ഇന്ത്യയില്‍ മൂന്നുവര്‍ഷത്തിനിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 5476 പേര്‍
പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടതല്‍ ആളുകള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കൊല്ലപ്പെടുന്നതെന്നും രേഖകളില്‍ വ്യക്തമാണ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 5476 പേരെന്ന് ഔദ്യോഗിക കണക്ക്. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് കസ്റ്റഡി മരണങ്ങളുടെ കണക്ക് ലോക്‌സഭയില്‍ അറിയിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതില്‍ പോലിസ് കസ്റ്റഡിയില്‍ 427 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 5049 പേരും മരണപ്പെട്ടിട്ടുണ്ട്.
പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരേക്കാള്‍ കൂടതല്‍ ആളുകള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കൊല്ലപ്പെടുന്നതെന്നും രേഖകളില്‍ വ്യക്തമാണ്. 2016-17 കാലയളവില്‍ പോലിസ് കസ്റ്റഡിയില്‍ 145 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1616 പേരും മരണപ്പെട്ടിരുന്നു. 2017-18 കാലയളവില്‍ ഇത് യഥാക്രമം 146, 1636 എന്നിങ്ങനെയായിരുന്നു. 2018-19 കാലയളവില്‍ പോലിസ് കസ്റ്റഡിയില്‍ 136 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1797 പേരും മരണപ്പെട്ടെന്നു മന്ത്രി വ്യക്തമാക്കി.