Videos

ലീഗും അമിത് ഷായുടെ മുമ്പില്‍ മുട്ടുമടക്കി

X

ഹിന്ദുത്വര്‍ക്ക് അനുകൂലമായ കേസുകളില്‍ തികച്ചും പക്ഷപാതരമായി പെരുമാറുന്നുവെന്ന് ആരോപിക്കപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന എന്‍ഐഎ ഭേദഗതി ബില്ല് ലോക്‌സഭയില്‍ വോട്ടിനിട്ടപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത് കേവലം ആറ് പേര്‍ മാത്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഭീഷണിക്കു മുന്നില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പതറി. കേരളത്തില്‍ നിന്ന് സിപിഐഎമ്മിലെ എം എ ആരിഫ് മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.


മുസ്‌ലിംകളും ദലിതുകളും ആദിവാസികളും ഉള്‍പ്പെടെയുള്ളവരെ അന്യായമായി കുരുക്കില്‍പ്പെടുത്തുകയും ഹിന്ദുത്വര്‍ക്ക് അനുകൂലമായി നിലപാടെടുക്കുകയും ചെയ്യുന്ന എന്‍ഐഎക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ അരക്ഷിതരാക്കുമെന്ന് ആരോപണമുയര്‍ന്നിരുന്നു. അധസ്ഥിത വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്നു ഭയക്കുന്ന ബില്ലിലെ ഭേദഗതിക്കെതിരെ സഭയില്‍ ചൂടേറിയ ചര്‍ച്ച നടന്നെങ്കിലും വോട്ടെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ഡിഎംകെ അടക്കമുള്ള പ്രധാന കക്ഷികളൊന്നും എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറായില്ല. എന്നാല്‍, യുഎപിഎ പോലുള്ള ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ക്കെതിരേ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിന്റെ നിലപാടാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ആറിനെതിരെ 278 വോട്ടുകള്‍ക്കാണ് അമിത് ഷാ കൊണ്ടു വന്ന ബില്ല് ലോക്‌സഭയില്‍ പാസായത്.

സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളില്‍ സാധാരണഗതിയില്‍ വോട്ടെടുപ്പ് നടക്കാറില്ല. ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടതോടെയാണ് വോട്ടെടുപ്പ് ആവാമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. വോട്ടെടുപ്പ് നടന്നാല്‍ ആരൊക്കെ ഭീകരതക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നില്‍ക്കുന്നു എന്ന് വ്യക്തമാകുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെയാണ് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഭയന്ന് വോട്ടെടുപ്പില്‍ നിന്ന് മാറിനിന്നത്.

എഐഎംഐഎം എംപിമാരായ അസദുദ്ദീന്‍ ഉവൈസി, ഇംതിയാസ് ജലീല്‍, സിപിഎം അംഗങ്ങളായ എം എ ആരിഫ്, പി ആര്‍ നടരാജന്‍, സിപിഐയുടെ കെ സുബ്ബരായന്‍, നാഷനല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവരാണ് ബില്ലിനെതിരെ എതിര്‍ത്തു വോട്ട് ചെയ്തത്. ഭേദഗതി ബില്ലിനെ ആരിഫ് വിശേഷിപ്പിച്ചത് 'സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം' എന്നാണ്. മൗലികാവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടതിന്റെ പേരില്‍ പിന്‍വലിക്കേണ്ടി വന്ന ടാഡയ്ക്കു സമാനമാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ വോട്ടിംഗ് സ്ലിപ്പില്‍ ഒപ്പുവെച്ചെങ്കിലും പിന്നീട് അത് ലോക്‌സഭാ ജീവനക്കാരുടെ കൈയില്‍ നിന്നു തിരികെ വാങ്ങി. എഐയുഡിഎഫിന്റെ ബദ്‌റുദ്ദീന്‍ അജ്മലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

ബില്‍ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയില്‍ ശക്തമായ വിയോജിപ്പ് അറിയിച്ച മുസ്ലിം ലീഗ് അംഗങ്ങള്‍ അമിത് ഷാ ഭീഷണി മുഴക്കിയതോടെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് കാരണമാകുംവിധം സുരക്ഷാ ഏജന്‍സികളുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്‍ഐഎയുടെ വിശ്വാസ്യത മങ്ങിയെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഉപകരണം മാത്രമായി അത് മാറിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എങ്കില്‍ എന്ത് കൊണ്ട് ലീഗ് ബില്ലിനെതിരേ വോട്ട് ചെയ്യാതെ മാറി നിന്നു എ്ന്ന ചോദ്യമാണ് അണികളില്‍ നിന്ന് ഉയരുന്നത്. നേരത്തേ മുത്തലാഖ് ബില്ല് വോട്ടിനിട്ടപ്പോഴും രാഷ്ട്രപതി തിരഞ്ഞെടുപ്പ് നന്നപ്പോഴും സഭയില്‍ എത്താതിരുന്ന മുസ്‌ലിം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് വിവാദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ സംഘപരിവാര നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുകയാണ് ലീഗ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

കെ മുരളീധരന്‍, ബെന്നി ബെഹനാന്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എംപിമാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് കോണ്‍ഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ അടച്ചിട്ട മുറിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ കേരള എംപിമാര്‍ എതിര്‍പ്പുന്നയിച്ചെങ്കിലും വിലപ്പോയില്ല. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന പ്രചാരണം വിശ്വസിച്ച് ഇത്തവണ കേരളത്തില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍, ന്യൂനപക്ഷ വിഭാഗങ്ങളെ ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ള ബില്ല് വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസ് മാറി നിന്നതും ചര്‍ച്ചയാവുകയാണ്.

നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പന, സൈബര്‍ ഭീകരവാദം തുടങ്ങിയ സംഭവങ്ങള്‍ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍ഐഎക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി. പുറംരാഷ്ട്രങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും ബില്‍ നിയമമാവുന്നതിലൂടെ എന്‍ഐഎക്ക് കൈവരും. സംഘടനയ്ക്ക് പുറമേ ഇനി വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാനും നിയമഭേദഗതിയിലൂടെ എന്‍ഐഎക്ക് കഴിയും. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ വ്യാജകേസുകളില്‍ കുടുക്കുകയും വിചാരണാ തടവുകാരായി ജയിലിലടച്ച് വര്‍ഷങ്ങള്‍ പാഴാക്കുകയും ചെയ്യുന്നു എന്ന ആരോപണം എന്‍ഐഎക്കെതിരെ നിലനില്‍ക്കുമ്പോഴാണ് അമിത് ഷാ പുതിയ ഭേദഗതിയുമായി രംഗത്തുവന്നത്. മക്കാ മസ്ജിദ്, മലേഗാവ്, സംജോത എക്‌സ്പ്രസ് പോലുള്ള ഹിന്ദുത്വര്‍ പ്രതികളായ കേസുകളില്‍ എന്‍ഐഎ സ്വീകരിച്ച പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരേ കോടതിയില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it