Articles

സലാഹുദ്ദീന്‍ അയ്യൂബി: ഇസ്‌ലാമിന്റെ മഹാനായ യോദ്ധാവ്

ലോകം കണ്ട മികച്ച യോദ്ധാവ് ആയിരുന്നുവെങ്കിലും ലോലഹൃദയനും, കാരുണ്യവാനും, നീതിമാനും, പ്രജാവാത്സലനുമായിരുന്നു അയൂബിയെന്ന് ചരിത്രം അടിവരയിടുന്നു.

സലാഹുദ്ദീന്‍ അയ്യൂബി: ഇസ്‌ലാമിന്റെ മഹാനായ യോദ്ധാവ്
X

ബൈറൂത്ത്: സൈനികന്‍, ഭരണാധികാരി, മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ അസാധാരണ ഗുണവിശേഷങ്ങളുള്ള മഹനീയ വ്യക്തിത്വമായിരുന്നു വിശുദ്ധ നഗരമായ ജറുസലേമിനെ കുരിശുയുദ്ധക്കാരില്‍ നിന്ന് മോചിപ്പിച്ചതിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ച സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി. ലോകം കണ്ട മികച്ച യോദ്ധാവ് ആയിരുന്നുവെങ്കിലും ലോലഹൃദയനും, കാരുണ്യവാനും, നീതിമാനും, പ്രജാവാത്സലനുമായിരുന്നു അയൂബിയെന്ന് ചരിത്രം അടിവരയിടുന്നു.

നൂറുകണക്കിന് യുദ്ധങ്ങളിലെ പട നായകനായിരുന്ന സലാഹുദ്ധീന്‍ അയ്യൂബി 20 വര്‍ഷത്തോളം കുരിശുയുദ്ധക്കാരുടെ കുതന്ത്രങ്ങളെ തടഞ്ഞു നിര്‍ത്തുകയും ഒടുവില്‍ അവരെ പരാജയപ്പെടുത്തി ജറുസലേമിന്റെ വിമോചനം സാധ്യമാക്കുകയും ചെയ്ത അസാധാരണ പോരാളിയായിരുന്നു.

ഒരു സൈനികനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത യുദ്ധ തന്ത്രങ്ങളും ധീരതയും ഇതിഹാസ തുല്യമായ രാഷ്ട്രതന്ത്രവും സ്വഭാവശുദ്ധിയും ശത്രുക്കളുടെ പോലും ആദരവ് നേടുന്നതായിരുന്നു. യുദ്ധമുഖങ്ങളിലും രാജ്യങ്ങള്‍ കീഴടക്കുന്ന വേളകളിലും വൃദ്ധരെയും സ്ത്രീകളെ കുട്ടികളെയും സംരക്ഷിക്കാന്‍ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. ജറുസലേമിന്റെ കീഴടക്കല്‍ സലാഹുദ്ദീന്റെ കാരുണ്യത്തിനു ക്ലാസിക് ഉദാഹരണമാണ്.

1099ല്‍ ജറുസലം കീഴടക്കിയ യൂറോപ്യന്‍ സൈന്യം അറബികളും കത്തോലിക്കരല്ലാത്ത ക്രൈസ്തവരും യഹൂദരുമായ 40,000ത്തോളം പേരെ രണ്ടു ദിവസം കൊണ്ട് കൊന്നുതള്ളിയെങ്കില്‍ സലാഹുദ്ദീന്‍ ജറുസലം കീഴടക്കിയപ്പോള്‍ യാതൊരു വിധ പ്രതികാര നടപടികളും സ്വീകരിച്ചില്ലെന്നു മാത്രമല്ല യൂറോപ്യരെ അവരുടെ നാടുകളിലേക്ക് തിരിച്ചു പോവാന്‍ അനുവദിച്ച് അങ്ങേയറ്റത്തെ കാരുണ്യമാണ് കാണിച്ചത്. ശത്രുപക്ഷത്തെ ക്രൈസ്തവ ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കുലീനമായ പെരുമാറ്റത്തേയും പുകല്‍പെറ്റ സ്വഭാവത്തേയും വാഴ്ത്തി.

