Articles

കള്ളപ്പണമൊഴുക്കി അധികാരം തേടുന്ന 'രാജ്യസ്‌നേഹികള്‍'

വി പി സൈതലവി

കള്ളപ്പണമൊഴുക്കി അധികാരം തേടുന്ന രാജ്യസ്‌നേഹികള്‍
X

ഇന്ത്യയിലേക്കൊഴുകുന്ന വിദേശ ഹവാല കള്ളപ്പണങ്ങളുടെ ഉറവിടം ഏതാണ് എന്നുള്ളത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കൊടിയും നിറവും മാറുന്നതിനനുസരിച്ച് ഉറവിടങ്ങളുടെ പേരുകള്‍ ചില പ്രത്യേക രാജ്യങ്ങളിലേക്ക് മാത്രം ആരോപിക്കപ്പെടുന്നതാണ് കഴിഞ്ഞ കാലങ്ങളിലത്രയും നമ്മള്‍ കാണുന്നത്. എന്നാല്‍ ഈ പണമൊക്കെ ആരുടെ അക്കൗണ്ടിലേക്കാണ് ഒഴുകിയെത്തുന്നത് എന്ന കാര്യം നമ്മള്‍ വേണ്ടത്ര ഗൗനിച്ചില്ല എന്നു പറയാം. നമ്മുടെ രാജ്യത്ത് ഒരു പാരലല്‍ ഇക്കോണമി ഉണ്ടാക്കി രാജ്യത്തിന്റെ സമ്പദ്ഘടനയെ തകിടംമറിക്കുന്ന ഹവാല കള്ളപ്പണം ആരുടെ അക്കൗണ്ടിലേക്കാണ് ഒഴുകുന്നത്..?. വിയര്‍പ്പിന്റെ ഉപ്പു പറ്റാത്ത കോടിക്കണക്കിന് രൂപ വാരി വിതറി ഒരു പാര്‍ട്ടി അധികാരം വിലകൊടുത്ത് വാങ്ങുന്നുവെങ്കില്‍ അത് കള്ളപ്പണമല്ലാതെ മറ്റെന്താണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് കോടികള്‍ വീശിയെറിഞ്ഞ് അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്നതാരാണ്. എവിടെ നിന്നാണ് ഇവര്‍ക്കിത്രയും പണം ലഭിച്ചത്..?. സംഘപരിവാരത്തിന്റെ അക്കൗണ്ടിലേക്കൊഴുകിയ കള്ളപ്പണം വീശിവിതറിയാണ് പല സംസ്ഥാനങ്ങളിലും കൂറുമാറ്റി എംഎല്‍എമാരെ വിലയ്‌ക്കെടുത്തിരിക്കുന്നത്. ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമാഹരിച്ച സംഭാവനകള്‍ കൊണ്ടാണ് ഈ ചെലവുകളൊക്കെ വഹിക്കുന്നതെന്നാണ് ദേശവാസി രാജ്യസ്‌നേഹികളുടെ വിശ്വാസം. രാജ്യത്തെ ഒറ്റിക്കൊടുത്ത് ലഭിക്കുന്ന കോടികള്‍ കൊണ്ട് അധികാരങ്ങള്‍ സ്ഥാപിച്ചെടുക്കുക എന്ന നയത്തിന്റെ ഭാഗമായിട്ടായിരിക്കാം കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് ബിജെപി നേതാക്കള്‍ നടത്തിയ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം കടത്തല്‍. പിടിച്ചതിനേക്കാള്‍ വലിയത് മാളത്തിലുണ്ട് എന്നു പറയുന്നതുപോലെയാണ് പിടിച്ചെടുത്ത കോടികളുടെ എത്രയോ ഇരട്ടിയായിരിക്കാം കേരളത്തിലെത്തിയിട്ടുണ്ടായിരിക്കുക.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തി തങ്ങള്‍ക്ക് 35 സീറ്റ് ലഭിക്കുമെന്ന് വീമ്പു പറഞ്ഞത് ഒരുപക്ഷേ വരാനിരിക്കുന്ന ഈ കോടിക്കണക്കിന് രൂപയുടെ ഹുങ്ക് കൊണ്ടായിരിക്കാം. പാവം സുരേന്ദ്രനറിയില്ലല്ലോ ആര്‍ത്തിപ്പണ്ടാരങ്ങളായ പാര്‍ട്ടിക്കാര്‍ തന്നെ വഴിയില്‍ വച്ച് പണം തട്ടിയെടുത്തു ഒറ്റയ്ക്ക് വിഴുങ്ങുമെന്ന്.

തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കുഴല്‍പ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയില്‍ നേതാക്കള്‍ തന്നെ കവര്‍ന്ന കേസില്‍ അതുമായുള്ള ബന്ധം അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ തുറന്നു സമ്മതിച്ചത് ബിജെപി ആലപ്പുഴ ജില്ലാ ഖജാഞ്ചി കെ ജി കര്‍ത്തയാണ്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ഖജാഞ്ചി സുനില്‍ നായിക് നല്‍കിയ മൂന്നര കോടി രൂപ കര്‍ത്തയ്ക്കു കൈമാറാനായിരുന്നു നിര്‍ദേശം എന്ന് കുഴല്‍പ്പണം കടത്തുകാരനായ ധര്‍മ്മരാജയുടെ മൊഴിയാണ് കര്‍ത്തയെ കുടുക്കിയത്. ആദ്യം നിഷേധിച്ചെങ്കിലും ശക്തമായ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തിയതോടെയാണ് കര്‍ത്ത കുറ്റസമ്മതം നടത്തിയതെന്നാണ് വാര്‍ത്തകള്‍.

രാജ്യ സ്‌നേഹത്തിന്റെ കുത്തകാവകാശം മൊത്തമായി അവകാശപ്പെടുന്ന സംഘപരിവാരത്തിന്റെ ഈ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായത് ആലപ്പുഴ ബിജെപി ജില്ലാ കമ്മിറ്റിയുടെ വാഹനത്തില്‍ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനൊപ്പമാണ്. ചോദ്യം ചെയ്യാനെടുത്ത നാലര മണിക്കൂര്‍ ബിജെപി പ്രസിഡന്റ് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ കര്‍ത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം എന്നാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ അടുത്തദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്‍, ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യംചെയ്യും.

കോടിക്കണക്കിന് രൂപ കേരളത്തിലേക്ക് കള്ളപ്പണം ഒഴുക്കി അതില്‍ നിന്നു പിടിച്ചെടുത്ത കുറച്ച് കോടികളുടെ കണക്കുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും മലക്കം മറിച്ചിലുകളും ഉത്തരം പറച്ചിലുകളും എല്ലാം നമ്മള്‍ കണ്ടിട്ടും കാണാത്ത പോലെ നടിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് ഈ പണം വന്നതെന്നാണ് 'രാജ്യസ്‌നേഹികള്‍' പറഞ്ഞുപരത്തുന്നത്. ഇനി ഈ പണം വന്നത് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആണെന്ന് തന്നെ വയ്ക്കാം. ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എത്ര രൂപ ചെലവഴിക്കാം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തവും വ്യക്തവുമായ നിര്‍ദേശങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഈ പിടിച്ചെടുത്ത കോടികളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങളും മാച്ചാവുന്നില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ വേണ്ടി രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ചെക്ക് നിര്‍ബന്ധമാക്കിയ പാര്‍ട്ടിയാണ് രാജ്യത്തിനുവേണ്ടി ഈ മഹത്തായ 'സേവനം' ചെയ്യുന്നത് എന്നോര്‍ക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യണം 'രാജ്യദ്രോഹികള്‍'.

ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്‌കരണങ്ങള്‍ നടത്തുന്നത് അവിടേക്ക് ഒഴുകുന്ന കള്ളപ്പണവും ലഹരിവസ്തുക്കളും തടയുന്നതിന് വേണ്ടിയാണ് എന്നാണ് 'രാജ്യസ്‌നേഹി'കളുടെ ഈയടുത്തു കേട്ട മറ്റൊരു വാദം. ലക്ഷദ്വീപിലേക്ക് 'ഒഴുകുന്ന' കോടികളുടെ കള്ളപ്പണവും ബിജെപിയുടെ അക്കൗണ്ടിലേക്ക് തന്നെയാണോ പോകുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദ്വീപ് നിവാസികളുടെ കിടപ്പാടം വരെ തട്ടിയെടുക്കാനുള്ള നിയമങ്ങളാണ് ഇപ്പോള്‍ ഭരണ പരിഷ്‌കരണം എന്നപേരില്‍ വന്നുകൊണ്ടിരിക്കുന്നത്. അവരുടെ മല്‍സ്യബന്ധനവും ചെറിയ ചെറിയ കരാര്‍ വര്‍ക്കുകളും നടത്തി ഉപജീവനം നടത്തിയിരുന്ന ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗങ്ങള്‍ വരെ ഇല്ലാതാക്കിക്കൊണ്ടാണ് ഭരണപരിഷ്‌കരണങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം താല്‍ക്കാലികമായി നല്‍കുന്ന പെര്‍മിറ്റ് കാലാകാലങ്ങളില്‍ പുതുക്കി നല്‍കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപയാണ് പിഴയൊടുക്കേണ്ടി വരിക. ഉപജീവനവും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് പാലായനമല്ലാതെ മറ്റെന്ത് മാര്‍ഗമാണ് മുന്നിലുള്ളത്. കഴിഞ്ഞദിവസം എയര്‍ ആംബുലന്‍സ് വിലക്കിക്കൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ആരോഗ്യരംഗത്തെ കടയ്ക്കല്‍ കത്തിവച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ദ്വീപ് നിവാസികള്‍ പാലായനം ചെയ്തു കഴിഞ്ഞാല്‍ ലഹരിക്കടത്തും കള്ളപ്പണം കടത്തും സുഗമമായി നടത്താമെന്നും അതുപയോഗിച്ച് അധികാരകേന്ദ്രങ്ങള്‍ വിലയ്ക്കു വാങ്ങാമെന്നുമാണ് സംഘപരിവാരം ചിന്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കോടികള്‍ പണമൊഴുക്കി കേരള രാഷ്ട്രീയത്തില്‍ ഇളക്കമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ആരും പുച്ഛിച്ചു തള്ളേണ്ട. ഒരു ശ്രമം കാല്‍ഭാഗം പരാജയപ്പെട്ടെങ്കിലും അതോടെ അവര്‍ നിര്‍ത്തിക്കളയും എന്നും ആരും കരുതേണ്ട. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രം സംഘപരിവാരം 'രാജ്യ സ്‌നേഹത്തിന്റെ' മുഖം മൂടിയിട്ട് രാജ്യത്തിന്റെ മതേതരത്വവും സംസ്‌കാരവും ജനാധിപത്യ മൂല്യങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയേക്കാം. ബിജെപി കേരള ഘടകത്തില്‍ വിവിധ ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് കേട്ടുകേള്‍വി. മുരളീധരന്‍ വിഭാഗം എന്നും രാധാകൃഷ്ണന്‍ വിഭാഗം എന്നും സുരേന്ദ്രന്‍ വിഭാഗം എന്നുമൊക്കെ പത്രങ്ങളില്‍ വായിക്കാറുണ്ട്. എന്നാല്‍ കള്ളപ്പണം വീതം വയ്ക്കുന്നതില്‍ ഇത്തരം ഗ്രൂപ്പ് വൈരാഗ്യമോ പ്രശ്‌നങ്ങളോ ആരുമായും ഉണ്ടായിരുന്നില്ല എന്നാണ് വാര്‍ത്തകള്‍. ബിജെപി നേതാക്കളെ ചോദ്യം ചെയ്താല്‍ ബാക്കി പണം എവിടെ പോയി എന്നും കണ്ടെത്തിയേക്കാം. കുറച്ചുകൂടി മുകളിലോട്ടുപോയാല്‍ എത്ര രൂപ കേരളത്തിലേക്ക് ഒഴുകി എന്നും അതിനേക്കാള്‍ കുറച്ചുകൂടി മുകളിലേക്ക് പോയാല്‍ എവിടെ നിന്നാണ് ഈ പണം വന്നത് എന്നും അറിയാന്‍ കഴിയും. കാലങ്ങളായി ഇന്ത്യയിലേക്ക് ഒഴുകുന്ന കള്ളപ്പണം ബിജെപി നേതാക്കളുടെ മടിക്കെട്ടില്‍ ആണെങ്കില്‍ ഈ പണം വന്ന വഴിയും അവരോട് തന്നെ ചോദിക്കണം.

Next Story

RELATED STORIES

Share it