ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹരജിയില്‍ സുപ്രിംകോടതിയിലെ രണ്ട് ജഡ്ജിമാരും ഭിന്നവിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹരജികള്‍ തളളിയപ്പോള്‍ സുധാന്‍ഷു ധൂലിയ ഹരജികള്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. അതോടെ കേസ് വിശാലബെഞ്ചിലേക്ക് പോകും.
'ഹിജാബ് ഓരോരുത്തരുടെയും തീരുമാനത്തിന്റെ ഭാഗം മാത്രമല്ലാതെ മറ്റൊന്നുമല്ല. പ്രധാന കാര്യം പെണ്‍കുട്ടികളുടെ പഠനമാണ്. ഞാന്‍ എന്റെ സഹജഡ്ജിയുടെ വിധിയോട് ബഹുമാനപുരസ്സരം വിയോജിക്കുന്നു'-ജസ്റ്റിസ് ധൂലിയ പറഞ്ഞു.
ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ഹരജി തള്ളുന്നതിനു മുമ്പ് പരാതിക്കാര്‍ക്കുമുന്നില്‍ ജസ്റ്റിസ് ഗുപ്ത 11 ചോദ്യങ്ങള്‍ ഉന്നയിച്ചു. കര്‍ണാടക ഹൈക്കോടതിയുടെ വിധിയോട് യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി മാര്‍ച്ച് 15ന് വിസമ്മതിച്ചിരുന്നു.
ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹരജികളിലാണ് ഇന്ന് വിധി പറഞ്ഞത്.
കാംപസില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രീ യൂനിവേഴ്‌സിറ്റി കോളജുകളിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിവാദങ്ങള്‍ക്കിടയാക്കിയ വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ നിരവധി ഹരജികളാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.