പ്രത്യേകിച്ച് മോവാബിലെ കെരാക് ഉപരോധത്തിന്റെ വിവരണങ്ങളില്‍, കുരിശുയുദ്ധക്കാരുടെ ശത്രുത ഉണ്ടായിരുന്നിട്ടുപോലും ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാര്‍ഡ് ലയണ്‍ഹാര്‍ട്ട് ഉള്‍പ്പെടെ പലരുടെയും ബഹുമാനാദരവുകള്‍ നേടാന്‍ അദ്ദേഹത്തിനായി. യൂറോപ്പില്‍ വെറുക്കപ്പെട്ട വ്യക്തിയായി മാറുന്നതിനുപകരം, അദ്ദേഹത്തിന്റെ ധീരത ആഘോഷിക്കപ്പെട്ട ഉദാഹരണമായി. മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭ്രാന്തവും ദൈര്‍ഘ്യമേറിയതുമായ യുദ്ധമായാണ് കുരിശ് പടയോട്ടത്തെ ചരിത്രം അടയാളപ്പെടുത്തുന്നത്. അതില്‍ ക്രൈസ്തവ പടിഞ്ഞാറിന്റെ ക്രൂരമായ മതഭ്രാന്തിന്റെ എല്ലാ ക്രൂരതകളും പടിഞ്ഞാറന്‍ ഏഷ്യയുടെ കഴുത്ത് ഞെരിച്ചതിന് ലോകം സാക്ഷിയായിരുന്നു.

സുല്‍ത്താന്‍ സലാഹുദ്ധീന്‍ തന്റെ അധികാരത്തിന്റെ സുവര്‍ണ നാളുകളില്‍ ഈജിപ്ത്, സിറിയ, മെസൊപ്പൊട്ടേമിയ, ഹിജാസ്, യെമന്‍ എന്നീ രാജ്യങ്ങള്‍ അടക്കി ഭരിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ അതുല്ല്യ പ്രതിഭയായ സലാഹുദ്ധീന്‍ മുസ്‌ലിംകളുടേയും കുരിശുയുദ്ധക്കാരും മനംകവര്‍ന്നത് രണ്ട് പ്രധാന നേട്ടങ്ങളിലൂടെയായിരുന്നു. ഒന്ന് കുരിശുയുദ്ധക്കാര്‍ക്കെതിരായ യുദ്ധമായിരുന്നുവെങ്കില്‍ മറ്റൊന്നു ജറുസലേമിന്റെ വിമോചനമായിരുന്നു.

സലാഹുദ്ദീന്റെ മുന്‍കാലജീവിതം

ഇന്നത്തെ ഇറാഖിലെ മൗസിലിനും ബാഗ്ദാദിനുമിടയിലുള്ള ടൈഗ്രിസിന്റെ പടിഞ്ഞാറന്‍ തീരത്ത് തിക്രീത്തില്‍ ഹിജ്‌റാബ്ദം 532ല്‍/ ക്രിസ്താബ്ദം 1137ലാണ് സലാഹുദ്ദീന്‍ അയ്യൂബി ജനിച്ചത്. സൈനിക നേതാവും തിക്രീത്ത് കോട്ട അധിപനുമായ അയ്യൂബ് ഇബ്‌നു ശാദി ആണ് പിതാവ്. അബ്ബാസിയാ ഖിലാഫത്തിന്റെ പ്രവിശ്യാ ഗവര്‍ണറായിരുന്ന അദ്ദേഹം നജ്മുദ്ദീന്‍ (മത നക്ഷത്രം) എന്ന പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. പിതാവിന്റെ വാല്‍സല്യ പുത്രനായിരുന്നു അയ്യൂബ്. കുര്‍ദ് പശ്ചാത്തലവും വംശപരമ്പരയിലുമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 1139ല്‍ അദ്ദേഹത്തിന്റെ പിതാവ് നജുമുദ്ധീന്‍ അയ്യൂബിനെ തിക്രീത്തില്‍ നിന്ന് നാടുകടത്തി. തുടര്‍ന്ന് അയ്യൂബിയും സഹോദരന്‍ അസദുദ്ദീന്‍ ഷിര്‍ക്കുവും മൗസിലിലേക്ക് മാറി. പിന്നീട് ഇമാദുദ്ദീന്‍ സെങ്കിയുടെ സൈന്യത്തില്‍ ചേര്‍ന്നു. സെങ്കി അദ്ദേഹത്തെ ബാല്‍ബെക്കിലെ കോട്ടയുടെ കമാന്‍ഡറാക്കി. 1146ല്‍ സങ്കിയുടെ മരണശേഷം, അദ്ദേഹത്തിന്റെ മകന്‍ നൂറുദ്ദീന്‍ സങ്കി, അയ്യൂബിയെ നിലവില്‍ സിറിയയില്‍ സ്ഥിതിചെയ്യുന്ന ഹലബിന്റെ രാജ പ്രതിനിധിയും സെങ്കിഡ്‌സിന്റെ നേതാവുമാക്കി. നൂറുദ്ദീനുമായി ബാല്യകാല സൗഹൃദം ഉണ്ടായിരുന്നു സലാഹുദ്ദീന്. സെങ്കിദ് രാജവംശ വ്യാപനത്തിനായി നൂറുദ്ദീന് മഹ്മൂദ് സെങ്കിയുടെ കൂടെ സൈന്യാധിപന്‍, ഗവര്‍ണര്‍ എന്നീ തസ്തികളിലും സലാഹുദ്ദീന്‍ പ്രാഗല്ഭ്യം തെളിയിച്ചു. 1174 ഇല്‍ നൂറുദ്ദീന്റെ മരണാന്തരം ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ട സെങ്കിദ് അവകാശികളില്‍ നിന്നും യൂറോപ്പിലെ യുദ്ധ പഭുക്കന്മാരില്‍ നിന്നും സിറിയയിലെയും ഈജിപ്തിലെയും ഭരണം സലാഹുദ്ദീന്‍ പിടിച്ചെടുത്തു.

