' അയ്യാശ് ' ഫലസ്തീനികള്‍ക്ക് വെറുമൊരു റോക്കറ്റിന്റെ പേരല്ല, പ്രതിരോധത്തിന് ഊര്‍ജ്ജം നല്‍കിയ രക്തസാക്ഷിയുടെ ഓര്‍മയാണ്
യഹ്യ അയ്യാശിന്റെ ഓര്‍മ്മകള്‍ ശൈഖ് അഹമ്മദ് യാസീനെപ്പോലെ, അബ്ദുല്‍ അസീസ് അല്‍ റന്‍തീസിയെപ്പോലെ ഇന്നും ഫലസ്തീനികള്‍ക്ക് അടിയറവ് പറയാത്ത പോരാട്ടത്തിന്റെ ഊര്‍ജ്ജമാണ്
കോഴിക്കോട്: അക്രമികളായ ഇസ്രായേല്‍ സൈന്യത്തിനെതിരേ കല്ലുകള്‍ കൊണ്ട് വീരേതിഹാസം രചിച്ച ഫലസ്തീനിലെ ഇന്‍തിഫാദയുടെ പോരാളികള്‍ ഇസ്രായേലിന്റെ 250 കിലോമീറ്റര്‍ അകത്തേക്ക് തൊടുത്തുവിടുന്ന റോക്കറ്റിന്റെ പേരാണ് അയ്യാശ്. ലോകത്തെ ഏറ്റവും ക്രൂര രാജ്യമായ ഇസ്രായേലിന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് ഹമാസ് ഭടന്‍മാര്‍ തൊടുത്തിവിടുന്ന അയ്യാശ് റോക്കറ്റുകള്‍ ഫലസ്തീനികള്‍ക്ക് രക്തസാക്ഷിയായ വീര യോദ്ധാവിന്റെ ഓര്‍മകള്‍ കൂടിയാണ്. സര്‍വ്വായുധ സജ്ജരായ ഇസ്രായേല്‍ സേനയെ വെറും കല്ലും കവണയുമായി നേരിട്ട കാലത്തു നിന്നും പ്രഹര ശേഷിയുള്ള റോക്കറ്റുമായി ഏറ്റുമുട്ടുന്നതിലേക്ക് പരിവര്‍ത്തിപ്പിച്ചത് യഹ്യ അയാശ് എന്ന ഹമാസ് പോരാളിയായിരുന്നു.
അഹ്മദ് അല്‍ ജഅബരിക്കും മുമ്പ് ഹമാസിന്റെ ചെറുത്തു നില്‍പുകള്‍ ആസൂത്രണം ചെയ്ത സൂത്രധാരനായിരുന്നു യഹ്യ അയാശ്. തുടക്കത്തില്‍ 30 കിലോമീറ്റര്‍ പരിധിയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച റോക്കറ്റുകള്‍ക്കുണ്ടായിരുന്നത്. എന്നിട്ടുപോലും ഇസ്രായേലിന് നാശനഷ്ടങ്ങളുണ്ടാക്കാന്‍ അവക്ക് സാധിച്ചു. ഇതോടെ ഇസ്രായേല്‍ സൈന്യവും അവരുടെ കുപ്രസിദ്ധ ചാരസംഘടനയായ മൊസാദും അയ്യാശിനെ കൊലപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടങ്ങി. പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടതോടെ, ഒറ്റുകാരനെ ഉപയോഗിച്ച് ചതിയിലൂടെയാണ് യഹ്യ അയാശിനെ മൊസാദ് കൊലപ്പെടുത്തിയത്. ആത്മസുഹൃത്ത് ഉസാമ ഹമദ് ആയിരുന്നു ആ ഒറ്റുകാരന്‍. മൊസാദ് ഏജന്റ് നല്‍കിയ 15 ഗ്രാം ആര്‍ഡിഎക്‌സ് നിറച്ച ഫോണ്‍ ഉസാമ ഹമദ് , അയ്യാശിന് സമ്മാനമായി നല്‍കി. ആ ഫോണില്‍ പിതാവുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ റിമോട്ട് കണ്‍ട്രോളറിലൂടെ ഫോണ്‍ പൊട്ടിത്തെറിപ്പിച്ചാണ് ഇസ്രായേല്‍ കൊലപാതകം നടത്തിയത്. 1996 ജനുവരി 5നാണ് യഹ്യ അയ്യാശ് രക്തസാക്ഷിത്വം വരിച്ചത്.
ഒറ്റുകാരന്‍ കാമില്‍ ഹമദിന് പത്ത് ദശലക്ഷം യുഎസ് ഡോളറും അമേരിക്കയിലേക്ക് കടക്കാനുള്ള വ്യാജ പാസ്‌പോര്‍ട്ടുമാണ് ചതിക്ക് പ്രതിഫലമായി ഇസ്രായേല്‍ നല്‍കിയത്.
യഹ്യ അയ്യാശിന്റെ രക്തസാക്ഷിത്വം ഫലസ്തീനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു.പ്രതിഷേധങ്ങള്‍ ഇരമ്പിയാര്‍ത്തു.യാസിര്‍ അറഫാത്ത് പരസ്യമായി ആ വധത്തെ അപലപിച്ചു. ലക്ഷങ്ങള്‍ തലസ്ഥാന നഗരിയില്‍ പ്രതിഷേധവുമായി ഒത്തുകൂടി. കുറച്ചു നാള്‍ കഴിഞ്ഞ് യഹ്യ അയ്യാശിന്റെ രക്തസാക്ഷിത്വത്തിന് പ്രതികാരമായി ഖസ്സാം ബ്രിഗേഡ് തന്ത്രപരമായി ആസൂത്രണം ചെയ്ത ഒരു ഓപറേഷനില്‍ 75 സയണിസ്റ്റുകളെ വധിച്ചു. യഹ്യ അയ്യാശിന്റെ ഓര്‍മ്മകള്‍ ശൈഖ് അഹമ്മദ് യാസീനെപ്പോലെ, അബ്ദുല്‍ അസീസ് അല്‍ റന്‍തീസിയെപ്പോലെ ഇന്നും ഫലസ്തീനികള്‍ക്ക് അടിയറവ് പറയാത്ത പോരാട്ടത്തിന്റെ ഊര്‍ജ്ജമാണ്. സുരക്ഷിത കേന്ദ്രങ്ങളെന്ന് ഇസ്രായേല്‍ അഹങ്കരിച്ചിരുന്ന പ്രദേശങ്ങളിലേക്കു വരെ കുതിച്ചെത്തി പൊട്ടിത്തെറിക്കുന്ന അയ്യാശ് 250 റോക്കറ്റുകളിലൂടെ യഹ്യ അയാശ് രക്തസാക്ഷിത്വത്തിന്റെ 25 വര്‍ഷങ്ങള്‍ക്കു ശേഷവും ഫലസ്തീനിയന്‍ പ്രതിരോധത്തിന്റെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഓര്‍മയായി തുടരുകയാണ്.