മുസ്‌ലിം ക്ഷേമ പദ്ധതികളെല്ലാം അനീതി; മറ്റ് മതപ്രീണനങ്ങളെല്ലാം അവകാശം..!
ഇസ്‌ലാം വിരുദ്ധതയിലധിഷ്ഠിതമായ കേരളത്തിന്റെ കപട പൊതുബോധമാണ് സൈബറിടങ്ങളിലും മാധ്യമങ്ങളിലും മറ്റും ഒരേസമയം സംഘിയായും സഖാവായും അല്‍മായ സംഘങ്ങളായുമൊക്കെ മുസ്‌ലിം ക്ഷേമ പദ്ധതികള്‍ക്കെതിരേ നുണകളാല്‍ നിറഞ്ഞാടുന്നത്. യാഥാര്‍ഥ്യം തുറന്നുപറയാതെ, വിദ്വേഷത്തിന് വെള്ളവും വളവുമേകി ഒന്നും രണ്ടും പിണറായി സര്‍ക്കാരും ഇവര്‍ക്കൊപ്പം തന്നെയുണ്ട്!
പി സി അബ്ദുല്ല
കോഴിക്കോട്: സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിം സമുദായം ദയനീയമാം വിധം പിന്നിലാണെന്ന പരുപരുത്ത യാഥാര്‍ഥ്യത്തെ കുഴിച്ചുമൂടിയാണ് മുസ്‌ലിംകള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളപ്പാടെ തട്ടിയെടുക്കുന്നു എന്ന വിദ്വേഷപ്രചാരണം. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവം മദ്‌റസാധ്യാപകരെപ്പോലും പൊതുഖജനാവ് കൊള്ളയടിക്കുന്നവരാക്കി മാറ്റിയ നെറികെട്ട മുസ്‌ലിം വിരുദ്ധതയാണ് ഒടുവില്‍ 80:20 കോടതി വിധിയിലൂടെ സച്ചാര്‍ പദ്ധതികളുടെ സമ്പൂര്‍ണ അട്ടിമറിയായി കലാശിച്ചത്.
മുസ്‌ലിം ക്ഷേമ പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കടുക് ചോരുന്നത് കാണുന്നവരും പര്‍വതീകരിക്കുന്നവരും, ജനസംഖ്യാപരമായി മുസ്‌ലിംകളേക്കാള്‍ താഴെയുള്ള ക്രൈസ്തവ സമുദായത്തിലേക്ക് സര്‍ക്കാര്‍ ശമ്പളം വകയിലും ക്ഷേമപദ്ധതികള്‍ വഴിയും പൊതുഖജനാവില്‍നിന്ന് വെള്ളാനകള്‍തന്നെ ചോരുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. മുന്നാക്ക ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ദലിത് ക്രൈസ്തവര്‍ക്കും മറ്റുമുള്ള പ്രത്യേക സര്‍ക്കാര്‍ ക്ഷേമ പാക്കേജുകളെല്ലാം അവരുടെ ന്യായമായ അവകാശങ്ങളായി നിര്‍വചിക്കുന്നു.
ഇസ്‌ലാം വിരുദ്ധതയിലധിഷ്ഠിതമായ കേരളത്തിന്റെ കപട പൊതുബോധമാണ് സൈബറിടങ്ങളിലും മാധ്യമങ്ങളിലും മറ്റും ഒരേസമയം സംഘിയായും സഖാവായും അല്‍മായ സംഘങ്ങളായുമൊക്കെ മുസ്‌ലിം ക്ഷേമ പദ്ധതികള്‍ക്കെതിരേ നുണകളാല്‍ നിറഞ്ഞാടുന്നത്. യാഥാര്‍ഥ്യം തുറന്നുപറയാതെ, വിദ്വേഷത്തിന് വെള്ളവും വളവുമേകി ഒന്നും രണ്ടും പിണറായി സര്‍ക്കാരും ഇവര്‍ക്കൊപ്പം തന്നെയുണ്ട്!
മതം മാറി വരുന്ന ക്രിസ്ത്യാനികളുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പ്രത്യേക പദ്ധതികളിലൂടെ പ്രതിവര്‍ഷം കോടികളുടെ ധനസഹായമാണ് ഒഴുകുന്നത്. ഏത് സാമൂഹിക നീതിയുടെയും ബാധ്യതയുടെയും പേരിലാണ് പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതെന്നതിന് വ്യക്തമായ ഉത്തരമില്ല. അത്തരമൊരു ചര്‍ച്ചയോ പരാതിയോ ഇതര വിഭാഗങ്ങള്‍ ഇതേവരെ ഉന്നയിച്ചിട്ടുമില്ല.
