- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതിയ പട്ടാളനയത്തിനെതിരേ യുവജനങ്ങൾ
ഞങ്ങളുടെ കുട്ടികളെ എങ്ങനെ അടിച്ചമർത്താൻ പറ്റും എന്നാണ് ഉത്തർപ്രദേശിലെ ഒരു പോലിസ് കമ്മീഷണർ ടിവിയിൽ ചോദിച്ചത്. ഞങ്ങളുടെ കുട്ടികളും മറ്റുള്ളവരും എന്ന ഈ വർഗ്ഗീയ ഫാഷിസ്റ്റ് മനോഘടന തന്നെയാണ് പുതിയ പട്ടാള പദ്ധതിയെയും നയിക്കുന്നത്.
മധ്യപ്രദേശ് സർക്കാരിന്റെ നയപ്രകാരം പോലിസിൽ പുതിയതായി ആൾക്കാരെ എടുക്കുമ്പോൾ വിമുക്ത ഭടൻമാർക്ക് 10 ശതമാനം സംവരണം നൽകണം. ഇക്കഴിഞ്ഞ പോലിസ് റിക്രൂട്ട്മെൻറ് കണക്കനുസരിച്ച് ജോലി കിട്ടേണ്ടിയിരുന്നത് 600 വിമുക്ത ഭടന്മാർക്കായിരുന്നു. കിട്ടിയത് 6 പേർക്ക്. അവരിപ്പോൾ ഹൈക്കോടതിയിൽ പോയി പോലിസിലേക്കുള്ള പുതിയ നിയമനം തടഞ്ഞിരിക്കുന്നു. ഇത് മധ്യപ്രദേശിന്റെ മാത്രം അനുഭവമല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലുള്ള നയങ്ങളുണ്ട്. പലയിടത്തും അത് ഫലപ്രദമല്ല. അല്ലെങ്കിൽ ഒട്ടും തന്നെ നടപ്പാക്കുന്നില്ല. ചിലയിടത്ത് നിർത്തലാക്കിയിട്ടുമുണ്ട്. ഉദാഹരണത്തിന് മഹാരാഷ്ട്രയിൽ പോലിസിലും ജയിലിലും മറ്റും വിമുക്ത ഭടൻമാർക്ക് ഉണ്ടായിരുന്ന സംവരണം നിർത്തലാക്കിയിട്ട് വർഷങ്ങളായി.
ഇത്തരമൊരു സാഹചര്യത്തിൽ, അഗ്നിവീരൻ എന്നൊക്കെ എത്ര വലിയ പേര് കൊടുത്താലും ശരി, നാലു വർഷത്തെ കരാർപ്പണി കഴിഞ്ഞ് പട്ടാളത്തിൽ നിന്ന് പോരുന്നവക്ക് സിആർപിയിലും മറ്റും സംവരണം ഉണ്ടാകും, പ്രതിരോധ മന്ത്രാലയത്തിൽ 10 ശതമാനം ജോലി അവർക്കായിരിക്കും എന്നൊക്കെ പറഞ്ഞാൽ, ആരാണ് വിശ്വസിക്കുക? ഇന്ന് ഇല്ലാത്ത ജോലി നാല് വർഷം കഴിഞ്ഞ് എവിടെനിന്നു വരും? ഇല്ലാത്ത ജോലിക്ക് സംവരണം ഉണ്ടായിട്ട് എന്ത് കാര്യം? ലാഭകരമായ ചെറുകിട മുതൽമുടക്കിനുള്ള സാധ്യതകൾ വമ്പൻ കുത്തകകൾ വിഴുങ്ങുന്നിടത്ത് പത്തോ ഇരുപതോ ലക്ഷം കിട്ടിയിട്ട് എന്ത് കാര്യം?
