കര്‍ഷക പ്രക്ഷോഭം: സിംഘുവില്‍ രക്തസാക്ഷികള്‍ക്ക് സ്മാരകം ഒരുക്കും -ഭാരത് ബന്ദ് വിജയിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍

മാര്‍ച്ച് 26ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ആസൂത്രണ യോഗം തീരുമാനിച്ചു. സിംഘു അതിര്‍ത്തിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ പുരോഗമന, ബഹുജന സംഘടനകളും അസോസിയേഷന്‍ നേതാക്കളും പങ്കെടുത്തു.

Update: 2021-03-18 06:37 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സിംഘുവില്‍ രക്തസാക്ഷികള്‍ക്ക് സ്മാരകം ഒരുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു. സ്മാരകത്തിനുള്ള മണ്ണ് കര്‍ണാടകയില്‍ നിന്ന് ശേഖരിക്കും.

കര്‍ണാടകയില്‍ 400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര നടന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 23 ന് ബെല്ലാരിയില്‍ യാത്ര പൂര്‍ത്തിയാക്കുന്നതിനിടെ പദയാത്ര കടന്നുപോകുന്ന ഗ്രാമങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മണ്ണ് ഏപ്രില്‍ ആറിന് സിംഘു അതിര്‍ത്തിയിലേക്ക് എത്തിക്കും. ഈ മണ്ണ് കൊണ്ട് പ്രസ്ഥാനത്തിന്റെ രക്തസാക്ഷികള്‍ക്കായി സിംഘുവില്‍ ഒരു സ്മാരകം ഒരുക്കും.

മാര്‍ച്ച് 18 കര്‍ഷക പ്രക്ഷോഭങ്ങളുടെ 118ാം ദിനമാണ്. ഡല്‍ഹി പോലിസ് പ്രതിഷേധ സ്ഥലങ്ങള്‍ക്ക് ചുറ്റും കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.

സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി ഡല്‍ഹി പോലിസ് നടത്തുന്ന നിയമവിരുദ്ധവും യുക്തിരഹിതവുമായ പ്രവൃത്തിയെ സംയുക്ത് കിസാന്‍ മോര്‍ച്ച വക്താക്കള്‍ അപലപിച്ചു. പ്രദേശവാസികളുടെ ജീവിതം സുഗമമാക്കുന്നതിനും അവരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനുമായി ഗ്രാമീണ റോഡുകള്‍ ഉള്‍പ്പടെ അടച്ചുകെട്ടി സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകള്‍ പോലിസ് നീക്കം ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

26ലെ കര്‍ഷക ബന്ദ്

മാര്‍ച്ച് 26ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ആസൂത്രണ യോഗം തീരുമാനിച്ചു. സിംഘു അതിര്‍ത്തിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ പുരോഗമന, ബഹുജന സംഘടനകളും അസോസിയേഷന്‍ നേതാക്കളും പങ്കെടുത്തു.

സംഘടിതവും അസംഘടിതവുമായ മേഖലകളില്‍ നിന്നുള്ള ട്രേഡ് യൂണിയനുകള്‍, വ്യാപാരികള്‍, അര്‍ത്തിയ അസോസിയേഷനുകള്‍, കര്‍ഷക തൊഴിലാളി യൂനിയനുകള്‍, ട്രാന്‍സ്‌പോര്‍ട്ടര്‍ അസോസിയേഷനുകള്‍, അധ്യാപക സംഘടനകള്‍, യുവജന, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവയുള്‍പ്പെടെയുള്ള തൊഴിലാളി യൂനിയനുകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനകളും ബന്ദിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന ഗോതമ്പ് വിളവെടുപ്പും പ്രക്ഷോഭത്തിന്റെ ഭാഗമാക്കാന്‍ യോഗം തീരുമാനിച്ചു. വിളവെടുപ്പ് നടക്കുന്ന പാടങ്ങളില്‍ ആയിരക്കണക്കിന് കര്‍ഷകരെ അണിനിരത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഷഹീദ് യാദ്ഗാര്‍ കിസാന്‍ മസ്ദൂര്‍ പദയാത്ര

മാര്‍ച്ച് 18 നും 23 നും ഇടയില്‍ 'ഷഹീദ് യാദ്ഗാര്‍ കിസാന്‍ മസ്ദൂര്‍ പദയാത്ര' സംഘടിപ്പിക്കും. മാര്‍ച്ച് 23 ന് പദയാത്രക്ക് ശേഷം ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വം ആചരിക്കുന്ന ഷഹീദ് ദിവാസ് പരിപാടികളില്‍ ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രക്ഷോഭകരെ പങ്കെടുപ്പിക്കും. ഒരു പദയാത്ര മാര്‍ച്ച് 18 ന് ഹരിയാനയിലെ ഹിസാറിലെ ലാല്‍ സഡക് ഹന്‍സിയില്‍ നിന്ന് ആരംഭിച്ച് തിക്രി അതിര്‍ത്തിയിലെത്തും. രണ്ടാമത്തേത് ഖട്കര്‍ കലന്‍ ഗ്രാമത്തില്‍ നിന്ന് ആരംഭിച്ച് പാനിപട്ടിലൂടെ സിംഘു അതിര്‍ത്തിയിയില്‍ എത്തും. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്ന് ആരംഭിക്കുന്ന മൂന്നാമത്തെ പദയാത്ര പല്‍വാലില്‍ സംഗമിക്കും.

Tags:    

Similar News