കുരിശുയുദ്ധക്കാര്‍ക്കെതിരായ യുദ്ധങ്ങളും ജറുസലേം പിടിച്ചെടുക്കലും

നൂറുകണക്കിന് യുദ്ധങ്ങളുടെ നായകനായ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി, 20 വര്‍ഷത്തോളം കുരിശുദ്ധക്കാരുടെ മുഴുവന്‍ കുതന്ത്രങ്ങളെയും തടഞ്ഞുനിര്‍ത്തി. കൂട്ടത്തോടെ വന്ന യൂറോപ്പിലെ സംയുക്ത സേനയെ തറപറ്റിച്ച് ബൈത്തുല്‍ മുഖദ്ദസിന്റെ വിമോചനം സാധ്യമാക്കി. ഈ പരാജയത്തോടെയാണ് മുസ്‌ലിംകള്‍ക്കെതിരേ യൂറോപ്യന്‍ ക്രൈസ്തവര്‍ മൂന്നു നൂറ്റാണ്ടോളം തുടര്‍ന്ന അതിക്രമങ്ങള്‍ക്ക് തെല്ലൊരു അറുതിയായത്. ഇക്കാലയളവില്‍ യുദ്ധങ്ങളാലും രോഗങ്ങളാലും പട്ടിണിയാലും ലക്ഷങ്ങളാണ് മരിച്ചുവീണത്. സഭയുടെ അനുവാദത്തോടെയായിരുന്നു കുരിശുയുദ്ധക്കാരുടെ ഈ പടയോട്ടങ്ങളെല്ലാം നടന്നത്.

സലാഹുദ്ദീനും ജറുസലം രാജാവ് ബാള്‍ഡ്വിനും തമ്മില്‍ സമാധാന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍, ദേവാലയ യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്‌നോള്‍ഡ് (റെയ്‌നാള്‍ഡ് ഓഫ് ഷാത്തിലിയന്‍) ഇത് പല വട്ടം ലംഘിച്ചു. 1182ല്‍ മദീന മുനവ്വറ തകര്‍ക്കാന്‍ സേനയെ അയക്കുകയും മുസ്‌ലിം തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിനും പ്രതികാരമായി റെനോള്‍ഡിനെ വധിക്കാന്‍ കറകിലെത്തിയ സലാഹുദ്ധീന്‍ ജറുസലം രാജാവായ ബാള്‍ഡ്വിന്‍ നാലാമന്റെ അഭ്യര്‍ത്ഥന മാനിച്ചു യുദ്ധം ചെയ്യാതെ തിരിച്ചു പോവുകയായിരുന്നു.

ബാള്‍ഡ്വിന്‍ നാലാമന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് തടവില്‍നിന്നും മോചിതനായ റെയ്‌നോള്‍ഡ് 1186ല്‍ ഹജ്ജ് സംഘത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ചെയ്തതോടെ സലാഹുദ്ദീന്‍ ജറുസലം ആക്രമണത്തിന് കോപ്പു കൂട്ടി. 1187 ജൂലൈ നാലിന് ഹിത്വീനിലെ ത്വബരിയ്യ മലഞ്ചെരുവില്‍ വച്ച് (ഇന്നത്തെ ഇസ്രായേലിലെ ടൈബീരിയസ്) സലാഹുദ്ദീന്റെ സൈന്യവും, ജെറുസലം സൈന്യവും ഏറ്റുമുട്ടി. സലാഹുദ്ദീന്‍ മുളഫര്‍ കുക്ബുരി, മുളഫര്‍ ഉമര്‍ അസ്സദു ശാം, എന്നിവരായിരുന്നു അറബ് സൈന്യ നായകര്‍. ജെറുസലം രാജാവ് ഗൈ ഓഫ് ലൂസിഗ്‌നന്‍, റെയ്‌മോന്‍ഡ്, സേനാപ്രഭു റെയ്‌നോള്‍ഡ് എന്നിവരായിരുന്നു യൂറോപ്യന്‍ പടയ്ക്ക് നേതൃത്യം വഹിച്ചിരുന്നത്. അതി കഠിനമായ യുദ്ധത്തില്‍ അറബ് സൈന്യം വിജയിച്ചു.

