ഈജിപ്തില്‍ ട്രെയിന്‍ ദുരന്തം; ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ മരിച്ചു, 66 പേര്‍ക്ക് പരിക്ക്
കൂട്ടിയിടിയെ തുടര്‍ന്ന് പാളം തെറ്റിയ ട്രെയിനുകളുടെ പടങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കെയ്‌റോ: ഈജിപ്ഷ്യന്‍ നഗരമായ സോഹാഗ് നഗരത്തിന് വടക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ കൊല്ലപ്പെടുകയും 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 36 ആംബുലന്‍സുകള്‍ ആരോഗ്യ അധികൃതര്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അപകടത്തില്‍പ്പെട്ടവരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോവുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂട്ടിയിടിയെ തുടര്‍ന്ന് പാളം തെറ്റിയ ട്രെയിനുകളുടെ പടങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
സോഹാഗ് നഗരത്തിന് സമീപം 'അജ്ഞാതര്‍' എമര്‍ജന്‍സി ബ്രേക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചതെന്ന് ഈജിപ്ഷ്യന്‍ റെയില്‍വേ അതോറിറ്റി അറിയിച്ചു. എമര്‍ജന്‍സി ബ്രേക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതോടെ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നില്‍ക്കുകയും പിന്നാലെയെത്തിയ ട്രെയിന്‍ നിര്‍ത്തിയിട്ട ട്രെയിനിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.വടക്കേ ആഫ്രിക്കയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ റെയില്‍വെ ശൃംഖലകളിലൊന്നാണ് ഈജിപ്തിന്റേത്. 2017ല്‍ രാജ്യത്തൊട്ടാകെ 1,793 ട്രെയിന്‍ അപകടങ്ങള്‍ നടന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
2018ല്‍, തെക്കന്‍ നഗരമായ അസ്വാന് സമീപം ഒരു പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി കുറഞ്ഞത് ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് രാജ്യത്തെ റെയില്‍വേ മേധാവിയെ അധികൃതര്‍ പുറത്താക്കിയിരുന്നു.