ട്രംപ് വൈറ്റ്ഹൗസിന്റെ പടിയിറങ്ങി; ഇനി ബൈഡന്‍ യുഗം

ട്രംപ്, ബിഡനെ പേരെടുത്ത് അഭിസംബോധന ചെയ്തില്ല, എന്നാല്‍ പുതിയ ഭരണകൂടത്തിന് 'വലിയ ഭാഗ്യവും മികച്ച വിജയവും' നേരുന്നതായി അദ്ദേഹം പറഞ്ഞു.

Update: 2021-01-20 14:34 GMT

വാഷിങ്ടണ്‍: തന്റെ പിന്‍ഗാമിയായി ജൊ ബൈഡന്‍ യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് കാത്തുനില്‍ക്കാതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്‌ലോറിഡയിലേക്ക് തിരിച്ചു. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് അദ്ദേഹം ഫ്‌ലോറിഡയിലേക്ക് തിരിച്ചത്. താന്‍ ഏതെങ്കിലും രൂപത്തില്‍ തിരിച്ചെത്തുമെന്ന് എയര്‍ഫോഴ്‌സ് വണ്‍ കയറുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.


'ഇത് അവിശ്വസനീയമായ നാല് വര്‍ഷമാണ്', വാഷിങ്ടണിന് പുറത്തുള്ള ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ഒത്തുകൂടിയ ഉദ്യോഗസ്ഥരോടും അനുയായികളോടും കുടുംബാംഗങ്ങളോടും ട്രംപ് പറഞ്ഞു. 'തങ്ങള്‍ ഒരുമിച്ച് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചു, 'താന്‍ എപ്പോഴും നിങ്ങള്‍ക്കായി പോരാടും. തങ്ങള്‍ ഏതെങ്കിലും രൂപത്തില്‍ തിരിച്ചെത്തും'-ട്രംപ് വ്യക്തമാക്കി.


ട്രംപ് ബിഡനെ പേരെടുത്ത് അഭിസംബോധന ചെയ്തില്ല, എന്നാല്‍ പുതിയ ഭരണകൂടത്തിന് 'വലിയ ഭാഗ്യവും മികച്ച വിജയവും' നേരുന്നതായി അദ്ദേഹം പറഞ്ഞു. ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോള്‍ ട്രംപ് ഫ്‌ലോറിഡയിലെ മാര്‍എലാഗോ റിസോര്‍ട്ടില്‍ ആയിരിക്കും.

ഇന്നു ഇന്ത്യന്‍ സമയം 9.30ഓടെയാവും അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും അധികാരമേല്‍ക്കുക. ബൈഡന്‍ ഇന്ന് അധികാരത്തിലേറുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ ഏറെ കാര്യങ്ങള്‍ ഉണ്ട്.


വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ഇന്ത്യന്‍ വംശജ കമല ഹാരിസടക്കം ബൈഡന്റെ ഭരണത്തില്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരില്‍ 20 ഇന്ത്യന്‍ വംശജരുണ്ടെന്നതാണ് അതില്‍ പ്രധാനം. അമേരിക്കന്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ഇന്ത്യന്‍വംശജര്‍ക്ക് ഇത് വലിയ നേട്ടമാണ്. ഇതിനെല്ലാം ഉപരിയായി ഈ 20 പേരില്‍ 13 പേരും സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.



ഉദ്ഘാടന ചടങ്ങിന് മുമ്പുതന്നെ ഇത്രയധികം ഇന്ത്യന്‍ വംശജര്‍ക്ക് വിവിധ ചുമതലകള്‍ നല്‍കുന്നത് ഇതാദ്യമാണ്. കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ അമേരക്കനാണ്. ഇതിന് പുറമെ വൈറ്റ് ഹൌസ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നീര ടന്‍ഡന്‍, യുഎസ് സര്‍ജന്‍ ജനറലായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ. വിവേക് മൂര്‍ത്തി എന്നിവരാണ് പട്ടികയില്‍ സുപ്രധാനമായ സ്ഥാനങ്ങളില്‍ എത്തിയത്.

ആദ്യമായി കശ്മീര്‍ വേരുകളുള്ള രണ്ടുപേരും പുതിയ ഭരണസംഘത്തിലുണ്ട്. വൈറ്റ് ഹൗസ് ഓഫിസിലെ ഡിജിറ്റല്‍ സ്ട്രാടജി പാര്‍ട്ണര്‍ഷിപ്പ് മാനേജര്‍ ഐഷ ഷാ, വൈറ്റ് ഹൗസിലെ യുഎസ് നാഷണല്‍ എക്കോണമിക് കൗണ്‍സിലിലെ ഡെപ്യൂട്ടി ഡയറക്ടര്‍ സമീറ ഫാസില്‍ എന്നിങ്ങനെയാണ് നാമനിര്‍ദേശം.



അധികാര കൈമാറ്റത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങുകള്‍ക്കായി വാഷിങ്ടണ്‍ ഡിസിയിലെത്തിയിട്ടുണ്ട്.

Tags:    

Similar News