കെ കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി; തുഷാര്‍ മൂന്നാം പ്രതി
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന, ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് മാരാരിക്കുളം പോലിസ് കേസെടുത്തത്. ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കെ എല്‍ അശോകന്‍ രണ്ടാം പ്രതിയും തുഷാര്‍ വെള്ളാപ്പള്ളി മൂന്നാം പ്രതിയുമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മഹേശന്റെ കുടുംബം നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ എല്‍ അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികള്‍ കെ കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യോഗത്തിന്റെ കണിച്ചുകുളങ്ങര ഓഫിസില്‍ മഹേശനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് മുമ്പ് മഹേശന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ നടേശന്‍, തുഷാര്‍, അശോകന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന മഹേശനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് ഇവരാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. കെ കെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്നും കുടുംബം പറയുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം.