ടെലിപ്രോംപ്റ്റര്‍ നിലച്ചതല്ല, സംഘാടകരുടെ കുറ്റം കൊണ്ടാണ് മോഡി പ്രസംഗം നിര്‍ത്തിയതെന്ന് ന്യായീകരിച്ച് ബിജെപി അക്കൗണ്ടുകള്‍

തിങ്കളാഴ്ച വൈകീട്ടാണ് ആഗോള സാമ്പത്തിക ഫോറത്തില്‍ പ്രസംഗിക്കുന്നതിനിടെ മോഡിയുടെ ടെലിപ്രോംപ്റ്റര്‍ ഇടയ്ക്കു വച്ച് പണിമുടക്കിയത്. അതോടെ പ്രസംഗം നിര്‍ത്തിയ അദ്ദേഹം ഇടംകണ്ണിട്ട് സാങ്കേതിക പ്രവര്‍ത്തകരെ നോക്കുന്നതും പിന്നീട് പ്രസംഗം തുടരാന്‍ കഷ്ടപ്പെടുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം.

Update: 2022-01-19 15:13 GMT

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക ഫോറത്തില്‍ ഒണ്‍ലൈനായി പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ടെലിപ്രോംപ്റ്റര്‍ സംവിധാനം തകരാറിലായത് മൂലം അദ്ദേഹം തപ്പിതടഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഈ സംഭവം രാജ്യത്തൊട്ടാകെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളിനും കാരണമായിരുന്നു. സംഭവം നാണക്കേടായതോടെ മോഡി പ്രസംഗം നിര്‍ത്തിയത് സംഘാടകര്‍ ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് ന്യായീകരിച്ച് കോപ്പി പേസ്റ്റ് ട്വീറ്റുമായി ബിജെപി അക്കൗണ്ടുകള്‍ രംഗത്തെത്തി.

അതേസമയം, ഒരു വാക്കു പോലും വ്യത്യാസമില്ലാതെ ബിജെപി ഔദ്യോഗിക പേജുകളിലും അണികളുടെയും നേതാക്കളുടെയും ഹാന്‍ഡിലുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സംഭവത്തില്‍ മോഡിക്കല്ല തെറ്റുപറ്റിയതെന്നും പരിപാടിയുടെ സംഘാടകരുടെ കുറ്റമാണെന്നുമുള്ള ചെറുകുറിപ്പാണ് ബിജെപി ഹാന്‍ഡിലുകള്‍ ഒരക്ഷരം പോലും മാറ്റാതെ കോപ്പി പേസ്റ്റായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റും നിരവധി പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

'പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടക്കുണ്ടായ സാങ്കേതിക പ്രശ്‌നം ചര്‍ച്ചയാക്കുന്നവര്‍, വേള്‍ഡ് എക്കണോമിക്ക് ഫോറം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയാണെന്ന് മനസ്സിലാക്കുന്നില്ലേ. അവര്‍ക്ക് പ്രധാനമന്ത്രിയെ ശരിയായി കേള്‍ക്കാന്‍ കഴിഞ്ഞില്ല, അതിനാല്‍ അദ്ദേഹത്തോട് വീണ്ടുംസംസാരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. അവതാരകനായ ക്ലോസ് ഷ്വാബ് വീണ്ടും ഒരു ചെറിയ ആമുഖം നല്‍കിയതും തുടര്‍ന്ന് സെഷന്‍ തുടങ്ങുന്നതും ഇത് വ്യക്തമാക്കുന്നുണ്ട്,'- എന്ന ചെറു ട്വീറ്റാണ് മോഡി ന്യായീകരണക്കാര്‍ എല്ലാവരും ഒരുപോലെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍, ഇത് ബിജെപി ഐടി സെല്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ടൂള്‍ക്കിറ്റ് ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എല്ലാ അക്കൗണ്ടുകളിലും സമാന രീതിയില്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതാണ് സംശയത്തിന് കാരണമായി ഉന്നയിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ആഗോള സാമ്പത്തിക ഫോറത്തില്‍ പ്രസംഗിക്കുന്നതിനിടെ മോഡിയുടെ ടെലിപ്രോംപ്റ്റര്‍ ഇടയ്ക്കു വച്ച് പണിമുടക്കിയത്. അതോടെ പ്രസംഗം നിര്‍ത്തിയ അദ്ദേഹം ഇടംകണ്ണിട്ട് സാങ്കേതിക പ്രവര്‍ത്തകരെ നോക്കുന്നതും പിന്നീട് പ്രസംഗം തുടരാന്‍ കഷ്ടപ്പെടുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ കാണാം. തുടര്‍ന്ന് നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നെല്ലാം മോഡറേറ്ററോട് ചോദിക്കുകയും, കേള്‍ക്കാം തുടര്‍ന്നോളൂ എന്ന് മോഡറേറ്റര്‍ മറുപടി കൊടുക്കുമ്പോള്‍ പ്രസംഗം തുടരാന്‍ സാധിക്കാതെ തപ്പിതടയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും പൊതുജനങ്ങളും വീഡിയോ പങ്കുവച്ച് പരിഹാസ ട്വീറ്റുകള്‍ ചെയ്തിരുന്നു. താന്‍ പ്രസംഗിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്നുപോലും പ്രധാനമന്ത്രിക്ക് അറിയില്ലെന്നും ജനങ്ങള്‍ ട്വീറ്റ് ചെയ്തു. ടെലിപ്രോംപ്റ്റര്‍ സാങ്കേതിക പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടക്കുമോ എന്നുപോലും പലരും ചോദിച്ചു. ഇതെല്ലാം ബിജെപിയെ ചൊടിപ്പിച്ചതോടെയാണ് പാര്‍ട്ടി അക്കൗണ്ടുകളിലൂടെ ന്യായീകരണ പോസ്റ്റുമായി രംഗത്തെത്തിയത്.

Tags:    

Similar News