- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍മല നഗരത്തിനായുള്ള പരീക്ഷണങ്ങള്‍
BY TK tk23 Jan 2016 6:30 PM GMT
X
TK tk23 Jan 2016 6:30 PM GMT
അജയമോഹന് ജി എ ജി ലോകത്തിലെ ഏറ്റവുമധികം മലിനമാക്കപ്പെട്ട വായു നമ്മുടെ രാജ്യതലസ്ഥാനത്തേതാെണന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടിയപ്പോള്‍ അതംഗീകരിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായിരുന്നില്ല. വിഷപ്പൊടി നിറഞ്ഞ പുകമഞ്ഞുകൊണ്ട് പുറത്തിറങ്ങാന്‍ പോലുമാവാത്ത അവസ്ഥയില്‍പ്പോലും ഒന്നും സംഭവിക്കാത്തതുപോലെ ജീവിച്ചുകാട്ടി ജനങ്ങളും ഈ നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യസ്നേഹം തെളിയിക്കുകയാണല്ലോ. മാസ്കും കണ്ണടയുമില്ലാതെ പുറത്തിറങ്ങാനാവാത്ത സ്ഥിതി വന്നിട്ടും ഡല്‍ഹി നഗരവാസികള്‍ ഒരക്ഷരം മിണ്ടിയില്ല. ആ കാലം കഴിഞ്ഞു. ഇന്ന് അതേ ജനത വലിയൊരു പരീക്ഷണത്തിന്റെ വിജയപ്രതീക്ഷയിലാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയുള്ള സര്‍ക്കാരിന്റെ പരീക്ഷണത്തിന് എല്ലാവിധ അസൗകര്യങ്ങളും അവഗണിച്ച് നിറഞ്ഞ മനസ്സോടെ പിന്തുണ നല്കുന്ന കാഴ്ച ലോകത്തെ തന്നെ വിസ്മയിപ്പിക്കുകയാണിന്ന്. വിദേശരാഷ്ട്രങ്ങളില്‍ പലയിടത്തും വിജയിച്ച പരീക്ഷണമാണെങ്കിലും ഇന്ത്യയില്‍ ഇതൊക്കെ നടക്കുമോയെന്നു ചോദിച്ചവരെ ഞെട്ടിച്ചു ഡല്‍ഹി ജനത. കാറുകള്‍ യാത്രാസൗകര്യത്തിനെന്നതിലുപരിയായി പൊങ്ങച്ചത്തിന്റെയും അധികാരപ്രകടനത്തിന്റെയും അടയാളങ്ങളായി മാറിയ ഒരു വന്‍നഗരത്തില്‍ ശുദ്ധവായുവിനായുള്ള പോരാട്ടത്തില്‍ എല്ലാ അസൗകര്യങ്ങളും മാറ്റിവച്ച് ജനങ്ങള്‍ പങ്കുചേര്‍ന്നതോടെ പ്രകടമായത് അവരുടെ മനോഭാവത്തില്‍ വന്ന മാറ്റമാണ്. ഒരുപക്ഷേ ഇതിനേക്കാള്‍ വലിയൊരു പരീക്ഷണം ജനങ്ങളുടെ കാഴ്ചപ്പാടില്‍ വരുത്തിയ മാറ്റങ്ങളിലൂടെ സമൂഹത്തിലെ വലിയൊരു പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതിന്റെ കഥയാണ്, ഡോ. തോമസ് ഐസകും എം ഗോപകുമാറും ചേര്‍ന്നെഴുതിയ മാറുന്ന മനസ്സുകള്‍ മാലിന്യമകലുന്ന തെരുവുകള്‍ - ആലപ്പുഴ വൃത്തിയാകുമ്പോള്‍ എന്ന പുസ്തകം. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകര്. 