റെയ്‌നോള്‍ഡ് അടക്കമുള്ള നിരവധി പ്രഭുക്കള്‍ തടവുകാരായി പിടിക്കപ്പെട്ടു. രാജാവായ ഗയ്ക്ക് അഭയം നല്‍കിയെങ്കിലും ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ റെയ്‌നോള്‍ഡ്‌ന്റൈ തല സലാഹുദ്ദീന്‍ വാള്‍തലപ്പിന് ഇരയായി.

1189ല്‍ ഇംഗ്ലണ്ട് രാജാവായ റിച്ചാര്‍ഡ് ഒന്നാമന്‍ ജറുസലം കീഴടക്കാന്‍ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടിരുന്നു.അതിനെ തുടര്‍ന്ന് ഇനി യുദ്ധം ചെയ്യില്ലെന്ന റംല സന്ധിയില്‍ ഇരു കൂട്ടരും ഒപ്പു വെച്ചു.

സലാഹുദ്ധീന്റെ വ്യക്തിത്വം

യുദ്ധ മുഖത്തെ എതിരാളികളായിട്ടും രോഗാതുരനായ ബോള്‍ഡ്വിന്‍ നാലാമനും കിങ് റിച്ചാര്‍ഡിനും വൈദ്യന്മാരെയും, രോഗ ശുശ്രൂഷക്കായി പഴങ്ങളും അയച്ചു കൊടുത്തതും യുദ്ധത്തിനിടയില്‍ റിച്ചാര്‍ഡിനു കുതിര നഷ്ടപ്പെട്ടപ്പോള്‍ യുദ്ധം നിര്‍ത്തി പകരം രണ്ടു കുതിരകളെ നല്‍കിയതിനു ശേഷം യുദ്ധം പുനരാരംഭിച്ചതും ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതാണ്. ചരിത്ര പ്രസിദ്ധമായ സലാഹുദ്ദീന്‍ - റിച്ചാര്‍ഡ് കത്തെഴുത്തും സലാഹുദ്ദീന്റെ മാനവികതയ്ക്കു മറ്റൊരു നിദര്‍ശനമാണ്. സലാഹുദ്ധീന്റെ സ്വഭാവ വൈശിഷ്ട്യത്തില്‍ സന്തുഷ്ടി പൂണ്ട കിങ് റിച്ചാര്‍ഡ് സഹോദരി ജോന്‍ രാജകുമാരിയെ സലാഹുദ്ധീന്റെ സഹോദരനായി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.

ആത്മീയതയോടും മത വിജ്ഞാനത്തോടുമുള്ള സലാഹുദ്ദീന്റെ അഭിനിവേശവും പ്രസ്താവ്യമാണ്. തികഞ്ഞ മതഭക്തനായ അദ്ദേഹം പ്രശസ്തനായ സൂഫീവര്യന്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ കൈലാനിയുടെ അനുചരനായിരുന്നു. മരണ സമയത്ത് കേവലം 14 ദിര്‍ഹമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

ഭരണത്തിന്റെ ഉന്നതിയില്‍ സിറിയക്കും ഈജിപ്തിനും പുറമേ, ഹിജാസും, മെസപ്പൊട്ടോമിയയും, യമന്‍, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ഭാഗങ്ങളും അയ്യൂബി ഭരണത്തിന്‍ കീഴില്‍ വരികയുണ്ടായി. രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളിലും മതപാഠശാലകളും, സൂഫി പര്‍ണ്ണ ശാലകളും, നിയമ വിദ്യാലയങ്ങളും, തത്ത്വഗോള ശാസ്ത്ര കലാലയങ്ങളും ആരംഭിച്ചു കൊണ്ട് മികച്ച വൈജ്ഞാനിക മുന്നേറ്റം സൃഷ്ട്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സൈനികപരിശീലനവും നല്‍കുന്ന പാഠ്യ പദ്ധതിയായിരുന്നു സലാഹുദ്ദീന്‍ കാഴ്ച വെച്ചത്. ഭരണ സ്മാരകങ്ങളായി കൊട്ടാരങ്ങള്‍ക്കു പകരം പള്ളികളും, ആശുപത്രികളും, ഖാന്‍ഖാഹുകളും കോട്ടകളും നിര്‍മ്മിക്കാനും കാര്‍ഷിക മേഖലക്കായി ഉയര്‍ന്ന തലത്തില്‍ ജലസേചന പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമായിരുന്നു അദ്ദേഹം യത്‌നിച്ചിരുന്നത്. 1193 മാര്‍ച്ച് നാലിന് ഇന്നത്തെ സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിലാണ് സലാഹുദ്ദീന്‍ മരിച്ചത്. 57ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചരിത്ര പ്രസിദ്ധമായ ഉമയ്യദ് മസ്ജിദിലാണ് സലാഹുദ്ധീന്‍ അയ്യൂബിയെ കബറടക്കിയത്.

Next Story

RELATED STORIES

Share it