Sub Lead

മണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു

മണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
X

ഇംഫാല്‍: വര്‍ഗീയ-വംശീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം. ഇംഫാല്‍ വെസ്റ്റിലെ കാങ്ചുപ്പ് ഫായെങ് ഗ്രാമത്തിലാണ് ഒരു ഡ്രോണ്‍ രണ്ടുതവണ ബോംബിട്ടത്. പോലിസ് പോസ്റ്റിനും സൈനിക പോസ്റ്റിനും 15 അടി അടുത്താണ് ബോംബാക്രമണം നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 9.27നും 9.30നുമാണ് സംഭവം.

സ്‌ഫോടനം നടന്ന സ്ഥലത്ത് ബോംബുകളുടെ പ്രൊപ്പല്ലറുകള്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. സ്ഥലം ഫോറന്‍സിക് വിദഗ്ദര്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് വെടിവെയ്‌പൊന്നും ഉണ്ടായിട്ടില്ല. മെയ്‌തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഈ ഗ്രാമത്തില്‍ നവംബര്‍ 11നും സമാനമായ ആക്രമണം നടന്നിരുന്നു. നവംബറിലെ സംഭവത്തിന് ശേഷം ആകാശത്ത് ഡ്രോണുകള്‍ കണ്ടിരുന്നില്ലെന്ന് ഗ്രാമവാസിയായ അജിത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി ഡ്രോണുകള്‍ പറക്കുന്നുണ്ട്. പോലിസിന്റെ നിരീക്ഷണ ഡ്രോണുകളാണ് പറക്കുന്നതെന്നാണ് കരുതിയതെന്നും അജിത് പറഞ്ഞു.

മെയ്‌തെയ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ഇവിടെ കുക്കികളിലെ സായുധവിഭാഗങ്ങളായിരിക്കാം ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. അതേസമയം, ബിഷ്ണുപൂര്‍ ജില്ലയിലെ ഐയ്‌ഗെജാങ്, ലീമാരാം ഉയോക് ചിന്‍ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ അത്യാധുനിക ആയുധങ്ങള്‍ പിടിച്ചെടുത്തു.


സെല്‍ഫ് ലോഡിങ് റൈഫിള്‍, സ്‌നൈപ്പര്‍ റൈഫിള്‍, 36 ഗ്രനേഡ്, ഒരു റോക്കറ്റ് ലോഞ്ചര്‍, തിരകള്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it