'നിര്‍മലഭവനം നിര്‍മലനഗരം' എന്നപേരില്‍ ആലപ്പുഴയില്‍ നടപ്പാക്കിയ പദ്ധതിയുടെ അനുഭവങ്ങള്‍ക്കൊപ്പം കേരളത്തിലെ മറ്റു സ്ഥലങ്ങളിലുള്െപ്പടെ ഇന്ത്യക്കകത്തും പുറത്തുമുള്ള അനുഭവങ്ങളും മാതൃകകളും കാഴ്ചപ്പാടുകളും ഇതില്‍ വിവരിക്കുന്നു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സമീപനങ്ങളും വസ്തുതകളും വിവരിക്കുന്നതിലും ഗ്രന്ഥകര്‍ത്താക്കള്‍ ശ്രദ്ധിച്ചിരിക്കുന്നു. വന്നഗരമെന്നു പറയാനാവില്ലെങ്കിലും ഖരമാലിന്യവും അനുബന്ധപ്രശ്നങ്ങളും കേരളത്തിലെ മറ്റു സ്ഥലങ്ങളെപ്പോലെതന്നെ രൂക്ഷമായിരുന്നു ആലപ്പുഴയിലും. രണ്ടരലക്ഷത്തോളം നാഗരികമനുഷ്യര് പ്രതിദിനം പുറന്തള്ളുന്ന 60 ടണ്ണോളം ഖരമാലിന്യം, അതുണ്ടാക്കുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍. അതോടൊപ്പം വര്‍ഷങ്ങളായി ഈ വക കാര്യങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ വേറെ. എല്ലാത്തിലുമുപരി, തെരുവോരങ്ങളെ കുപ്പത്തൊട്ടിയായി കണക്കാക്കുന്ന, ജനങ്ങളുടെ സമീപനത്തിന്റെ പ്രശ്നങ്ങളും. ഒരു മഴക്കാലത്ത് ഈ വക പ്രശ്നങ്ങള്‍ സ്ഫോടനാത്മകമായ സ്ഥിതിയിലേക്കു ചെന്നെത്തി. പ്രതിദിനം 30-40 ടണ്‍ മാലിന്യം എത്തിച്ചിരുന്ന വണ്ടികള്‍ ജനങ്ങളാല്‍ തടയപ്പെട്ടു. വിളപ്പില്‍ശാലയിലും ഞെളിയന്പറമ്പിലുമൊക്കെയുണ്ടായതിന്റെ തനിയാവര്‍ത്തനം. തെരുവോരങ്ങളില്‍ മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞുനാറി. ഇതെത്രനാള്‍ തുടരുമെന്നറിയാത്ത അവസ്ഥ. ഈ പ്രതിസന്ധി തരണംചെയ്യുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഒടുവില്‍ 'നിര്‍മലഭവനം, നിര്‍മല നഗരം' പദ്ധതിയിലേക്കു നയിക്കുന്നത്. പദ്ധതിയുടെ പേരില്‍ത്തന്നെയുണ്ട് സമീപനത്തിലെ മാറ്റം. കേന്ദ്രീകൃത മാലിന്യസംസ്കരണത്തില്‍ നിന്ന് മാറി ഉറവിട സംസ്കരണരീതികളിലേക്കുള്ള ഈ മാറ്റം കടന്നുപോയ വഴിത്താരകളും പ്രശ്നങ്ങളും പ്രതിസന്ധികളും മുന്നേറ്റങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് ഈ കൃതിയില്‍. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സംഗതികളായതിനാല്‍ പ്രായോഗികമായ പല പാളിച്ചകളും തുടക്കത്തിലുണ്ടായി. അവ രസകരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ബയോഗ്യാസ് പ്ലാന്റില്‍ സൂക്ഷ്മജീവികളെ വളര്‍ത്തിയെടുക്കാന്‍ നിക്ഷേപിച്ച ചാണകം പണി മുടക്കിയതാണ് അവയിലൊന്ന്. ഹോള്‍സെയിലായി ചാണകം കിട്ടാന്‍ വേണ്ടി ആശ്രയിച്ച വന്‍കിട ഫാമില്‍ നിന്നു വാങ്ങിയ ചാണകമാണ് വില്ലനായത്. ഏറെ ഗവേഷണങ്ങള്‍ക്കൊടുവില്‍ പ്രശ്നത്തിന്റെ ചുരുളഴിച്ചു- ഫാം വൃത്തിയാക്കാന്‍ ഉപയോഗിച്ച ബ്ലീച്ചിങ് പൗഡറും മറ്റും മൂലം ചാണകത്തിലെ സൂക്ഷ്മജീവികള്‍ നശിച്ചതാണ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ അട്ടിമറിച്ചത്. വാസ്തുപ്രകാരം അനുയോജ്യമായ ഇടമല്ലെന്നു 'കണ്ടെത്തി'യതിനാല്‍ തന്റെ വീട്ടിലെ പ്ലാന്റ് എടുത്തുമാറ്റാന്‍ ഒരാള്‍ കളിച്ച കളികളും പദ്ധതിയില്‍ ആവേശം കയറിയ വീട്ടമ്മമാര്‍ മട്ടുപ്പാവില്‍ പ്ലാന്റ് സ്ഥാപിച്ചതിനെത്തുടര്‍ന്നുള്ള പുലിവാലുകളും രസകരമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ കഥകളെല്ലാം തന്നെ ഇത്തരമൊരു വിഷയത്തിലെ കാണാതെ പോവുന്ന പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നുമുണ്ട്. വലിയൊരു ഉദ്യമത്തില്‍ തന്നാലാവുംവിധം സഹായിച്ച അണ്ണാറക്കണ്ണന്മാരുടെ-തികച്ചും സാധാരണക്കാരായ ചിലരുടെ പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും ഉദ്യമങ്ങളും വിവരിച്ചുകൊണ്ടാണ് താളുകളില്‍ പലതും കടന്നുപോവുന്നത്. മാലിന്യം വേര്‍തിരിക്കല്‍ സംരംഭം തുടങ്ങിയ കുഞ്ഞുമോന്, ചായക്കടയില്‍ വലിയ പ്ലാന്റ് സ്ഥാപിക്കാന്‍ ധൈര്യം കാണിച്ച ജോസഫ് ആന്റണി എന്നിവര്‍ക്കൊപ്പം ഇന്ന് വളരെ സാധാരണമായിക്കഴിഞ്ഞ പൈപ്പ് കമ്പോസ്റ്റിങ് ആദ്യമായി നടപ്പാക്കിയ ചെട്ടിവിളാകത്തെ രവീന്ദ്രനും ചന്ദ്രികയും-അങ്ങനെ പലരും. സമ്പൂര്‍ണമായൊരു വിജയത്തിന്റെ കഥയല്ല പുസ്തകം പറയുന്നത്. വിജയഗാഥകളേക്കാള് പലപ്പോഴും പ്രയോജനം ചെയ്യുക പരാജയകഥകളാവും. അതുകൊണ്ടാവാം അത്തരം അനുഭവങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കാന് ഗ്രന്ഥകര്‍ത്താക്കള്‍ ശ്രദ്ധിച്ചിട്ടുള്ളതും. ആലപ്പുഴയിലെ കനാല്‍ ശുചീകരണത്തെപ്പറ്റി വിവരിക്കുന്ന ഭാഗം അത്തരത്തിലൊന്നാണ്. ഒരു കാലത്ത് ആലപ്പുഴ ജില്ലയുടെ ജീവനാഡികളായിരുന്നു കനാലുകളെങ്കില് ഇന്നവയില്‍ പലതും ഒഴുക്കു നിലച്ച് പോളയും കളകളും നിറഞ്ഞ് ജലഗതാഗതം അസാധ്യമാക്കിയ അവസ്ഥയിലാണ്. വെള്ളത്തിന്റെ ഓരുനില താഴ്ന്നതും ഒഴുക്കില്ലായ്മയുമാണ് എത്ര വാരിമാറ്റിയാലും തീരാത്ത പോളശല്യത്തിനു പ്രധാന കാരണം. തണ്ണീര്‍മുക്കം ബണ്ട് വന്നതിനുശേഷമാണ് ഇത്തരമൊരു സ്ഥിതിയിലേക്കു കാര്യങ്ങളെത്തിയത്. ഓരുകയറ്റം പുനസ്ഥാപിക്കുകയാണ് പോംവഴി. ഇതിനായി കടലില്‍ നിന്ന് പൈപ്പിട്ട് ഉപ്പുവെള്ളം കനാലിലെത്തിക്കാന് പദ്ധതിയിട്ടു. ബജറ്റില്‍ തുക വ കയിരുത്തി. