കറുത്തവര്‍ഗക്കാരന്റെ കൊല: പ്രതിഷേധം വൈറ്റ് ഹൗസിലേക്ക്; ട്രംപിനെ ഭൂഗര്‍ഭ അറയിലേക്കു മാറ്റിയതായി റിപോര്‍ട്ട്

എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. സുരക്ഷാ പ്രോട്ടോക്കോളുകളെയും തീരുമാനങ്ങളെയും കുറിച്ച് പ്രതികരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് വക്താവ് ജഡ് ഡീറെ പറഞ്ഞു.

Update: 2020-06-01 06:24 GMT
വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെ പോലിസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ തുടരുന്ന പ്രക്ഷോഭം വൈറ്റ് ഹൗസിനു മുന്നിലേക്ക് വ്യാപിച്ചു. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്ത് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അല്‍പ്പസമയത്തേക്കു ഭൂഗര്‍ഭ അറയിലേക്കു മാറ്റിയതായും റിപോര്‍ട്ടുകളുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ഭൂഗര്‍ഭ അറയിലേക്കു മാറ്റിയതായാണ് 'ന്യുയോര്‍ക്ക് ടൈംസ്' റിപോര്‍ട്ട് ചെയ്തത്. ഇതിനുശേഷം വീണ്ടും മുകളിലേക്ക് എത്തിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വസനീയ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് അറിയിച്ചു. പ്രതിഷേധം നിരവധി നഗരങ്ങളിലേക്ക് വ്യാപിച്ചതോടെയാണ് സംഭവം നടന്നതെന്ന് അസോഷ്യേയേറ്റഡ് പ്രസ്(എപി) റിപോര്‍ട്ട് ചെയ്തു. ഭീകരാക്രമണം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്ത ബങ്കറില്‍ ട്രംപ് ഒരു മണിക്കൂറോളം ചെലവഴിച്ചതായി എപി റിപോര്‍ട്ട് ചെയ്തു. അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനെയും 14 വയസ്സുള്ള മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നകാര്യം വ്യക്തമായിട്ടില്ല.

      


    

    എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. സുരക്ഷാ പ്രോട്ടോക്കോളുകളെയും തീരുമാനങ്ങളെയും കുറിച്ച് പ്രതികരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് വക്താവ് ജഡ് ഡീറെ പറഞ്ഞു. ജനക്കൂട്ടത്തെ കണ്ട് ആശ്ചര്യപ്പെട്ട ട്രംപ് തന്റെ സുരക്ഷയില്‍ ട്രംപ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെയും വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നത് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. മെയ് 25ന് മിനിയപ്പലിസിലാണ് ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലിസ് കാല്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് ഫ്‌ളോയ്ഡ് പറയുമ്പോഴും പോലിസുകാരന്‍ വിടുന്നില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അമേരിക്കയിലാകെ ജനം തെരുവിലിറങ്ങിയത്. ദിവസങ്ങളായിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയിട്ടില്ല.


Tags:    

Similar News