പാലക്കാട് സുബൈര്‍ വധക്കേസ്: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു;ആകെ ഒമ്പത് ആര്‍എസ്എസുകാര്‍ പ്രതികള്‍
ഏപ്രില്‍ 15 ന് നടന്ന കൊലപാതകത്തില്‍ 81മത്തെ ദിവസമാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്
പാലക്കാട്:പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പാലക്കാട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.ബിജെപി നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ഏപ്രില്‍ 15 ന് നടന്ന കൊലപാതകത്തില്‍ 81മത്തെ ദിവസമാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് പ്രതികളാണ് കേസിലുള്ളത്. എല്ലാവരും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.അഞ്ച് സ്ഥലങ്ങളില്‍വച്ചാണ് സുബൈര്‍ കൊലക്കേസിലെ ഗൂഢാലോചന നടന്നതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. കേസില്‍ ആകെ 167 സാക്ഷികളാണുള്ളത്. സിസിടിവി, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ 208 രേഖകള്‍ അന്വേഷണ സംഘം തെളിവായി ഹാജരാക്കി.
കഴിഞ്ഞ ഏപ്രില്‍ 15നാണ് സുബൈര്‍ കൊല്ലപ്പെട്ടത്.പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ ആക്രമി സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു.പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.