ട്രംപ് അയോഗ്യന്‍; 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല

Update: 2023-12-20 05:33 GMT

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സുപ്രിംകോടതിയില്‍ വന്‍ തിരിച്ചടി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ട്രംപ് അയോഗ്യനാണെന്ന് കൊളറാഡോ സുപ്രിം കോടതി വിധിച്ചു. കൊളറാഡോ സംസ്ഥാനത്ത് മല്‍സരിക്കുന്നതിനാണ് ഇപ്പോള്‍ അയോഗ്യത കല്‍പ്പിച്ചിട്ടുള്ളത്. 2021 ജനുവരിയില്‍ യുഎസ് കാപിറ്റോളിന് നേരെ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. കൊളറാഡോയിലെ ഏതാനും വോട്ടര്‍മാരും സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ് എത്തിക്‌സ് എന്ന സംഘടനയുമാണ് ട്രംപിനെതിരേ കോടതിയെ സമീപിച്ചത്. പ്രക്ഷോഭത്തിലോ കലാപത്തിലോ പങ്കെടുക്കുന്നവര്‍ ഭരണനിയന്ത്രണത്തിലെത്തുന്നത് തടയുന്ന യുഎസ് ഭരണഘടനയിലെ വ്യവസ്ഥ പ്രകാരമാണ് സുപ്രിംകോടതി നടപടി. അത്യപൂര്‍വമായാണ് ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ പ്രയോഗിക്കാറുള്ളത്. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ അയോഗ്യത കല്‍പ്പിക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ഡോണള്‍ഡ് ട്രംപ്. അതേസമയം, വിധി നടപ്പാക്കുന്നത് 2024 ജനുവരി നാലുവരെ കോടതി മരവിപ്പിച്ചിട്ടുമുണ്ട്. ഈ സമയം ട്രംപിന് മേല്‍ക്കോടതികളെ സമീപിക്കുകയും അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്യാം. മാര്‍ച്ച് അഞ്ചിന് കൊളറാഡോയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയെയാണ് പ്രാരംഭഘട്ടത്തില്‍ ഇത് ബാധിക്കു. എന്നാല്‍, അടുത്ത നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലും ട്രംപിന് അയോഗ്യതയുണ്ടാവുമെന്നാണ് സൂചന.

Tags:    

Similar News