ഹിജാബ് നിരോധനം: കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി
ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള നിബ നാസ് എന്ന വിദ്യാര്‍ഥിനിയാണ് അഭിഭാഷകന്‍ അനസ് തന്‍വീര്‍ മുഖേന വിധിയെ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നാണ് സര്‍ക്കാര്‍ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശരിവച്ചുള്ള കര്‍ണാടക ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയത്.
എന്നാല്‍, ഹിജാബ് ധരിക്കാനുള്ള അവകാശം 'ആവിഷ്‌കാരത്തിന്റെ' പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഇത് സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടെന്ന് ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയിലാണ് ഹിജാബ് ധരിക്കാനുള്ള അവകാശം വരുന്നതെന്ന വസ്തുത ശ്രദ്ധിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടെന്ന് ഹരജിയില്‍ വാദിക്കുന്നു. യൂനിഫോമുമായി ബന്ധപ്പെട്ട് 1983ലെ കര്‍ണാടക വിദ്യാഭ്യാസ നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത യൂനിഫോം ധരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.
'ആക്ടിന്റെ സ്‌കീം പരിശോധിച്ചാല്‍ അത് വിദ്യാര്‍ഥികളേക്കാള്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തുന്നു. പ്രസ്തുത നിയമത്തിലെ 3, 7 വകുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിന് വിദ്യാഭ്യാസം, പാഠ്യപദ്ധതി, പഠനമാധ്യമം എന്നിവയെ പരസ്പരം നിയന്ത്രിക്കാനുള്ള അധികാരം നല്‍കുന്നു. എന്നിരുന്നാലും ഈ വ്യവസ്ഥകളൊന്നും വിദ്യാര്‍ഥികള്‍ക്ക് ഒരു യൂനിഫോം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നില്ല. കോളജ് വികസന സമിതി രൂപീകരിക്കാന്‍ നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥയില്ല. സമിതി രൂപീകരിച്ചാല്‍ തന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂനിഫോം ധരിക്കുന്നതോ മറ്റേതെങ്കിലും കാര്യമോ നിയന്ത്രിക്കാന്‍ ഇത്തരമൊരു സമിതിക്ക് അധികാരമില്ലെന്നും ഹരജിയില്‍ വാദിക്കുന്നു.
കോളജ് കാംപസില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെ കോളജ് വികസന സമിതികള്‍ക്ക് ഫലപ്രദമായി അധികാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ചൊവ്വാഴ്ചയാണ് ശരിവച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ മതപരമായ ആചാരങ്ങളുടെ ഭാഗമല്ല, യൂനിഫോമിന്റെ ആവശ്യകത, ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്‍മേലുള്ള ന്യായമായ നിയന്ത്രണമാണ്. ഉത്തരവ് പാസാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്- തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹരജിക്കാരായ ഉഡുപ്പി ഗവ ഗേള്‍സ് പ്രീ യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം നടപടികള്‍ ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.