ബാബരി വിധി: ജംഇയത്ത് ഉലമ എ ഹിന്ദ് പുനപ്പരിശോധന ഹരജി നല്‍കി

ജംഇയ്യത്ത് ഉലമ എ ഹിന്ദിന് പുറമെ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും (എഐഎംപിഎല്‍.ബി) ഈ മാസം ഒമ്പതിനു മുമ്പ് പുനപ്പരിശോധന ഹരജി സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2019-12-02 10:34 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്രം പണിയുന്നതിന് വിട്ടുനല്‍കികൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധന ഹരജി നല്‍കി മുസ്‌ലിം സംഘടനയായ ജംഇയത്ത് ഉലമ എ ഹിന്ദ്. 1992 ഡിസംബര്‍ ആറിനാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തിലെത്തിയ കര്‍സേവകര്‍ തകര്‍ത്തത്. ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലം രാമന്റെ ജന്മഭൂമിയാണെന്ന് അവകാശപ്പെട്ടായിരുന്നു കര്‍സേവകര്‍ മസ്ജിദ് തകര്‍ത്തത്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു നല്‍കി കഴിഞ്ഞ മാസമാണ് സുപ്രിംകോടതി ഉത്തരവിട്ടത്. പള്ളി നിലനിന്ന 2.7 ഏക്കര്‍ കോംപൗണ്ട് ഭൂമിക്ക് പകരമായി മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം പള്ളി നിര്‍മിക്കാന്‍ നല്‍കണമെന്നും മൂന്ന് മാസത്തിനകം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുപ്രിംകോടതി വിധിച്ചിരുന്നു.

ജംഇയത്ത് ഉലമ എ ഹിന്ദിന് പുറമെ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും (എഐഎംപിഎല്‍.ബി) ഈ മാസം ഒമ്പതിനു മുമ്പ് പുനപ്പരിശോധന ഹരജി സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുനപ്പരിശോധന ഹരജി നല്‍കില്ലെന്നു യുപി സുന്നി വഖ്ഫ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അതേസമയം, മസ്ജിദ് നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ സ്വീകരിക്കണോ എന്ന കാര്യത്തിലും അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല.

വിധി നീതി പൂര്‍വകമല്ല


പുനപ്പരിശോധന ഹരജി സമര്‍പ്പിക്കണമെന്നാണ് ഭൂരിപക്ഷം മുസ്‌ലിംകളും ആഗ്രഹിക്കുന്നതെന്നും അതിന് എതിര്‍ക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും ജംഇയത്ത് ഉലമ എ ഹിന്ദ് മേധാവി മൗലാന അര്‍ഷാദ് മദനി നേരത്തേ വ്യക്തമാക്കിയിരുന്നു. കോടതി തങ്ങള്‍ക്ക് ഇതിന് അവകാശം നല്‍കിയിട്ടുണ്ടെന്നും പുനപ്പരിശോധ ഹരജി ഫയല്‍ ചെയ്യുമെന്നും മദനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

'ഒരു ക്ഷേത്രം നശിപ്പിച്ചാണ് പള്ളി പണിതതെന്നായിരുന്നു കേസിലെ പ്രധാന തര്‍ക്കം. ഒരു ക്ഷേത്രം നശിപ്പിച്ച ശേഷമാണ് പള്ളി പണിതതെന്ന് തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ മുസ്ലീങ്ങളുടെ വാദം തെളിയിക്കപ്പെട്ടു, പക്ഷേ അന്തിമവിധി എതിര്‍വിഭാഗത്തിന് അനുകൂലമായിട്ടായിരുന്നു. വിധി മനസിലാക്കാന്‍ കഴിയാത്തതിനാല്‍ തങ്ങള്‍ പുനപ്പരിശോധന ഹരജി സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News