മറ്റൊരു പണിയും കിട്ടാത്തതുകൊണ്ടു മാത്രമാണ് പട്ടാളത്തിലും പോലിസിലും ഇന്നും തുടരുന്ന അടിമജീവിതം സഹിക്കാൻ യുവജനങ്ങൾ തയ്യാറാകുന്നത്. അവിടെയൊക്കെ നിറഞ്ഞുനിൽക്കുന്ന അഴിമതിയുടേയും സ്വജന പക്ഷപാതത്തിന്റെയും ഞെട്ടിക്കുന്ന അനുഭവങ്ങളിലൂടെ കടന്ന് പുറത്തുവരുമ്പോഴേക്കും ചേരുമ്പോൾ വല്ല ദേശഭക്തിയുമുള്ളവർ പോലും ആ ധാരണയിൽ നിന്ന് മാറിയിരിക്കും. ദേശഭക്തിയല്ല വയറ്റിപിഴപ്പാണ് യുവജനങ്ങളെ അങ്ങോട്ട് നയിക്കുന്നത്. അടിസ്ഥാനപരമായ പ്രശ്നം വളരെ വ്യക്തമാണ്-തൊഴിലില്ലായ്മ. വ്യാവസായിക രംഗത്തായാലും കൊള്ളാം കാർഷിക രംഗത്തായാലും കൊള്ളാം, ഇതാണ് അവസ്ഥ. സർവീസ് മേഖലയിലും ചെറിയൊരു ന്യൂനപക്ഷം ഒഴികെ ബഹുഭൂരിപക്ഷത്തിന്റേയും അവസ്ഥ ശോചനീയമാണ്. പിന്നെ വരുന്നതാണ് സെക്യൂരിറ്റി പണിയും സൂപ്പർമാർക്കറ്റിലോ മാളിലോ കിട്ടാവുന്ന പണിയും. മണിക്കൂറുകളോളം പണിയെടുത്താൽ തുച്ഛമായ കൂലി മാത്രം കിട്ടുന്ന അത്തരം പണികളിലാണ് വിദ്യാഭ്യാസം ലഭിച്ച യുവജനങ്ങളിൽ ഭൂരിപക്ഷവും അവസാനം അഭയം കണ്ടെത്തുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയെങ്കിലും ഒരു സർക്കാർ ജോലി കിട്ടുക എന്നുള്ളത് രക്ഷപ്പെടാനുള്ള മാർഗമാണ്. അഞ്ചും പത്തും തൂപ്പുകാർക്ക് ഒഴിവുള്ളിടുത്ത് പിഎച്ച്ഡിക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് പേർ ഉദ്യോഗാർത്ഥികളായി എത്തിച്ചേരുന്നത് ഇതുകൊണ്ടാണ്. ഇതുപോലുള്ള ആശ്രയങ്ങളിൽ പ്രധാനമാണ് പട്ടാളം; പ്രത്യേകിച്ചും റയിൽവേ പോലുള്ള പലയിടത്തും പുതിയ ജീവനക്കാരെ എടുക്കുന്നത് ഏതാണ്ട് മരവിച്ചിരിക്കുമ്പോൾ. ഇത്രയും കാലം പട്ടാളത്തിൽ പ്രതീക്ഷിക്കാമായിരുന്ന സ്ഥിരം ജോലി ഇല്ലാതാക്കി അത് നാല് വർഷത്തേക്ക് ചുരുക്കാനുള്ള സർക്കാർ പദ്ധതി സ്വാഭാവികമായിട്ടും ജനരോഷം, പ്രത്യേകിച്ച് യുവജനങ്ങളുടെ രോഷം, വിളിച്ചുവരുത്തും. അതാണ് ഇന്ന് കാണുന്നത്. ദരിദ്ര, താഴ്ന്ന ഇടത്തരം കുടുംബങ്ങളിൽ നിന്നുവരുന്നവരാണ് ഈ യുവജനങ്ങളിൽ ഭൂരിപക്ഷവും. കൂടുതലും നാട്ടിൻപുറത്തുകാരാണ്. കുറെ ആനുകൂല്യങ്ങൾ ഒന്നിന് പുറകെ ഒന്നായി പ്രഖ്യാപിച്ചതുകൊണ്ട്, അല്ലെങ്കിൽ ദേശസ്നേഹത്തിന്റെ പേരിൽ നിങ്ങൾ അടങ്ങിയിരിക്കു എന്ന് ആഹ്വാനം ചെയ്തതുകൊണ്ട് ശമിക്കാൻ പോകുന്ന ഒന്നല്ല ഈ രോഷം. ഇത് പ്രസംഗിക്കുന്നവരും അവരുടെ ശിങ്കടികളും സുഖലോലുപതയുടെ പരമകോടിയിൽ കഴിയുമ്പാൾ, ധനികരുടെ സമ്പത്ത് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ വർധിച്ചു കൊണ്ടിരിക്കുമ്പോൾ, ഇതൊന്നും വിലപ്പോവില്ല.
