Videos

അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടറെ മൊസാദ് മേധാവി ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

X

പാരിസ്: ഫലസ്തീനില്‍ നടത്തുന്ന യുദ്ധക്കുറ്റത്തിന്‍മേലുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടറെ മൊസാദ് മുന്‍ മേധാവി ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ മുന്‍ മേധാവി യോസി കോഹെന്‍ ആണ് ഐസിസി മുന്‍ പ്രോസിക്യൂട്ടറും ഗാംബിയ സ്വദേശിനിയുമായ ഫാതുവോ ബെന്‍സോദയെ ഭീഷണിപ്പെടുത്തിയത്. ദി ഗാര്‍ഡിയന്‍ ആണ് വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ ഗസ വംശഹത്യയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധമന്ത്രി യോവ് ഗാലന്റ് തുടങ്ങിയവര്‍ക്കെതിരേ ഐസിജെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് മുമ്പ് ഭീഷണിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലംകൈയും ഏറെക്കാലം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോലി ചെയ്യുകയും ചെയ്ത മൊസാദ് മുന്‍ മേധാവി യോസി കോഹെനെതിരേയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇദ്ദേഹം മൊസാദ് ഡയറക്ടറായിരുന്നപ്പോള്‍ ഐസിസിക്കെതിരായ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെന്നാണ് ആരോപണം. കോഹന്‍ നെതന്യാഹുവിന്റെ അനൗദ്യോഗിക മെസഞ്ചറായി പ്രവര്‍ത്തിച്ചെന്നാണ് ആരോപണം. ഫലസ്തീന്‍ കേസില്‍ ക്രിമിനല്‍ അന്വേഷണം തുടരേണ്ടതില്ലെന്ന് നിരവധി തവണ കോഹെന്‍ തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബെന്‍സോദ പറഞ്ഞു. തന്നെ ഭയപ്പെടുത്താനും സ്വാധീനിക്കാനും വേണ്ടി നിന്ദ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായും അവര്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ സഹായിക്കണം. ഞങ്ങള്‍ നിങ്ങളെ പരിപാലിക്കാം. നിങ്ങളുടെ സുരക്ഷയെയോ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയെയോ അപകടത്തിലാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഭീഷണി. മൊസാദ് ബെന്‍സോദയുടെ കുടുംബാംഗങ്ങളില്‍ അതീവ താല്‍പര്യം കാണിക്കുകയും അവരുടെ ഭര്‍ത്താവിന്റെ രഹസ്യ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത് പ്രോസിക്യൂട്ടറെ അപകീര്‍ത്തിപ്പെടുത്താന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും വെളിപ്പെടുത്തലില്‍ പറയുന്നുണ്ട്. ഗാര്‍ഡിയനും ഇസ്രായേല്‍ ഫലസ്തീനിയന്‍ പ്രസിദ്ധീകരണമായ +972 മാഗസിനും ഹീബ്രു ഭാഷാ ഔട്ട്‌ലെറ്റും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് യോസി കോഹനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. ഒന്നിലധികം ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഐസിസിക്കെതിരേ രഹസ്യ 'യുദ്ധം' നടത്തിയത് എങ്ങനെയാണെന്നും അന്വേഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. ബെന്‍സോദയെ സ്വാധീനിക്കാനുള്ള മൊസാദിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വിചാരണ ചെയ്യാന്‍ മടിക്കില്ലെന്ന് നിലവിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മുന്നറിയിപ്പ് നല്‍കി. ബെന്‍സോദയെ ഭീഷണിപ്പെടുത്താനോ സമ്മര്‍ദ്ദം ചെലുത്താനോ ഉള്ള മൊസാദിന്റെ ശ്രമങ്ങള്‍ അന്താരാഷ്ട്ര കോടതിയുടെ ഉടമ്പടിയായ റോം നിയമത്തിലെ ആര്‍ട്ടിക്കിള്‍ 70 പ്രകാരം നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ കുറ്റകൃത്യമായി മാറുമെന്നാണ് നിയമവിദഗ്ധരും മുന്‍ ഐസിസി ഉദ്യോഗസ്ഥരും പറയുന്നത്. അതേസമയം, കരീംഖാനും പലതരം ഭീഷണികള്‍ക്കും ആശയവിനിമയങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഒരിക്കലും മൊസാദിന്റെ തലവനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