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ആഘാതപഠനം, ചളിവാരല്‍ എല്ലാം മുറപോലെ നടന്നു. നാലു കൊല്ലത്തോളമായിട്ടും ചളിവാരല്‍ ആരംഭിക്കാന്‍ മാത്രമാണ് സാധിച്ചത്. പുസ്തകം പൂര്‍ത്തിയായിട്ടും പദ്ധതി പൂര്‍ത്തിയായില്ലെങ്കിലും നിറഞ്ഞ പ്രതീക്ഷയില്‍ത്തന്നെയാണ് ഗ്രന്ഥകര്‍ത്താക്കള്‍. തികച്ചും പുരോഗമനപരമായ ഫലങ്ങള്‍ ഉണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് ഇന്നു നിലവിലുള്ള സര്ക്കാര്സംവിധാനങ്ങള് ആലപ്പുഴയിലേതുപോലെ ഒരു കാംപയിന് അടിസ്ഥാനത്തിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് അനുയോജ്യമല്ല എന്ന തിരിച്ചറിവോടെയാണ് പുസ്തകം അവസാനിക്കുന്നത്. സര്‍ക്കാര്‍ കാര്യം മുറപോലെയാണ് നടക്കുകയെന്നും ഒരു ബഹുജന കാംപയിന്റെ സ്പിരിറ്റോ തിടുക്കമോ യുക്തിയോ അവര്‍ക്ക് അന്യമാണെന്നും നിയമവ്യവസ്ഥയില്‍പ്പോലും ഉചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഗ്രന്ഥകാരന്മാര് വിലയിരുത്തുന്നു. ഇതു മനസ്സിലാക്കാനെന്നവണ്ണം ആലപ്പുഴയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തോമസ് ഐസക് നിയമസഭയില്‍ നടത്തിയ രണ്ടു പ്രസംഗങ്ങളും അവയോടനുബന്ധിച്ച് മറ്റു സാമാജികര്‍ പങ്കെടുത്ത ചര്‍ച്ചയും കൊടുത്തിരിക്കുന്നു. മാലിന്യസംസ്കരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് എല്ലാ അര്‍ഥത്തിലും വെളിച്ചം വീശുന്ന ചര്‍ച്ചകളാണിവ. വിഷയങ്ങളെ ക്രമനമ്പറും ഉപനമ്പറുകളുമിട്ട് അക്കാദമിക് രീതിയില്‍ അവതരിപ്പിക്കുന്ന തോമസ് ഐസക്കിന്റെ പതിവ് ശൈലി ഈ കൃതിയില്‍ കാണാനില്ലാത്തത് വായനക്കാരന് വലിയൊരാശ്വാ സമാണ്. ഒരൊറ്റ അധ്യായവും വായിക്കാതെ പോവരുതെന്ന നിര്‍ബന്ധബുദ്ധിയോടെ തയ്യാറാക്കിയ ആകര്‍ഷകമായ തലക്കെട്ടുകള്‍, ലളിതവും ജനങ്ങളിലേക്കിറങ്ങുന്നതുമായ അവതരണശൈലി- ഇത്തരമൊരു വിഷയത്തെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം പ്രധാനമാണെന്ന തിരിച്ചറിവും എഴുത്തുകാര്‍ പ്രകടമാക്കിയിട്ടുണ്ട്. ആലപ്പുഴയുടെ അനുഭവങ്ങളുടെ ലഘുവിവരണം മാത്രമല്ല ഈ കൃതി. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു മാലിന്യനിര്‍മാര്‍ജനത്തില്‍ എങ്ങനെ കാര്യക്ഷമമായ മാതൃകകള്‍ നടപ്പാക്കിയെടുക്കാമെന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണിത്. കാഴ്ചപ്പാടുകളും മനോഭാവവും മാറിയാല്‍ തെരുവുകളുടെ മാലിന്യമകലുമെന്ന ലളിതമായ തത്ത്വം ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണിവിടെ. |
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT