ടോയ്‌ലറ്റില്‍ പത്ത് മിനുട്ടില്‍ അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
ഈ വാര്‍ത്ത വായിക്കുന്ന നിങ്ങളില്‍ ചിലരും ഇപ്പോള്‍ ടോയ്‌ലറ്റിലായിരിക്കും.
വാഷിങ്ടണ്‍: യുറോപ്യന്‍ ക്ലോസറ്റില്‍ ഇരുന്ന് പത്രം വായിക്കുന്നവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും നിരവധിയാണ്. ഈ വാര്‍ത്ത വായിക്കുന്ന നിങ്ങളില്‍ ചിലരും ഇപ്പോള്‍ ടോയ്‌ലറ്റിലായിരിക്കും. അഞ്ചോ പത്തോ മിനുട്ട് മാത്രം ഉപയോഗിച്ചാല്‍ മതിയാവുന്ന ക്ലോസറ്റില്‍ പതിനഞ്ചു മിനുട്ടും അരമണിക്കൂറും വരെ ഇരിക്കുന്നവരുണ്ട്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രണ്ടിന് പോവുമ്പോള്‍ അല്‍പ്പം സമയം ചെലവഴിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പമെന്ന് നമുക്ക് തോന്നാം. ആ തോന്നലും അത്ര നന്നല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ഇരിക്കുന്നത് മൂലക്കുരു വരാനും പെല്‍വിക് മസിലുകള്‍ (വസ്തി)ദുര്‍ബലമാവാനും കാരണമാവുമെന്ന് അമേരിക്കയിലെ ടെക്‌സസ് സര്‍വ്വകലാശാലക്ക് കീഴിലുള്ള സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ കൊളറക്ടല്‍ സര്‍ജനായ ഡോ. ലായ് ഷു പറയുന്നു. ''പരാതികളുമായി രോഗികള്‍ വരുമ്പോള്‍ ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടോയെന്ന് ഞങ്ങള്‍ വിശദമായി അന്വേഷിക്കാറുണ്ട്. പല രോഗികളുടെയും പ്രശ്‌നം അത് തന്നെയാണ്.'' ഡോ. ലായ് ഷൂ വിശദീകരിച്ചു.
മലവിസര്‍ജനം കൃത്യമായി നടക്കാന്‍ ശരാശരി അഞ്ച് മുതല്‍ പത്ത് മിനുട്ടു വരെ ആളുകള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കേണ്ടി വരുമെന്നാണ് ന്യൂയോര്‍ക്കിലെ ബവ്ല്‍ ഡിസീസ് സെന്ററിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ.ഫറാ മോണ്‍സര്‍ പറയുന്നത്. അതില്‍ കൂടുതല്‍ സമയം ഇരുന്നാല്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുക?
ഫിസിക്‌സ് അഥവാ ഭൗതികശാസ്ത്രം പഠിച്ചവര്‍ക്ക് ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് അറിയാമല്ലോ. ഗ്രാവിറ്റി നമ്മെ ഭൂമിയിലേക്ക് വലിച്ചുനിര്‍ത്തുന്നു. ഇത് ശരീരത്തിന്റെ കീഴ്ഭാഗത്തു നിന്നുള്ള രക്തം തിരികെ ഹൃദയത്തിലേക്ക് എത്തുന്നതിനെയും സമ്മര്‍ദ്ദത്തിലാക്കും.
തുറന്ന ഓവല്‍ (അണ്ഡാകൃതി) രൂപത്തിലുള്ള ടോയ്‌ലറ്റ് സീറ്റില്‍ ഇരിക്കുമ്പോള്‍ മലദ്വാരം കൂടുതല്‍ താഴെയുള്ള പൊസിഷനില്‍ ആവും. അതായത്, കസേരയിലോ സോഫയിലോ ഇരിക്കുന്നത് പോലെയാവില്ല മലദ്വാരത്തിന്റെ സ്ഥാനം. ഗ്രാവിറ്റി ശരീരത്തിന്റെ കീഴ്ഭാഗത്തെ താഴോട്ട് വലിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രഷര്‍ രക്തചംക്രമണത്തെ (സര്‍ക്കുലേഷന്‍) ബാധിക്കും.
ഹൃദയത്തിന്റെ പമ്പിങ്ങും ഗ്രാവിറ്റിയും മൂലം രക്തം കീഴ്ഭാഗത്തേക്ക് വരുമെങ്കിലും മുകളില്‍ സ്ഥിതി ചെയ്യുന്ന ഹൃദയത്തിലേക്ക് തിരികെ എത്താന്‍ അല്‍പ്പം പ്രയാസമുണ്ടാവും. ഇത് മലദ്വാരത്തിനു സമീപമുള്ള രക്തക്കുഴലുകള്‍ വികസിക്കാനും അവിടെ രക്തം കെട്ടിനില്‍ക്കാനും കാരണമാവാം. ഇത് മൂലക്കുരുവിന്റെ സാധ്യത വര്‍ധിപ്പിക്കും. മലം പോവാന്‍ ബലമായി മുക്കുന്നതും മൂലക്കുരുവുണ്ടാവാന്‍ കാരണമാവാം.
