ക്ഷേത്രദര്‍ശനം മുതല്‍ ശബരിമല വരെ; മഞ്ചേശ്വരം പിടിക്കാന്‍ മൃദുഹിന്ദുത്വവുമായി സിപിഎം
കാസര്‍കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം പിടിക്കാന്‍ മൃദുഹിന്ദുത്വ സമീപനവുമായി ഇടതുമുന്നണി രംഗത്ത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ കരുനീക്കം പത്രികാസമര്‍പ്പണത്തിലും ശബരിമല വിഷയത്തിലും വരെ എത്തിനില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ താന്‍ അമ്പലക്കമ്മിറ്റി പ്രസിഡന്റാണെന്നും വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും ഇടതു സ്ഥാനാര്‍ഥി ശങ്കര്‍ റൈ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെട്ടിത്തുറന്നു പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആദ്യ സിപിഎം സ്ഥാനാര്‍ഥിയെന്ന വിശേഷണവും ഇദ്ദേഹത്തിനായിരുന്നു. സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവും കര്‍ഷകസംഘം കുമ്പള ഏരിയാ പ്രസിഡന്റുമായ ശങ്കര്‍ റൈ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം മധൂര്‍ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഉദയാസ്മന പൂജ നടത്തി പ്രസാദം വിതരണം ചെയ്യുകയും ചെയ്ത ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് പത്രികാസമര്‍പ്പണത്തിനു പോയത്. ഇക്കാര്യം അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറയുകയും ചിത്രങ്ങള്‍ സഹിതം വാര്‍ത്തയാവുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥിയായ ശേഷം കാട്ടുകകുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും താന്‍ പ്രസിഡന്റായ ദേലംപാടി മഹാലിഗേശ്വരം ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, എല്ലാ വിഭാഗം വിശ്വാസികളുമായും ബന്ധമുണ്ടെന്നു തെളിയിക്കാന്‍ മുഹിമ്മാത്ത് പള്ളിയിലും ബേള ചര്‍ച്ചിലും കുമ്പള ദര്‍ഗയിലുമെല്ലാം ഇദ്ദേഹം പോയിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ സിപിഎം ആദ്യം തീരുമാനിച്ചിരുന്നതും ജില്ലാ കമ്മിറ്റിയില്‍ ആകെ ഉയര്‍ന്നുവന്ന പേരും മേഖലയില്‍ അറിയപ്പെടുന്ന നേതാവായ സി എച്ച് കുഞ്ഞമ്പുവിന്റേതയായിരുന്നു. എന്നാല്‍, പ്രാദേശിക തലത്തില്‍നിന്നുള്ള വികാരം എന്നുപറഞ്ഞ് അവസാനനിമിഷം ശങ്കര്‍ റൈയെ കൊണ്ടുവരികയും 2006ല്‍ മുസ് ലിംലീഗിലെ ചെര്‍ക്കളം അബ്ദുല്ലയെ അട്ടിമറിച്ച് എംഎല്‍എയായ സി എച്ച് കുഞ്ഞമ്പുവിനെ ഒഴിവാക്കുകയുമായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ആദ്യമായി ഇടതു സ്ഥാനാര്‍ഥി ജയിച്ചതും കുഞ്ഞമ്പുവിലൂടെയാണ്. യക്ഷഗാന, തുളു, കന്നഡ നാടകം മേഖലകളില്‍ സജീവമായ ഇദ്ദേഹത്തിനു കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡന്റ്, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളിലുള്ള സ്വീകാര്യത ഹൈന്ദവ വോട്ടുകളില്‍ സ്വാധീനിക്കുമെന്നാണു സിപിഎമ്മിന്റെയും കണക്കുകൂട്ടല്‍. മാത്രമല്ല, ഹിന്ദു സമുദായത്തിനു നിര്‍ണായക വോട്ടുകളുള്ള ഇവിടെ സാധാരണയായി ബിജെപിയാണ് നേരിയ വോട്ടിനു രണ്ടാം സ്ഥാനത്തെത്താറുള്ളത്. 1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
