പരുക്കേറ്റ് വീണവരെ നാഭിയില്‍ ചവിട്ടി; ജനഗണമന പാടിപ്പിച്ചു; ഡല്‍ഹി വേട്ടയാടലിന്റെ ഭയാനക കാഴ്ച്ചകള്‍

ആക്രമണത്തില്‍ പരുക്കേറ്റ് കിടക്കുന്നവരെ ലാത്തി കൊണ്ട് കുത്തിയാണ് ജനഗണമന നിര്‍ബന്ധിപ്പിച്ച് ചൊല്ലിപ്പിക്കുന്നത്.

Update: 2020-02-25 06:45 GMT

ന്യൂഡൽഹി: ഡല്‍ഹി പോലിസ് പൗരത്വ നിയമ അനുകൂലികളായ ആക്രമികള്‍ക്കൊപ്പമായിരുന്നു എന്നതിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തില്‍ പരുക്കേറ്റ് അവശനിലയില്‍ കിടക്കുന്നവരെ നാഭിയില്‍ ചവിട്ടി നിര്‍ബന്ധിപ്പിച്ച് ദേശീയഗാനം പാടിപ്പിക്കുന്ന പോലിസിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

പോലിസിനൊപ്പം ഇവരെ ആക്രമിക്കാന്‍ പൗരത്വ നിയമ അനുകൂലികളുമുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ് കിടക്കുന്നവരെ ലാത്തി കൊണ്ട് കുത്തിയാണ് ജനഗണമന നിര്‍ബന്ധിപ്പിച്ച് ചൊല്ലിപ്പിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ റാണ അയൂബാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. ആക്രമണത്തിനായി കല്ലുകള്‍ പെറുക്കി കൂട്ടുന്ന സംഘത്തിനൊപ്പം പൊലീസ് നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ സമരം ചെയ്യുന്നവര്‍ക്ക് എതിരേ നടത്തിയ ആക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. തദ്ദേശീയവാസികളായ ആറ് സമരക്കാരും പ്രക്ഷോഭത്തിനിടെ കല്ലേറില്‍ ഒരു പോലിസ് ഹെഡ് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് സമരക്കാര്‍ കൊല്ലപ്പെട്ടത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരേ സമരം ചെയ്യുന്നവരുടെ പേരും മതവുമൊക്കെ ചോദിച്ചാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് തദ്ദേശവാസികളും പരുക്കേറ്റവരുടെ ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു. മുസ്‌ലിം സമൂഹത്തെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുമ്പോള്‍ പോലിസ് നോക്കി നില്‍ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് നേരെയും ആക്രമണം ഉണ്ടായെന്നും ഇവര്‍ പറയുന്നു. കൂടാതെ വീടുകള്‍ക്കും കടകള്‍ക്കും തീവെക്കുകയും മുസ്‌ലിം പളളിക്ക് നേരെ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു.

ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ കാവിക്കൊടി തിരിച്ചറിയുന്ന വിധത്തില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്ത രീതിയില്‍ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍മിശ്രയ്‌ക്കെതിരേ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.   

Tags:    

Similar News