ഫോണോ പത്രമോ പുസ്തകമോ കൈയ്യില്‍ പിടിച്ച് ടോയ്‌ലറ്റില്‍ ഇരിക്കുന്നത് കാലബോധം നഷ്ടപ്പെടാനും കാരണമാവാറുണ്ട്. ഇങ്ങനെ ദീര്‍ഘസമയം ഇരിക്കുന്നതും മുക്കുന്നതും പെല്‍വിക് മസിലുകളെ ദുര്‍ബലമാക്കും.
ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ചെലവഴിക്കുന്നു എന്നാണ് രോഗികളുടെ പ്രശ്‌നങ്ങളില്‍ നിന്ന് മനസിലാവുന്നതെന്ന് ഡോ. ലായ് ഷൂ പറയുന്നു. ഇത് മൂലഭാഗത്തെ മസിലുകള്‍ക്കും രക്തക്കുഴലുകള്‍ക്കും നല്ലതല്ല. ഇതിനെല്ലാം പുറമെ വന്‍കുടലിന്റെ അറ്റം പുറത്തേക്ക് തുറിച്ചുവരാനും സാധ്യതയുണ്ട്. ശരീരത്തിന്റെ വിവിധഭാഗങ്ങളുായി ഏകോപിച്ച് മലവിലര്‍ജനം എളുപ്പമാക്കുന്ന പെല്‍വിക് ഫ് ളോര്‍ മസിലുകളെയും ഗ്രാവിറ്റി ബാധിക്കാം.''- ഡോ. ലായ് ഷൂ വിശദീകരിച്ചു.
ടോയ്‌ലറ്റില്‍ പോവുമ്പോല്‍ ഫോണും പത്രവും പുസ്തകങ്ങളും കൊണ്ടുപോവരുത് എന്നത് മാത്രമാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഏകമാര്‍ഗമെന്ന് കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് ഹോപ്പിലെ ഡോ. ലാന്‍സ് ഉരഡാമോ പറയുന്നു. 'ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കരുത്. അങ്ങനെയാരു തീരുമാനം മനസിലുണ്ടെങ്കില്‍ ഫോണും മറ്റും കൊണ്ടായിരിക്കും പോവുക. ടോയ്‌ലറ്റിലെ ഇരുപ്പ് വിരസമാക്കാനുള്ള നടപടികള്‍ നിങ്ങള്‍ സ്വീകരിക്കേണ്ടി വരും. പത്ത് മിനുട്ടില്‍ അധികം ഇരിക്കാന്‍ തോന്നുകയാണെങ്കില്‍ മനസിനെ നിയന്ത്രിച്ച് നടക്കുക ഒരു നല്ല സൂത്രമാണെന്നാണ് ഡോ. ഷൂ പറയുന്നത്. ഈ നടത്തം ശോധന കൂട്ടാന്‍ സഹായിക്കും. കൂടുതല്‍ വെള്ളം കുടിക്കുന്നതും ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ശോധന വര്‍ധിപ്പിക്കും.
പ്രതിദിനം 2.7 ലിറ്റര്‍ മുതല്‍ 3.7 ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് മെഡിസിന്‍ പറയുന്നത്. ഓരോ ആയിരം കലോറി ഭക്ഷണത്തിലും 14 ഗ്രാം ഫൈബറുണ്ടാവണം. ഈ ഫൈബറും വെള്ളവും ശോധന എളുപ്പമാക്കും. എന്നാല്‍, ശോധനക്കുറവോ മറ്റോ മൂലം ചിലര്‍ ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ചെലവഴിക്കേണ്ടി വരാറുണ്ട്. സ്ഥിരമായ ശോധനക്കുറവും മൂലഭാഗത്തെ അസ്വസ്ഥതയും എന്തെങ്കിലും രോഗത്തിന്റെ ലക്ഷണവുമാവാം.
മലബന്ധം കൂടുന്നതും ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കേണ്ടി വരുന്നതും ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാവാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വന്‍കുടലില്‍ അര്‍ബുദ വളര്‍ച്ചയുണ്ടെങ്കില്‍ അത് മലം പുറത്തേക്ക് പോവുന്നത് തടസപ്പെടുത്താം. ഇത് രക്തസ്രാവത്തിനും കാരണമാവാം.
മൂലക്കുരുവിനെ കുറിച്ചും മലബന്ധത്തെ കുറിച്ചും പരാതി പറയുന്ന യുവാക്കളില്‍ പലര്‍ക്കും കാന്‍സര്‍ കാണാറുണ്ട്. മൂന്ന് ആഴ്ച്ചയില്‍ കൂടുതല്‍ മലബന്ധമുണ്ടായാലോ ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കേണ്ട സ്ഥിതിയുണ്ടെങ്കിലോ ഡോക്ടറുടെ ഉപദേശം തേടണമെന്നാണ് വിദഗ്ദാഭിപ്രായം.