ഡല്‍ഹിയില്‍ 25 മുസ്‌ലിം വീടുകള്‍ തകര്‍ത്തു; യുപി മോഡല്‍ ബുള്‍ഡോസിങ് നേരിടേണ്ടിവരുമെന്ന് അധികാരികളുടെ ഭീഷണി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരേ യോഗി സര്‍ക്കാര്‍ തുടങ്ങിവച്ച 'ബുള്‍ഡോസര്‍രാജ്' ഡല്‍ഹിയിലും അതിശക്തമായി നടപ്പാക്കുന്നു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഫത്തേപൂര്‍ ബേരിയില്‍ ഡല്‍ഹി ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഡിഡിഎ)യുടെ നേതൃത്വത്തില്‍ 25 മുസ്‌ലിം വീടുകള്‍ പൊളിച്ചുനീക്കി. മുന്‍കൂര്‍ നോട്ടിസ് പോലും നല്‍കാതെ വെള്ളിയാഴ്ച നമസ്‌കാര സമയത്ത് പുരുഷന്‍മാരൊന്നും വീട്ടിലില്ലാതിരുന്നപ്പോഴായിരുന്നു അധികാരികളുടെ 'ബുള്‍ഡോസര്‍ രാജ്'. അനധികൃത നിര്‍മാണമെന്നാരോപിച്ച് ഡല്‍ഹിയിലെ പ്രാദേശിക ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ഒഴിപ്പിക്കലിന്റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടികള്‍.
അപ്രതീക്ഷിതമായി ബുള്‍ഡോസറുകളുമായി വീട് പൊളിക്കാനെത്തിയ പോലിസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നടപടിക്കെതിരേ പ്രദേശത്തെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഒഴിപ്പിക്കലിന് മുന്‍കൂര്‍ നോട്ടിസ് നല്‍കാത്തത് ഇവര്‍ ചോദ്യം ചെയ്തു. വീടുകള്‍ പൊളിക്കുന്നതിനുള്ള കോടതി ഉത്തരവും ആവശ്യപ്പെട്ടു. എന്നാല്‍, ഇതൊന്നും കൊടുക്കാന്‍ പോലിസോ അധികാരികളോ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് നേരേ ഡല്‍ഹി പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുരുഷ പോലിസുകാരാണ് സ്ത്രീകളെ കൈയേറ്റം ചെയ്തത്.
താമസക്കാര്‍ക്ക് വീട്ടുപകരണങ്ങള്‍പോലും മാറ്റാനുള്ള അവസരം നല്‍കാതെയായിരുന്നു പോലിസിന്റെ നരനായാട്ട്. ഉത്തര്‍പ്രദേശ് മോഡലില്‍ ഇനിയും ബുള്‍ഡോസിങ് നേരിടേണ്ടിവരുമെന്ന് പ്രദേശവാസികളോട് ഭീഷണി മുഴക്കിയാണ് അധികാരികള്‍ മടങ്ങിയത്. കൂടുതല്‍ വീടുകള്‍ പൊളിക്കാന്‍ ദീപാവലിക്ക് ശേഷം ബുള്‍ഡോസറുമായി തിരികെ വരുമെന്നാണ് ഡിഡിഎ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതെന്ന് പ്രദേശ വാസികള്‍ പറയുന്നു. പുരുഷ പോലിസുകാര്‍ സ്ത്രീകളെ കൈയേറ്റം ചെയ്തതിനെതിരേയും വെള്ളിയാഴ്ച നമസ്‌കാര സമയം നോക്കി അനധികൃത പൊളിക്കല്‍ നടത്തിയതിനെതിരേയും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഡല്‍ഹി പോലിസിന്റെയും ഡിഡിഎയുടെയും കിരാത നടപടി നേരിട്ട പ്രദേശം വിവിധ രാഷ്ട്രീയ, സാമൂഹിക, മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂനിയന്‍സ് (എഐസിസിടിയു) പ്രതിനിധി ആകാശ് ഭട്ടാചാര്യ, ഓള്‍ ഇന്ത്യ ലോയേഴ്‌സ് ഫോര്‍ ജസ്റ്റിസ് (എഐഎല്‍എജെ) പ്രതിനിധി അനുപ്രദ, ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎസ്എ) പ്രതിനിധി നൗഷാദ് അഹമ്മദ് റാസ, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍ അസോസിയേഷന്‍ പ്രതിനിധി സുമന്‍ ഘോഷ് എന്നിവരടങ്ങുന്നതാണ് സംഘമാണ് സന്ദര്‍ശനം നടത്തിയത്.
അതിക്രമങ്ങള്‍ക്കിരയായ പ്രദേശവാസികളുമായി സംഘം സംസാരിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ലെന്ന് മാത്രമല്ല, ജനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി ഉത്തരവുകള്‍ ഹാജരാക്കാന്‍ വിസമ്മതിച്ചെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രാദേശിക എംഎല്‍എ കര്‍താര്‍ സിങ് തന്‍വാറും താമസക്കാര്‍ക്ക് വേണ്ടി ഇടപെടാന്‍ വിസമ്മതിക്കുകയാണുണ്ടായത്. പൊളിക്കലിന് മുന്‍കൂര്‍ നോട്ടീസ് നല്‍കാന്‍ ഡിഡിഎ വിസമ്മതിച്ചതിനെ സിപിഐ എം-എല്‍ (ലിബറേഷന്‍- ശക്തമായി അപലപിച്ചു.
നോട്ടീസ് കിട്ടിയിരുന്നുവെങ്കില്‍ പ്രദേശവാസികള്‍ക്ക് കോടതിയെ സമീപിക്കാനും സ്‌റ്റേ തേടാനും ഇതിലൂടെ അവസരം ലഭിക്കുമായിരുന്നു. ഡിഡിഎയുടെ നടപടി മുസ്‌ലിം വിരുദ്ധമാണെന്നും പാവങ്ങള്‍ക്കെതിരേ നടപടിയെന്നും സംഘം ആരോപിച്ചു. തങ്ങളും ക്രൂരമായ പോലിസ് നടപടിയെ അപലപിക്കുന്നു. മുന്‍കൂര്‍ അറിയിപ്പില്ലാതെ ഇനി പൊളിക്കലുണ്ടാവരുത്. പെട്ടെന്നുള്ള ഈ പൊളിക്കലിന് ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ പോലിസുകാരെ ശിക്ഷിക്കണമെന്നും സിപിഐ എംഎല്‍ (ലിബറേഷന്‍) നേതാവ് സുചേത ഡെ ആവശ്യപ്പെട്ടു.