Parliament News

യുഎഇയിലെ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഇടപെടണം: കെ കെ രാഗേഷ് എംപി

യുഎഇയിലെ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഇടപെടണം: കെ കെ രാഗേഷ് എംപി
X

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപന ഭീതിയില്‍ കഴിയുന്ന യുഎയിലെ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ കൊണ്ടുവരണമെന്നു കെ കെ രാഗേഷ് എംപി പ്രധാനമന്ത്രിക്കു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചു. ഏതാണ്ട് 2.8 ദശലക്ഷത്തോളം ഇന്ത്യന്‍ പൗരന്മാരാണ് യുഎഇയിലുള്ളത്. ഇതില്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ലേബര്‍ ക്യാംപുകള്‍, ഷെയേര്‍ഡ് റൂമുകള്‍ എന്നിവയില്‍ കഴിയുന്നവരെയും നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ളവരെയും അടിയന്തിരമായി നാട്ടിലെത്തിക്കണം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൊവിഡ് വ്യാപനം ദ്രുതഗതിയിലായിരിക്കുന്നു. ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യകിച്ചു ലേബര്‍ ക്യാംപുകളിലും റൂം ഷെയര്‍ ചെയ്തും കഴിയുന്ന സാധാരണ തൊഴിലാളികള്‍, കൊവിഡ് വ്യാപനത്തിന്റെ ഭീഷണിയിലാണ്.

കൂടെ താമസിക്കുന്നവര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് അറിഞ്ഞാല്‍ പോലും താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്താന്‍ കഴിയാതെ കൂടെ കഴിയേണ്ടിവരുന്ന സ്ഥിതിയിലാണ് ഇവര്‍. നിലവില്‍ 3360 കൊവിഡ് കേസുകള്‍ യുഎഇയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വര്‍ധിച്ചുവരികയാണ്. ലേബര്‍ ക്യാംപുകളിലും റൂം ഷെയര്‍ ചെയ്തു സാധാരണ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഇനിയും തിരിച്ചറിയുകയോ റിപോര്‍ട്ട് ചെയ്യപ്പെടാത്തതോ ആയ കൊവിഡ് ബാധിതര്‍ ഉണ്ടാവാം എന്ന സ്ഥിതീകരിക്കാത്ത റിപോര്‍ട്ടുകളും ലഭിക്കുന്നുണ്ട്.

ഇന്ന്, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഇന്ത്യന്‍ പൗരന്‍മാരെ തിരികെ കൊണ്ടുവരാനാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ യുഎഇ സര്‍ക്കാര്‍ തയ്യാറാണെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാര്‍ക്ക് തിരികെവരാന്‍ എമിരേറ്റ്‌സ് ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്തുനല്‍കുന്നതിനും യാത്രയ്ക്കു മുമ്പ് ആവശ്യമായ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കാനും യുഎഇ സര്‍ക്കാര്‍ സഹായിക്കുന്നതാണെന്നു സ്ഥാനപതി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ യുഎഇ സര്‍ക്കാറിന്റെ വാഗ്ദാനം പ്രയോജനപ്പെടുത്തി കൊവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രധാനമന്ത്രിയോട് കെ കെ രാഗേഷ് എംപി അഭ്യര്‍ത്ഥിച്ചു.


Next Story

RELATED STORIES

Share it