സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം: ഭാര്യ റൈഹാനത്ത്‌

സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരാള്‍ പോലും വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. സിദ്ദീഖ് വേറെ ഒരു തെറ്റും ചെയ്തിട്ടില്ല. മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹഥ്‌റാസിലേക്ക് പോകുക മാത്രമാണ് ചെയ്തത്.

Update: 2020-10-17 10:16 GMT

മലപ്പുറം: സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത്‌  പറഞ്ഞു. എല്ലാ വിഷയങ്ങളിലും ഇടപെടുന്ന മുഖ്യമന്ത്രി ഇതുവരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരാള്‍ പോലും വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. സിദ്ദീഖ് വേറെ ഒരു തെറ്റും ചെയ്തിട്ടില്ല. മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹഥ്‌റാസിലേക്ക് പോകുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രി ഇടപെടണമെന്ന് അപേക്ഷിക്കുന്നതായും റൈഹാനത്ത്‌  പറഞ്ഞു.

ഇന്നലെ സിദ്ദീഖിനെ കാണാന്‍ പോയ വക്കീലിന് അദ്ദേഹത്തെ കാണുന്നതിനു പോലും അനുമതി ലഭിച്ചില്ല. വൈകുന്നേരം വരെ പലയിടങ്ങളിലും നടത്തി എന്നല്ലാതെ കാണാന്‍ അനുമതി നല്‍കിയില്ല. കഴിഞ്ഞ നാലിനാണ് സിദ്ദീഖുമായി ഒടുവില്‍ സംസാരിച്ചത്. അതിനു ശേഷം ആര്‍ക്കും സംസാരിക്കാനായില്ല. 90 വയസ്സുള്ള സിദ്ദീഖിന്റെ മാതാവ് അദ്ദേഹത്തെ വിളിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ പറഞ്ഞു.

ഇന്ന് സിദ്ദീഖ് കാപ്പനാണെങ്കില്‍ നാളെ നിങ്ങളില്‍ ആരുമാകാം. അതുകൊണ്ട് ദയവു ചെയ്ത് ഇല്ലാവരും ഇടപെട്ട് സിദ്ദീഖിന്റെ മോചനം സാധ്യമാക്കണം. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം വലിയ പിന്‍തുണയാണ് നല്‍കുന്നതെന്നും റൈഹാനത്ത്‌ പറഞ്ഞു.

Tags:    

Similar News