കാര്യങ്ങൾ വേണ്ടത്ര ആലോചിക്കാതെ മോദി സർക്കാർ ഈ നയം നടപ്പാക്കിയതാണ് പ്രശ്നം എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആലോചനക്കുറവല്ല, ധാർഷ്ട്യമാണ് കണ്ടത്. ഫാഷിസത്തിന്റെ സ്വതസിദ്ധമായ ധാർഷ്ട്യം. ജനങ്ങൾക്ക് ഒന്നും കഴിയില്ല, അവർ തന്റെ മാസ്മരിക പ്രചരണ ഘോഷങ്ങൾക്ക് മുമ്പിൽ മയങ്ങി നിന്നോളും എന്ന അഹന്ത. അതോടൊപ്പം തന്നെ സംഘികളുടെ സർക്കാർ നേരിടുന്ന ഒരു രാഷ്ട്രീയ, സാമ്പത്തിക നിർബന്ധവുമുണ്ട്. പട്ടാളത്തിന് വേണ്ടി ചിലവാക്കുന്ന പണത്തിൽ വലിയപങ്കും ശമ്പളവും പെൻഷനുമായി പോകുന്നു. സൈന്യത്തിന്റെ ആധുനീകരണത്തിന് ഇത് തടസ്സമാണ്. അതേസമയം ആധുനീകരണം അത്യാവശ്യമായിരിക്കുന്ന ഒരു കാലഘട്ടമാണിത്. അമേരിക്കയുടെ കുത്തിതിരിപ്പിന് വഴങ്ങി ചൈനീസ് സാമ്രാജ്യത്വവുമായി മുട്ടാൻ മോദി ഒരുങ്ങുന്നുണ്ട്. എന്നാൽ ചൈന ഒരു സാമ്രാജ്യത്വശക്തിയായി മാറി, അതിഭീമമായ സൈനിക ശക്തി സമാഹരിച്ചിരിക്കുന്നു. അതിനു മുമ്പിൽ പിടിച്ചുനിൽക്കാൻ ഇന്നത്തെ അവസ്ഥയിൽ ഇന്ത്യയുടെ ദല്ലാൾ സൈന്യത്തിന് കഴിയില്ല. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അതിർത്തിയിൽ അതിക്രമം ഉണ്ടായിട്ടും ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നിട്ടില്ല, ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തിയിട്ടില്ല എന്ന നാണംകെട്ട നുണ പറയാൻ മോദി തയ്യാറായത്.
