ഗ്രീറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ വാര്‍ഷികം: ഓരോ ഫലസ്തീനിയുടെ കണ്ണിലും താനെന്റെ മകളെ കാണുന്നുവെന്ന് 'ഖുദ്‌സിന്റെ മണവാട്ടി'യുടെ മാതാവ്
ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഖാന്‍ യൂനിസിനു പ്രാന്തപ്രദേശത്ത് അധിനിവേശ സൈന്യത്തിനെതിരേയുള്ള പ്രതിഷേധത്തിനിടെ പരിക്കേറ്റ ഫലസ്തീന്‍ പോരാളികളെ പരിചരിക്കുന്നതിനിടെയാണ് റസാന്‍ നജ്ജാറിന്റെ ശരീരം തുളച്ച് ആ വെടിയുണ്ടകള്‍ കടന്ന് പോയത്.
ഗസാ സിറ്റി: കാഞ്ഞിരം പോലെ കയ്പുറ്റതാണ് തന്നെ സംബന്ധിച്ച് ഈ വര്‍ഷം. മാതൃദിനത്തില്‍ സവിശേഷ സമ്മാനവുമായി തന്നെ ആശ്ചര്യപ്പെടുത്താന്‍ റസാന്‍ വീണ്ടുമെത്തില്ലെന്ന് തിരിച്ചറിയുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നഷ്ടമാവുകയാണ്. പിറകില്‍ ഒളിപ്പിച്ചുസമ്മാനവുമായാണ് അവള്‍ എത്തുക. പിറകിലൂടെയെത്തി അപ്രതീക്ഷിതമായി തന്റെ കവിളില്‍ ചുംബിക്കും. പ്രിയപ്പെട്ട മാതാവേ, എന്റെ ഏറ്റവും പ്രിയപ്പെട്ടവരെ എന്നര്‍ത്ഥമുള്ള സിത് ഇല്‍ ഹബയബ്, യാ ഹബീബ എന്ന പ്രസിദ്ധമായ അറബി ഗാനത്തിന്റെ ഈരടികള്‍ മൂളും. പക്ഷെ, ഇക്കുറി സമ്മാനവുമായി അവള്‍ എത്തില്ല. അവളുടെ അഭാവം തങ്ങളെ മിറിവേല്‍പ്പിക്കുന്നു. നിത്യദുഖത്തിലാണ് ഞങ്ങള്‍. എന്നാല്‍, അവള്‍ സഞ്ചരിച്ച മാനുഷിക സ്‌നേഹത്തിന്റെയും ദേശീയതയുടേയും പാതയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനം. നിശ്ചയ ദാര്‍ഢ്യത്തോടെ റസാന്‍ നജ്ജാറിന്റെ മാതാവ് സബ്രീന്‍ അല്‍ ജുമാഅ അല്‍ നജ്ജാര്‍ പറഞ്ഞുനിര്‍ത്തി.
കഴിഞ്ഞ വര്‍ഷം ഗ്രീറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന ബാനറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സയണിസ്റ്റ് സൈന്യത്തിന്റെ വെടിയുണ്ടകള്‍ നെഞ്ചിലേറ്റ് വാങ്ങി റസാന്‍ നജ്ജാര്‍ രക്തസാക്ഷിത്വത്തിന്റെ അനശ്വരതയിലേക്ക് പറന്നുയര്‍ന്നത്. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഖാന്‍ യൂനിസിനു പ്രാന്തപ്രദേശത്ത് അധിനിവേശ സൈന്യത്തിനെതിരേയുള്ള പ്രതിഷേധത്തിനിടെ പരിക്കേറ്റ ഫലസ്തീന്‍ പോരാളികളെ പരിചരിക്കുന്നതിനിടെയാണ് റസാന്‍ നജ്ജാറിന്റെ ശരീരം തുളച്ച് ആ വെടിയുണ്ടകള്‍ കടന്ന് പോയത്.വെടിയുണ്ടകളേറ്റ് നിലം പതിക്കുമ്പോള്‍ കേവലം 20 വയസ്സായിരുന്നു അവള്‍ക്ക് പ്രായം.വെള്ള യൂണിഫോമിലായിരുന്നു അവള്‍. എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ കൈകള്‍ രണ്ടും അവള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നിട്ടും, സയണിസ്റ്റ് സൈന്യം അവളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു.