴ്‌വാരത്തുനിന്ന്് മടങ്ങിയത് മാനത്ത് ഇരുട്ട് പരന്നതോടെ മാത്രം. പെട്ടികടയിലെ ചൂടുള്ള ഒരു കപ്പ് കാപ്പി ശരീരത്തെ ഉഷ്മളമാക്കി. മതിയാകാത്ത കാഴ്ചകള്‍ സമ്മാനിച്ച ഒരു ദിനം. മടങ്ങാനായി കാറിലേക്ക് കയറിയപ്പോള്‍ മലമുകളില്‍ നിന്ന് അരിച്ചെത്തിയ കുളിര് 'വീണ്ടും വരില്ലേ' എന്ന് ചോദിച്ച പോലെ.

Next Story

RELATED STORIES

Share it