ഈ സാഹചര്യത്തിൽ പ്രാപ്തമായ ഒരു സൈന്യത്തെ എങ്ങനെ വാർത്തെടുക്കും എന്ന പ്രശ്നത്തിന് പരിഹാരമാണ് പുതിയ പദ്ധതി. കെല്പുള്ള സൈന്യമുണ്ടാകണമെങ്കിൽ ഒന്നുകിൽ അത് ജനകീയമാകണം, ജനങ്ങളിൽ, അവരുടെ താല്പര്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം. അല്ലെങ്കിൽ സാങ്കേതിക മികവിനെ ആശ്രയിക്കണം. ഒരു ചൂഷക ഭരണകൂടത്തെ സംരക്ഷിക്കുന്ന സൈന്യത്തിന് അതേ മാർഗമുള്ളു. കോടികൾ മുടക്കി അത് ചെയ്യാൻ സാമ്രാജ്യത്വ രാജ്യങ്ങൾക്ക് കഴിയും. എന്നാൽ ഇന്ത്യയെ പോലുള്ള സാമ്രാജ്യത്വാശ്രിത രാജ്യങ്ങൾക്ക് അതിനുള്ള പണം കണ്ടെത്തുക എളുപ്പമല്ല. മാത്രമല്ല, സൈനിക ഉപകരണങ്ങൾ വാങ്ങാനും മറ്റും ചെലവാക്കുന്നതിന്റെ നല്ല പങ്കും ഈ രാജ്യങ്ങളിലെ ദല്ലാൾ ഭരണാധികാരികൾ കമ്മീഷനായി അടിച്ചുമാറ്റുന്നു. വ്യക്തിഗതമായ മൂലധന സമാഹരണത്തിനായി അവർ പതിവായി സ്വീകരിക്കുന്ന രീതിയാണിത്. ഏറ്റവും ഒടുവിൽ റഫേൽ ഇടപാടിൽ ഇത് കണ്ടതാണല്ലൊ. സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് പിന്നെ ചെയ്യാവുന്നത്. സ്ഥിര സൈനികരുടെ എണ്ണം കുറയ്ക്കുമ്പോൾ അവർക്ക് നൽകേണ്ട ശമ്പളം മാത്രമല്ല പെൻഷനും മറ്റു ബാധ്യതകളും ഒഴിഞ്ഞു കിട്ടും. അതിലൂടെ ലാഭിക്കുന്ന പണം ആയുധ സജ്ജീകരണത്തിനും മറ്റും ഉപയോഗിക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ. എത്ര പണം യുദ്ധകോപ്പാകും, എത്ര കമ്മീഷനാകും എന്ന് കണ്ടറിയേണ്ടിവരും!...
ഇത്രമാത്രമല്ല ഈ പുതിയ പദ്ധതിയുടെ ലക്ഷ്യങ്ങൾ. തങ്ങളുടെ ഫാഷിസ്റ്റ് പദ്ധതിയുടെ ഒരു പ്രബല ആയുധമായി സൈന്യത്തെ ഉപയോഗിക്കേണ്ടിവരും എന്ന് സംഘികൾക്ക് അറിയാം. അതിന് സൈന്യത്തെ ഒരുക്കി എടുക്കണമെങ്കിൽ ഇന്നത്തെ അതിന്റെ ഘടന സൃഷ്ടിക്കുന്ന ചില തടസ്സങ്ങൾ മറികടക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാർ തുടങ്ങിവച്ച രീതി പിന്തുടർന്ന് മതസമുദായ, വംശീയ, ജാതിയ, പ്രാദേശിക അടിസ്ഥാനത്തിലാണ്, സിഖ് റജിമെന്റ്, ഗൂർഖ റജിമെന്റ്, മറാഠാ ഇൻഫന്ററി എന്നീ രീതിയിലാണ്, കര സൈന്യത്തിലെ മൂലവിഭാഗങ്ങളായ റജിമെന്റുകൾ രൂപീകരിച്ചിരിക്കുന്നത്. ദേശീയവും മതപരവും ജാതീയവുമായ വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്ത് ഇത് ചില പ്രതിസന്ധി ഘട്ടങ്ങളിൽ സൈന്യത്തിൽ അസ്ഥിരത ഉണ്ടാക്കും. സിഖുകാരുടെ പ്രധാന ആരാധനാകേന്ദ്രമായ സുവർണ്ണ ക്ഷേത്രത്തെ ആക്രമിച്ചപ്പോൾ ഇത് കണ്ടതാണ്. ഇന്ത്യൻ പട്ടാളത്തിന്റെ സിഖ് റജിമെന്റിന്റെ പരിശീലന കേന്ദ്രത്തിൽ നിന്ന് വളരെയധികം യുവാക്കൾ കലാപം ചെയ്തു പുറത്തുവന്നു. അതേപോലെ പട്ടാളത്തിൽ നിന്ന് വിരമിച്ച സിഖ് സൈനികർ ബിൻഡ്രൻവാലയെയും മറ്റും സഹായിച്ചതുമൂലമാണ് സുവർണക്ഷേത്രത്തെ ഒരു സൈനിക കോട്ടയായി സജ്ജീകരിക്കാൻ ഖാലിസ്ഥാനി പ്രസ്ഥാനത്തിന് കഴിഞ്ഞത്. അതുകൊണ്ട് ഇന്ത്യൻ പട്ടാളത്തിന്റെ ഈ ഘടന മാറ്റാൻ കൂടിയാണ് മോദി സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. എല്ലാ റജിമെന്റുകളിലേക്കും എല്ലാ വിഭാഗം ആൾക്കാരെയും ചേർക്കുന്നതായിരിക്കും എന്ന് അത് പ്രഖ്യാപിച്ചിരിക്കുന്നു. പ്രത്യക്ഷത്തിൽ വളരെ ജനാധിപത്യപരമായി തോന്നുമെങ്കിലും, സൈന്യത്തിനെ ഭരണവർഗ ആയുധമായി ഒന്നുകൂടി ഉറപ്പിച്ചെടുക്കുക, ഭരണവഗങ്ങൾക്ക് അത് ഭീഷിണിയാകാനുള്ള സാധ്യത തടയുക എന്നതാണ് അതിന്റെ യഥാർത്ഥ ലക്ഷ്യം.
