സൗദിയില്‍ തൊഴില്‍ കരാര്‍ ആറു മാസത്തിനകം ഓണ്‍ലൈനാക്കണമെന്ന് തൊഴില്‍ മന്ത്രാലയം

വിദേശത്തു നിന്നും എത്തുന്നവരുടെ കരാറുകളും അനുബന്ധപ്രമാണ പരിശോധനയും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കണം

Update: 2021-11-17 16:27 GMT

റിയാദ്: സൗദിയില്‍ തൊഴിലാളികളും സ്ഥാപനവും തമ്മിലുള്ള കരാര്‍ കൈമാറുന്നത് ആറു മാസത്തിനകം ഓണ്‍ലൈനാക്കണമെന്ന് തൊഴില്‍ മന്ത്രാലയം. വിദേശത്തു നിന്നും എത്തുന്നവരുടെ കരാറുകളും അനുബന്ധപ്രമാണ പരിശോധനയും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കണം. തൊഴില്‍ തര്‍ക്കങ്ങള്‍ കുറക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയ പദ്ധതി. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നടപ്പാക്കുകയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം. തൊഴില്‍ കരാറുകള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യം പരിശോധിക്കുന്നത് മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ്. ആറു മാസത്തിനകം എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുമായുള്ള കരാര്‍ ഖിവ പോര്‍ട്ടലില്‍ അപ്പ്‌ലോഡ് ചെയ്യണം. ശമ്പളം, ലീവ്, ആനുകൂല്യങ്ങള്‍, കരാര്‍ കാലാവധി എന്നിവയും ഇരു കൂട്ടരുടേയും അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച രേഖയും കരാറില്‍ ഉള്‍പ്പെടുത്തണം. തൊഴില്‍ തര്‍ക്കങ്ങളില്‍ ഈ രേഖയാണ് മന്ത്രാലയം പരിഗണിക്കുക. അതിനാല്‍ കരാര്‍ അപ്പ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് ഇരു കൂട്ടരും ഇക്കാര്യം വായിച്ച് ഒപ്പു വെക്കണം. നിലവില്‍ സൗദിക്കകത്തുള്ള തൊഴിലാളികള്‍ക്കാണ് ഇത് ബാധകമാവുക. പുതുതായി തൊഴില്‍ വിസയില്‍ വരുന്നവരുമായി മുന്‍കൂട്ടി കരാര്‍ തയ്യാറാക്കണം. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തും. നഴ്‌സിങ് അടക്കമുള്ള മേഖലയിലുളള ചൂഷണം ഇതോടെ തടയാനാകുമെന്നാണ് പ്രതീക്ഷ. ഓണ്‍ലൈന്‍ സംവിധാനം വന്നാല്‍ വിദേശ തൊഴിലാളികള്‍ക്ക് അത് ഏറെ ഗുണം ചെയ്യും. കരാറില്‍ പറഞ്ഞ ശമ്പളം നല്‍കാന്‍ വൈകിപ്പിച്ചാലും നല്‍കാതിരുന്നാലും കൃത്യമായ രേഖയുണ്ടാകും. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സൗദി പൗരന്മാരുടെ കരാറുകള്‍ 'ഗോസി' വഴിയാണ് നിലവില്‍ ശേഖരിക്കുന്നത്. വിദേശികളുടേത് 'ഗോസി' വഴി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്കാണ് ബന്ധിപ്പിക്കുന്നത്. ഈ രേഖകള്‍ ഇനി മന്ത്രാലയത്തിന് 'ഖിവ' പോര്‍ട്ടല്‍ വഴി നേരിട്ട് പരിശോധിക്കാനാകും. സൗദിയില്‍ തൊഴില്‍ നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരാമാകുമെന്ന പ്രതിക്ഷയിലാണ് പ്രവാസികള്‍.

Tags:    

Similar News