കഴിഞ്ഞ വര്‍ഷം 3,467 സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ കേസുകള്‍ പരിഹരിച്ചു : എന്‍എച്ച്ആര്‍സി
ദോഹ: 2016ല്‍ 3,467 സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ കേസുകള്‍ പരിഹരിച്ചതായി ദേശീയ മനുഷ്യാവകാശസമിതി(എന്‍എച്ച്ആര്‍സി). 2,132 പേര്‍ക്ക് സ്ഥിരം സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും 1,335 പേര്‍ക്ക് താല്‍ക്കാലിക സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും ലഭിച്ചതായി എന്‍എച്ച്ആര്‍സിയുടെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു. ശമ്പളം വൈകുന്നതും അന്യായമായി പുറത്താക്കിയതുമായി കേസുകളും പരിഗണിക്കുകയും പരിഹാരം കാണുകയും ചെയ്തു. തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ വിശദീകരിച്ചു നല്‍കുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പിനെ എന്‍എച്ച്ആര്‍സി അഭിനന്ദിച്ചു. ശമ്പളം വൈകല്‍, നീതീകരണമില്ലാതെ ജോലിയില്‍ നിന്ന് പുറത്താക്കല്‍, ജോലി നിഷേധിക്കല്‍ തുടങ്ങിയ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാക്കിയത്. തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് വിഷയം പരിഹരിക്കും മുമ്പ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മനുഷ്യാവകാശ വകുപ്പില്‍ നിന്ന് തേടിയിരുന്നു. പുതിയ എക്‌സിറ്റ്, എന്‍ട്രി, റസിഡന്‍സ് നിയമപ്രകാരം രണ്ട് സാഹചര്യങ്ങളിലാണ് സ്‌പോണ്‍സര്‍ഷിപ്പ് താല്‍ക്കാലികമായി മാറ്റാനാവുക. ഒന്ന് ഖത്തറിലെ തുടര്‍ന്നുള്ള താമസ കാലത്ത് ആവശ്യമായ ചെലവുകള്‍ കണ്ടെത്തുന്നതിന്, രണ്ട് തര്‍ക്കം പരിഹരിക്കുന്നതുവരെ രാജ്യത്ത് താമസിക്കുന്നതിന് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിന്. നിര്‍മാണ സൈറ്റുകളിലെ സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തണമെന്നും അപകടങ്ങള്‍ ഒഴിവാക്കുന്നതിന് തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കണമെന്നും 92 പേജുള്ള റിപോര്‍ട്ട് ശുപാര്‍ശ ചെയ്തു.