അതോടൊപ്പം, പ്രദേശങ്ങൾ തിരിച്ചുള്ള ക്വോട്ടയുടെ അടിസ്ഥാനത്തിൽ പുതിയ ആൾക്കാരെ പട്ടാളത്തിൽ ചേർക്കുന്ന രീതിയിലും മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നു. ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജനസംഖ്യാനുപാതികമായിട്ടാണ് ആൾക്കാരെ എടുക്കുന്നത്. പൊതുവിൽ അഖിലേന്ത്യാ തലത്തിലുള്ള സവർണ്ണ ഹിന്ദുക്കളാണ് ഭരണവർഗങ്ങളുടെ സാമൂഹ്യ അടിത്തറ. എന്നാൽ ദേശീയ വിഭജനങ്ങൾ അതിനെ അത്ര ബലമില്ലാത്ത ഒന്നാക്കുന്നു. ഇത് മറികടക്കാൻ, അതിന്റെ കാമ്പായി ഹിന്ദി ഭാഷിത പ്രദേശങ്ങളിലുള്ളവരെ ഒരുക്കിയെടുക്കാൻ അവർ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ വംശീയാധിപത്യം പിൻപറ്റുന്ന സംഘികളുടെ ഭരണത്തിൻ കീഴിൽ അത് കുറെകൂടി ശക്തമായിരിക്കുന്നു. ഇപ്പോൾതന്നെ ഉത്തർപ്രദേശ്, ബിഹാർ പോലെയുള്ള ഹിന്ദി ഭാഷിത സംസ്ഥാനങ്ങളിൽ നിന്നാണ് പട്ടാളത്തിലേക്ക് കൂടുതൽ ആൾക്കാർ വന്നുകൊണ്ടിരിക്കുന്നത്-ദാരിദ്ര്യം കൂടിയ സംസ്ഥാനങ്ങളായതുകൊണ്ടും, ബോധപൂർവം തന്നെ ഭരണവർഗങ്ങൾ അതിനെ പ്രോൽസാഹിപ്പിക്കുന്നതുകൊണ്ടും. പുതിയ നയപരമായ തീരുമാനം ഇതിനെ ശക്തിപ്പെടുത്തും.