എങ്കിലും, പിന്നാക്ക ജാതിയില്‍നിന്നാണ് മതം മാറി ക്രിസ്ത്യാനിയായിട്ടുള്ളതെങ്കില്‍ ക്രിസ്ത്യാനികളാണ് അത്തരക്കാരെ മുന്നോക്കക്കാരാക്കി മാറ്റേണ്ടത്. അതല്ലാതെ എല്ലാ മതവിഭാഗങ്ങളും സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നികുതിവരുമാനമടങ്ങുന്ന പൊതുഖജനാവില്‍നിന്ന് എടുത്ത് സര്‍ക്കാരിന്റെ ചെലവിലല്ല ആ പണി നടത്തേണ്ടത്. അധികാരികളുടെ സത്വര നടപടി ഈ വിഷയത്തിലുണ്ടാവാതെ സാമൂഹികനീതിയെക്കുറിച്ച് അധരവ്യായാമം നടത്തിയിട്ട് കാര്യമില്ല. ഇല്ലാത്ത സര്‍ക്കാര്‍ ശമ്പളത്തിന്റെ പെരുംനുണകളുണ്ടാക്കി മുല്ലമാരെയും മുക്രിമാരെയും പൊതുഖജനാവിന്റെ നികുതിപ്പണം കൊണ്ട് പോറ്റണോ എന്ന് ചോദിക്കുന്ന 'പൊതു ബോധ'ത്തിനു പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ചും ചില ചോദ്യങ്ങള്‍ പ്രസക്തം തന്നെയാണ്.
ഇതര മതവിഭാഗങ്ങളില്‍നിന്ന്, വിശിഷ്യാ ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍നിന്ന് ആളുകള്‍ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടേണ്ടത് ഒരിക്കലും പൊതുതാല്‍പര്യത്തിന്റെ ഭാഗമല്ല. ഇത്തരം മതംമാറ്റങ്ങളില്‍ വിശാല സാമൂഹിക താല്‍പര്യങ്ങളുടെ യാതൊരു ഘടകങ്ങളുമില്ല. ദലിത്, പിന്നാക്ക വിഭാഗങ്ങളെ വ്യാപകമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതുവഴി ക്രൈസ്തവ മതതാല്‍പര്യങ്ങളും സഭകളുടെ അജണ്ടകളും മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്.
ക്രൈസ്തവ മതത്തിലേക്കുള്ള പുറത്തുനിന്നുള്ള പരിവര്‍ത്തനം ആ മതത്തിന്റെ സ്വകാര്യതാല്‍പര്യമാണെന്നിരിക്കെ, പിന്നാക്ക ജാതികളില്‍നിന്ന് മതം മാറി ക്രിസ്ത്യാനിയാവുന്നവരെ സാമൂഹികമായി ഉദ്ധരിക്കേണ്ട ഉത്തരവാദിത്തം സഭകളുടേത് മാത്രമാണ്. അതല്ലാതെ എല്ലാ മതവിഭാഗങ്ങളും സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നികുതി വരുമാനങ്ങടങ്ങുന്ന പൊതുഖജനാവില്‍നിന്നും എടുത്ത് സര്‍ക്കാരിന്റെ ചെലവിലല്ല പരിവര്‍ത്തിത ക്രൈസ്തവരെ സംരക്ഷിക്കേണ്ടത്.
എന്നാല്‍, സംഘടിത നീക്കങ്ങളും പ്രലോഭനങ്ങളും മറ്റും മൂലം മതം മാറ്റത്തിന് വിധേയപ്പെടുന്ന ദലിത്, പിന്നാക്ക വിഭാഗങ്ങളെ സ്വന്തം ഉത്തരവാദിത്തത്തില്‍ സംരക്ഷിക്കേണ്ടതിനു പകരം അവരെ പിന്നാക്കക്കാരായി തന്നെ മുദ്രകുത്തി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തുകയാണ് സഭകള്‍ ചെയ്യുന്നത്. മതപരിവര്‍ത്തനത്തിന് വിധേയരാവുന്നവരെ ആ മതത്തിന്റെ സമത്വ മുഖ്യധാരയിലേക്ക് അടുപ്പിക്കാതെ പിന്നാക്കാരായി തന്നെ നിലനിര്‍ത്തുകയാണ്.
ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ദലിതനും പിന്നാക്ക ജാതിക്കാരനും മതത്തിന്റെ മുഖ്യധാരയില്‍ തന്നെയാണ് പിന്നെ ഇടം. അതു കൊണ്ടുതന്നെ, മുസ്‌ലിം സമുദായത്തിന് പൊതുവായി ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും മാത്രമാണ് അവര്‍ക്കും ലഭിക്കുക. എന്നാല്‍, ക്രൈസ്തവ മതത്തിലേക്ക് മതംമാറുന്ന ദലിത്, പിന്നാക്ക വിഭാഗങ്ങളെ തുടര്‍ന്നും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഒരര്‍ഥത്തില്‍, സര്‍ക്കാര്‍ ചെലവില്‍ ദലിതരെയും പിന്നാക്ക ജാതിക്കാരെയും ക്രൈസ്തവതയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏര്‍പ്പാടാണ് നിലനില്‍ക്കുന്നത്.
