ബംഗ്ലാദേശില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ തീപ്പിടിത്തം; നിരവധി മരണം, ആയിരത്തിലേറെ വീടുകള്‍ കത്തിനശിച്ചു

വീടുകള്‍ക്ക് പുറമേ ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തിനശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കോക്‌സ് ബസാറിലെ ബാലുഖാലി ക്യാംപ് ഒന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Update: 2021-03-23 05:55 GMT

ധക്ക: തെക്കന്‍ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ മരണപ്പെട്ടതായും ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചതായും ഉദ്യോഗസ്ഥരെയും ദൃക്‌സാക്ഷികളെയും ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വീടുകള്‍ക്ക് പുറമേ ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തിനശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കോക്‌സ് ബസാറിലെ ബാലുഖാലി ക്യാംപ് ഒന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ ആളിപ്പടരുന്ന കൂടാരങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി അവരുടെ വസ്തുവകകള്‍ എടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീ നിയന്ത്രണവിധേയമാക്കാനും കൂടുതല്‍ പടരാതിരിക്കാനും അഗ്‌നിശമനസേന, റെസ്‌ക്യൂ, പ്രതിരോധ ടീമുകളും സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ടെന്ന് കോക്‌സ് ബസാറിലെ യുഎന്‍ അഭയാര്‍ഥി ഏജന്‍സി യുഎന്‍എച്ച്‌സിആര്‍ വക്താവ് ലൂയിസ് ഡൊനോവന്‍ പറഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ ആയിരക്കണക്കിന് വീടുകള്‍ കത്തിയതായും നിരവധി പേര്‍ മരിച്ചതായും പറയുന്നുണ്ടെങ്കിലും കൃത്യമായ മരണസംഖ്യ യുഎന്‍എച്ച്‌സിആറും പുറത്തുവിട്ടിട്ടില്ല.

തീപ്പിടിത്തത്തിന്റെ കാരണവും സ്ഥിരീകരിച്ചിട്ടില്ല. ഒരുദശലക്ഷത്തിലധികം റോഹിന്‍ഗ്യകളാണ് തെക്കന്‍ ബംഗ്ലാദേശിലെ ക്യാംപുകളില്‍ താമസിക്കുന്നത്. ഭൂരിഭാഗം പേരും സൈനിക ആക്രമണങ്ങളില്‍നിന്ന് രക്ഷതേടി 2017 ല്‍ മ്യാന്‍മറില്‍നിന്ന് പാലായനം ചെയ്‌തെത്തിയവരാണ്. നിരവധി പേര്‍ മരണപ്പെട്ടതായും ക്യാംപിന് ചുറ്റും വേലികെട്ടിയത് രക്ഷപ്പെടുന്നതിന് തടസ്സം നേരിട്ടതായും തീപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെട്ട ദൃക്‌സാക്ഷികള്‍ പറയുന്നു.

Tags:    

Similar News