1991ല്‍ കെ ജി മാരാര്‍ തോറ്റത് 1072 വോട്ടിനാണെങ്കില്‍ 2016ല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തോല്‍വിയറിഞ്ഞത് വെറും 89 വോട്ടിനായിരുന്നു. എന്നാല്‍, ഇക്കുറി ബിജെപിയില്‍ കടുത്ത ഭിന്നതയാണുള്ളത്. കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഒട്ടേറെ നിയമപോരാട്ടം നടത്തിയ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തെ സംഘപരിവാരത്തിലെ ഭിന്നത അതിരൂക്ഷമാണെന്നു തിരിച്ചറിഞ്ഞ് മല്‍സരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഒടുവില്‍ രവീശ തന്ത്രി കുണ്ടാറിനെ നിര്‍ത്തിയെങ്കിലും പ്രദേശവാസിയായ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെ തഴഞ്ഞെന്നു പറഞ്ഞ് സംഘര്‍ഷത്തിലേക്കു വരെ എത്തിയിരുന്നു. ഇത്തരത്തില്‍ ബിജെപിയിലെ പ്രാദേശികവാദവും തര്‍ക്കവുമെല്ലാം മുതലെടുക്കാമെന്നു കരുതിയാണ് സിപിഎം മൃദുഹിന്ദുത്വ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണു സൂചന. ഇതുവഴി വിജയിക്കുകയാണെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയും ഒപ്പം ചെങ്ങന്നൂരിനും പാലായ്ക്കും പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായും ഉയര്‍ത്തിക്കാട്ടാമെന്നാണു കണക്കുകൂട്ടല്‍.
ഏറ്റവുമൊടുവില്‍ ശബരിമലയില്‍ ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും പോവാമെന്നാണ് സിപിഎം സ്ഥാനാര്‍ഥി ശങ്കര്‍ റൈ പറഞ്ഞത്. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോവാമെന്ന് പറയുന്ന ആളാണ് ഞാന്‍. പോവേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവര്‍ അത് പാലിക്കണമെന്നുള്ള വിശ്വാസം എനിക്കുണ്ട്. അത് പാലിക്കാതെ ആര് പോയാലും തെറ്റാണ്. കോടതി വിധിയെ കുറിച്ച് സര്‍ക്കാരാണ് പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് തന്റെ അഭിപ്രായം. ഞാന്‍ ശബരിമലയില്‍ പോയ ഒരാളാണ്. യഥാര്‍ഥ വിശ്വാസമുള്ള, വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. ഇതിനൊന്നും എന്റെ പാര്‍ട്ടിയില്‍ നിന്ന് എനിക്ക് വിലക്കുണ്ടായിട്ടില്ലെന്നും ശങ്കര്‍ റൈ കാസര്‍കോഡ് പ്രസ് ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ പറഞ്ഞു.
മുസ് ലിം ലീഗ് സ്ഥാനാര്‍ഥിയായ എം സി ഖമറുദ്ദീനെ പാണക്കാട് നടന്ന യോഗത്തില്‍ തീരുമാനിച്ചപ്പോള്‍ യൂത്ത് ലീഗിലെ ഒരുവിഭാഗം എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും പ്രദേശത്തുനിന്നുള്ളവരെ പരിഗണിക്കണമെന്നുമായിരുന്നു ലീഗിലെയും ചിലരുടെ എതിര്‍പ്പിനു കാരണം. യുഡിഎഫിലും ബിജെപിയിലുമുള്ള തര്‍ക്കങ്ങളെല്ലാം കൂട്ടിവായിക്കുമ്പോള്‍, പ്രദേശവാസി കൂടിയായ ശങ്കര്‍ റൈയ്ക്കു ജയസാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ ഹൈന്ദവ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നാണു സൂചന.