ഈ വിരോധാഭാസത്തിനെതിരേ ആര്‍ക്കും പരാതിയില്ല. മാറി മാറി വരുന്ന ഇടത് വലതു സര്‍ക്കാരുകള്‍ ഇതിനായി കോടികള്‍ വാരിയെറിയുകയും ചെയ്യുന്നു. പിന്നാക്ക ജാതികളില്‍നിന്നും മതം മാറി ക്രിസ്ത്യാനികളായവര്‍ക്ക് കോട്ടയം ആസ്ഥാനമായി 1980ല്‍ സംസ്ഥാന സര്‍ക്കാര്‍ പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍ രൂപീകരിച്ചു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി കോടികളുടെ ക്ഷേമ പദ്ധതികളാണ് ഈ കോര്‍പറേഷന്‍വഴി നടപ്പാക്കിയത്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ രണ്ടുവര്‍ഷത്തിനകം പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അന്നത്തെ വകുപ്പുമന്ത്രി എ കെ ബാലന്‍ 2018 മാര്‍ച്ചില്‍ നിയമസഭയില്‍ അതിന്റെ കണക്കുകള്‍ വിശദീകരിച്ചിരുന്നു. 3,691 വിദ്യാര്‍ഥികള്‍ക്കായി 15.83 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പ, 2,729 പേര്‍ക്ക് 49.88 ലക്ഷം രൂപയുടെ വിദ്യാഭ്യാസ പ്രോല്‍സാഹന സമ്മാന പദ്ധതികള്‍, 10 പേര്‍ക്ക് സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഇതിനു പുറമെ, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികളിലേക്ക് രണ്ട് ശതമാനവും മറ്റു തസ്തികകളില്‍ ഒരുശതമാനവും തൊഴില്‍ സംവരണവും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കുണ്ട്. മറ്റു പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെടുത്തി പ്രഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിലും സംവരണം നിലവിലുണ്ട്.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കായി 98 ഭവനവായ്പകള്‍, 62 വിവാഹ വായ്പകള്‍, 16 ഭവന പുനരുദ്ധാരണ വായ്പകള്‍, 29 മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരിശീലന പദ്ധതികള്‍, 1,130 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ പ്രോല്‍സാഹന സമ്മാന പദ്ധതി, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയ്ക്കായി കോടികളാണ് പൊതുഖജനാവില്‍നിന്നും വകയിരുത്തിയത്. ഇതിനു പുറമെ പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്റെ കീഴിലുള്ള വിവിധ ഇനങ്ങളില്‍ വായ്പയായി നല്‍കിയ 159 കോടി രൂപ എഴുതി തള്ളിയതായും വാര്‍ത്തകള്‍ പുറത്തുവന്നു.
പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍ വഴി 2018ല്‍ 15 കോടി 83 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയായി അനുവദിച്ചു. 2018ല്‍ വിദ്യാഭ്യാസ പ്രോല്‍സാഹന സമ്മാന പദ്ധതിക്ക് സര്‍ക്കാര്‍ 49,88,000 രൂപ നര്‍കി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 21 ഭവനവായ്പകള്‍, 62 വിവാഹ വായ്പകള്‍, 16 ഭവന പുനരുദ്ധാരണ വായ്പകള്‍, 29 മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരിശീലന പദ്ധതികള്‍, 1,130 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ പ്രോല്‍സാഹന സമ്മാന പദ്ധതി, വിദ്യാഭ്യാസ വായ്പ തുടങ്ങിയവയ്ക്കായി കോടികള്‍ അനുവദിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവരടക്കമുള്ള മുന്നാക്ക വിഭാഗക്കാരുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ 2012 നവംബര്‍ 8 ന് മുന്നാക്ക വികസന കോര്‍പറേഷന്‍ ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ജനസംഖ്യയില്‍ പിന്നാക്കമായ മുന്നാക്കക്കാര്‍ക്കായി ഇങ്ങനെയൊരു കോര്‍പറേഷന്‍ ആരംഭിക്കുന്നത്. കോടികളാണ് ഈ കോര്‍പറേഷന്‍ വഴി മുന്നാക്ക സമുദായ ക്ഷേമത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത്. ഇതിനു പുറമെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നാക്ക സംവരണവും നടപ്പാക്കിയത്. വിവിധ മതസാമൂഹിക വിഭാഗങ്ങള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് ആരും, പ്രത്യേകിച്ച് മുസ്‌ലിം സമുദായം എതിരല്ല. എന്നാല്‍, മുസ്‌ലിം ക്ഷേമ പദ്ധതികളോട് മുസ്‌ലിംകളല്ലാത്തവരെല്ലാം എതിരാണെന്നതാണ് നടപ്പുദീനം..
(അവസാനിക്കുന്നില്ല)