ചുരുക്കത്തിൽ ആര്യവംശീയാധിപത്യ മനോഘടനയോടെ പ്രവർത്തിക്കുന്ന ഒരു ബ്രാഹ്മണ്യ ഫാഷിസ്റ്റ് ഉപകരണമായി സൈന്യത്തെ വാർത്തെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയും അതിന് വിലങ്ങുതടിയായി നില്ക്കുന്ന വർഗ യാഥാർത്ഥ്യമാണ് ഇന്ന് നടക്കുന്ന പ്രക്ഷോഭങ്ങളിലൂടെ നാം കാണുന്നത്. ആദ്യമൊക്കെ പ്രക്ഷോഭം ഗൂഢാലോചനയുടെ സൃഷ്ടിയാണ് എന്ന പതിവ് പ്രചരണമാണ് സർക്കാർ നടത്തിയത്. തീ പടർന്നപ്പോൾ ഒന്നിനുപുറകെ ഒന്നായി പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. മതനിന്ദയുടെ പേരിൽ മുസ് ലിംകൾ തെരുവിൽ ഇറങ്ങിയപ്പോൾ അതിഭീകരമായി അവരെ അടിച്ചമർത്തുകയും ഒരു നിയമ പരിഗണനയും ഇല്ലാതെ അവരുടെ വീടുകൾ തകർക്കുകയും ചെയ്തു അതേ സർക്കാരുകൾ ദിവസങ്ങളോളം തീവണ്ടികളും റെയിൽവേ സ്റ്റേഷനുകളും പോലിസ് വണ്ടികളും എല്ലാം തീയിട്ട് വൻതോതിൽ ബഹുജനപ്രക്ഷോഭം നടക്കുമ്പോൾ വളരെ സൗമ്യമായ രീതിയിൽ അതിനെ കൈകാര്യം ചെയ്യുന്നു. കാരണം വ്യക്തമാണ്, നാളത്തേക്ക് അവർ ലക്ഷ്യംവയ്ക്കുന്ന സാമൂഹ്യാടിത്തറയിലെ ഒരു ഭാഗമാണ് ഇന്ന് തെരുവിൽ തീയിടുന്നത്. ഞങ്ങളുടെ കുട്ടികളെ എങ്ങനെ അടിച്ചമർത്താൻ പറ്റും എന്നാണ് ഉത്തർപ്രദേശിലെ ഒരു പോലിസ് കമ്മീഷണർ ടിവിയിൽ ചോദിച്ചത്. ഞങ്ങളുടെ കുട്ടികളും മറ്റുള്ളവരും എന്ന ഈ വർഗ്ഗീയ ഫാഷിസ്റ്റ് മനോഘടന തന്നെയാണ് പുതിയ പട്ടാള പദ്ധതിയെയും നയിക്കുന്നത്.
സ്വന്തം അനുഭവങ്ങളും ചുറ്റുപാടും കാണുന്ന അനുഭവങ്ങളും തന്നെയാണ് ഇന്ന് യുവജനങ്ങളെ തെരുവിൽ ഇറക്കിയിരിക്കുന്നത്. അവരുടെ ആവശ്യം തീർത്തും ന്യായമാണ്. ഗതികേട് കൊണ്ട് മാത്രമാണ് അവരിൽ കുറെപേർ പട്ടാളത്തിൽ ചേരാൻ ശ്രമിക്കുന്നത്. അതുപോലും മുടക്കും എന്ന് പറയുമ്പോൾ പിന്നെ അവർക്ക് തെരുവ് മാത്രമാണ് ആശ്രയമായിട്ടുള്ളത്. ആ വഴി അവർ തിരഞ്ഞെടുത്തിരിക്കുന്നു. അതിന് നമ്മൾ അവരെ അഭിവാദ്യം ചെയ്യുക. അവരുടെ ന്യായമായ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുക. ഇന്ന് തങ്ങളെ അടിച്ചമർത്താൻ വരുന്നവരെ പോലെയാകാൻ അടികൊള്ളേണ്ടി വരുന്ന, നാളെ തങ്ങളെ പോലുള്ളവരെ അടിക്കേണ്ടിവരുന്ന ഗതികെട്ട അവസ്ഥയെകുറിച്ച് ആലോചിക്കാൻ ഈ സമരാനുഭവങ്ങൾ അവരിൽ കുറെപേർക്കെങ്കിലും പ്രചോദനമാകും. ശരിക്കും എവിടെയാണ് ചേരേണ്ടത് എന്ന ചിന്തയിലേക്ക് അത് അവരെ നയിക്കും.
RELATED STORIES
ഉഷ്ണക്കാറ്റിന്റെ വേഗം കൂടാമെന്ന് പ്രവചനം; ലോസ് എയ്ഞ്ചലസിലെ 60 ലക്ഷം...
15 Jan 2025 5:34 PM GMTരണ്ടരവര്‍ഷത്തിനകം കേരളത്തില്‍ മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങള്‍...
15 Jan 2025 5:29 PM GMTഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്‍സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMT