തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകള്‍; സിറോ മലബാര്‍ സഭയും ബിഷപ്പും മറന്നുപോയ മംഗലാപുരത്തെ ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് 13 വയസ്സ്

മംഗലാപുരത്ത് ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി പിന്നീട് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ന്യൂഡല്‍ഹി, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും തുടര്‍ ആക്രമണങ്ങളുണ്ടായി

Update: 2021-09-14 06:57 GMT

കോഴിക്കോട്: ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും വിബജ്‌രംഗ് ദളും ശ്രീരാമ സേനയും മംഗലാപുരത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്ക് 13 വയസ്സ്. 2008 സെപ്തംബര്‍ 14ന് മംഗലാപുരത്തും സമീപ പ്രദേശങ്ങളിലുമായി 20തോളം ക്രൈസ്തവ ദേവാലയങ്ങളാണ് ഹിന്ദുത്വര്‍ തകര്‍ത്തത്. മംഗലാപുരം താലൂക്കിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളുടെ മറ്റ് ഭാഗങ്ങളിലും കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് പള്ളികള്‍, യഹോവയുടെ സാക്ഷികളുടെയും മറ്റ് സുവിശേഷ വിഭാഗങ്ങളുടെയും മത സ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പെടെ 20 ചര്‍ച്ചുകളും മറ്റ് പ്രാര്‍ത്ഥനാ ഹാളുകളുകളുമാണ് തകര്‍ക്കപ്പെട്ടത്. കര്‍ണാടകയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഭീതിയിലാഴ്ത്തിയ ആക്രമണമായിരുന്നു അത്. പിന്നീട് ബാംഗ്ലൂരിലും കാസര്‍കോട് ജില്ലയിലും ഇതിന്റെ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായി.


ക്രിസ്തീയ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിനിനെയും രണ്ട് മക്കളെയും ഒഡിഷയിലെ കിയോന്‍ജറില്‍ വച്ച് ബജ്‌റംഗ് ദള്‍ ആക്രമികള്‍ ചുട്ടുകൊന്നത് ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരേ ഹിന്ദുത്വര്‍ ആക്രണം നടത്തിയിട്ടുണ്ടെങ്കിലും മംഗലാപുരത്തേത് അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ആസൂത്രണത്തോടെ ദിവസങ്ങള്‍ നീണ്ട ആക്രമണം നടത്തി എന്നതാണ് മംഗലാപുരത്ത് സംഭവിച്ചത്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍, ശ്രീരാമ സേന തുടങ്ങിയ എല്ലാ ഹിന്ദുത്വ സംഘടനകളും ബിജെപി പ്രവര്‍ത്തകരും ഇതില്‍ പങ്കാളിയായി.


ആക്രമണങ്ങള്‍ക്കെതിരേ ക്രിസ്ത്യന്‍ സമൂഹം റോഡ് ഉപരോധം ഉള്‍പ്പടെയുള്ളവ നടത്തിയിരുന്നു. ഹമ്പന്‍കട്ട, കുല്‍ശേഖര്‍, ബെജായ്, ഡെറെബൈല്‍, തോക്കോട്ട് തുടങ്ങിയ റോഡ് ഉപരോധിച്ചു. മംഗലാപുരത്തെ മിക്കവാറും എല്ലാ പള്ളികളിലും അപായ മണി മുഴക്കി. ഇടവകക്കാരെ പള്ളികളിലേക്ക് വിളിച്ചുകൂട്ടിയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പലയിടങ്ങളിലും പ്രക്ഷോഭങ്ങള്‍ ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പോലിസ് ശക്തമായി അടിച്ചമര്‍ത്തി. പോലിസ് നടപടിയില്‍ 50തോളം പേര്‍ക്ക് പരിക്കേറ്റു. 150 ഓളം പേരെ അറസ്റ്റ് ചെയ്തു.


മംഗലാപുരത്ത് ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി പിന്നീട് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ന്യൂഡല്‍ഹി, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും തുടര്‍ ആക്രമണങ്ങളുണ്ടായി. 2008 സെപ്റ്റംബര്‍ 15 നും ഒക്ടോബര്‍ 10 നും ഇടയില്‍ 200റോളം ക്രിസ്ത്യന്‍ പള്ളികളും മറ്റ് സ്ഥാപനങ്ങളുമാണ് ഹിന്ദുത്വര്‍ ആക്രമിച്ചത്. ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നു എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ആണ് മംഗലാപുരത്ത് ആക്രമണത്തിന് തുടക്കമിട്ടത്. മംഗലാപുരത്തെ എല്ലാ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളും അടച്ചുപൂട്ടാന്‍ ന്യൂ ലൈഫ് ഫെലോഷിപ്പ് ട്രസ്റ്റിന് (എന്‍എല്‍എഫ്ടി) മൂന്ന് മാസത്തെ സമയപരിധി നല്‍കി. വിഎച്ച്പിയുടെ ഭീഷണിക്കു മുന്നില്‍ ഭയന്ന മംഗലാപുരം റോമന്‍ കത്തോലിക്കാ രൂപത എന്‍എല്‍എഫ്ടിയുമായി ഇനി മുതല്‍ ഒരു ബന്ധവും ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് അക്രമികളില്‍ നിന്നും രക്ഷ തേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹിന്ദുത്വരുടെ ആക്രമണങ്ങളില്‍ നിന്നും റോമന്‍ കത്തോലിക്ക ദേവാലയങ്ങളും ഒഴിവാക്കപ്പെട്ടില്ല.




Tags:    

Similar News