കേന്ദ്രബജറ്റിനെ തള്ളി കോണ്‍ഗ്രസ്; കര്‍ഷകരുടെ ജീവിതം തകര്‍ത്തിട്ട് പ്രതിദിനം 17 രൂപ നല്‍കുന്നത് അപമാനം: രാഹുല്‍

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ എതിര്‍ത്ത് രംഗത്തെത്തി.

Update: 2019-02-01 11:02 GMT

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ തള്ളി കോണ്‍ഗ്രസ് രംഗത്ത്. അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചുവര്‍ഷംകൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ധനമന്ത്രി കൂടിയായ പി ചിദംബരം, ശശി തരൂര്‍ എംപി തുടങ്ങിയവരും ബജറ്റിനെ എതിര്‍ത്ത് രംഗത്തെത്തി.

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയാണ് ബജറ്റെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. ബജറ്റ് പ്രസംഗത്തിനു പിന്നാലെ സഭയ്ക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ് ഖാര്‍ഗെ ബിജെപിയെ കടന്നാക്രമിച്ചത്. ബജറ്റില്‍ വാഗ്ദാനങ്ങളുടെ പെരുമഴ സമ്മാനിച്ച ബിജെപി, തിരഞ്ഞെടുപ്പിനു മുമ്പ് വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയിരിക്കുകയാണ്. മെയ് മാസത്തില്‍ കാലാവധി തീരുന്ന മോദി സര്‍ക്കാര്‍ ആദായനികുതിയിളവ് പ്രഖ്യാപിച്ചത് വെറും 'തമാശ' മാത്രമാണ്. ബജറ്റ് പ്രസംഗം നിറയെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണുള്ളത്. ഈ മെയ് മാസം വരെ മാത്രമേ മോദി സര്‍ക്കാരിന് കാലാവധിയുള്ളൂ എന്നതിനാല്‍, ഈ വാഗ്ദാനങ്ങളൊന്നും നടപ്പാവാന്‍ പോവുന്നില്ല. അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ ബിജെപി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് എന്തായി.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന്റെ കാര്യമോ. ജനങ്ങളെ വിഡ്ഢികളാക്കുന്ന പരിപാടി ഇനി നടക്കില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഇടക്കാല ബജറ്റെന്ന പേരില്‍ നീണ്ട ബജറ്റ് പ്രസംഗം നടത്തി എല്ലാവരുടെയും ക്ഷമപരീക്ഷിച്ചിരിക്കുകയാണ് ഇടക്കാല ധനമന്ത്രിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വിമര്‍ശിച്ചു. ഇത് ഇടക്കാല ബജറ്റല്ല, വലുപ്പിത്തില്‍ സമ്പൂര്‍ണ ബജറ്റ് തന്നെയാണ്. അതിനു പിന്നാലെ തിരഞ്ഞെടുപ്പു പ്രചാരണപ്രസംഗമാണ് പീയൂഷ് ഗോയല്‍ നടത്തിയതെന്നും ചിദംബരം പരിഹസിച്ചു. പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് 6,000 രൂപ നല്‍കുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. പ്രതിവര്‍ഷം 6000 രൂപയെന്നു പറയുമ്പോള്‍ മാസം ലഭിക്കുക 500 രൂപ മാത്രമാണ്. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കാന്‍ ഉതകുന്ന തുകയാണോ ഇതെന്നും തരൂര്‍ ചോദിച്ചു.

Tags:    

Similar News