2015ലാണ് ഫലസ്തീന്‍ വിഷയത്തില്‍ പ്രാഥമിക പരിശോധന നടത്താന്‍ ബെന്‍സോദ തീരുമാനിച്ചത്. ഗസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം നടത്താനായിരുന്നു ചുമതലപ്പെടുത്തിയത്. ബെന്‍സോദയുടെ തീരുമാനം ഇസ്രായേലിനെ ചൊടിപ്പിക്കുകയും ഫലസ്തീന്‍ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായതിന് തങ്ങളുടെ പൗരന്മാരെ പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. പ്രാഥമിക പരിശോധന ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ്, ബെന്‍സോദയ്ക്കും മുതിര്‍ന്ന പ്രോസിക്യൂട്ടര്‍മാര്‍ക്കുമെതിരേ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചതെന്നാണ് വെളിപ്പെടുത്തലില്‍ വ്യക്തമാക്കുന്നത്. പ്രോസിക്യൂട്ടറുടെ ഓഫിസ് എന്നറിയപ്പെടുന്ന പ്രോസിക്യൂഷന്‍ ഡിവിഷനില്‍ പോലും ചാരന്‍മാരെ നിയോഗിച്ചതായി അന്നത്തെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍, മൊസാദ് മേധാവി ചീഫ് പ്രോസിക്യൂട്ടറെ നേരിട്ട് സമീപിച്ച കാര്യം വളരെ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമാണ് അറിഞ്ഞിരുന്നത്. 2017ലെ മ്യൂണിച്ച് സുരക്ഷാ കൗണ്‍സിലിലാണ് യോസി കോഹെന്‍ ആദ്യമായി ബെന്‍സോദയെ നേരിട്ട് പരിചയപ്പെട്ടതെന്നാണ് നിഗമനം. പിന്നീട് മാന്‍ഹട്ടന്‍ ഹോട്ടലില്‍ വച്ചും കണ്ടുമുട്ടിയതായി പറയപ്പെടുന്നുണ്ട്. 2019 അവസാനത്തിനും 2021 ന്റെ തുടക്കത്തിനും ഇടയില്‍ കോഹനും ബെന്‍സോദയും തമ്മില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും തര്‍ക്കമുണ്ടായിരുന്നതായി വൃത്തങ്ങള്‍ വ്യക്തമാക്കി. ബെന്‍സോദയുടെ കുടുംബത്തെ മൊസാദ് പിന്തുടര്‍ന്നിരുന്നു. ഒരവസരത്തില്‍, ദമ്പതികള്‍ ലണ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ രഹസ്യമായി പകര്‍ത്തിയ തന്റെ ഭര്‍ത്താവിന്റെ ഫോട്ടോകളുടെ പകര്‍പ്പുകള്‍ കോഹന്‍ ബെന്‍സൗദയെ കാണിച്ചതായും പറയപ്പെടുന്നു. പൂര്‍ണമായ അന്വേഷണം ആരംഭിക്കാനുള്ള തീരുമാനം അവളുടെ കരിയറിന് ഹാനികരമാകുമെന്ന് കോഹന്‍ പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബെന്‍സോദയുടെ പിന്‍ഗാമിയായ കരീം ഖാനാണ് കഴിഞ്ഞ ആഴ്ച ഗസയിലെ യുദ്ധക്കുറ്റത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയ്യ, യഹ് യ സിന്‍വാര്‍, മുഹമ്മദ് ദഈഫ് എന്നിവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബെന്‍സോദയെ സ്വാധീനിക്കാനുള്ള മൊസാദിന്റെ ശ്രമങ്ങളില്‍ ഇസ്രായേലിന് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ മുന്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ സഹായം ലഭിച്ചിരുന്നതായാണ് പറയപ്പെടുന്നത്. എന്നാല്‍, ആരോപണം തെറ്റും അടിസ്ഥാനരഹിതവും ഇസ്രായേലിനെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസിലെ വക്താവ് പറഞ്ഞു. ആരോപണത്തോട് പ്രതികരിക്കാന്‍ യോസി കോഹന്‍ തയ്യാറായില്ല.

Next Story

RELATED STORIES

Share it